മലകയറ്റത്തിനിടെ മരണം 26; അപ്പാച്ചിമേട്ടില്‍ സമ്പൂര്‍ണ ഹൃദയചികിത്സാസൗകര്യം അനിവാര്യം

Posted on: 24 Dec 2013

ശബരിമല: മലകയറ്റത്തിനിടെ മരിക്കുന്നവരുടെ എണ്ണം ഞായറാഴ്ച 26 ആയി. ശബരിമലയിലും പമ്പയിലും ഹൃദയചികിത്സയ്ക്ക് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമ്പോഴും മരണസംഖ്യ ഉയരുന്നത് പുതിയ അന്വേഷണങ്ങള്‍ക്ക് വഴിതുറക്കും. കൂടുതല്‍പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് മലകയറുമ്പോഴാണ്. അതുകൊണ്ടുതന്നെ ഏറ്റവും നല്ല സൗകര്യങ്ങള്‍ ഒരുക്കേണ്ടത് വഴിമധ്യത്തില്‍ തന്നെയാകണമെന്ന് തീര്‍ഥാടകര്‍ പറയുന്നു. നിലവില്‍ കയറ്റത്തിലുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ പരിമിത സൗകര്യങ്ങള്‍ മാത്രമാണുള്ളത്. അപ്പാച്ചിമേട്ടിലോ മറ്റോ വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളോടെ ചികിത്സാകേന്ദ്രം തുറന്നാല്‍ ജീവന്‍ രക്ഷിക്കാനാകും. ഇപ്പോള്‍ രോഗികളെ പ്രാഥമികചികിത്സ നല്‍കിയ ശേഷം പമ്പയ്‌ക്കോ സന്നിധാനത്തിനോ കൊണ്ടുപോവുകയാണ് ചെയ്യുന്നത്.
നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലാണ് കാര്‍ഡിയോളജി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ കാര്‍ഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്. രോഗി വന്നാല്‍ നില മെച്ചപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. ഇപ്പോള്‍ 108 മെഡിക്കല്‍ സര്‍വ്വീസും തുടങ്ങിയിട്ടുണ്ട്. മെഡിക്കല്‍ സഹായം വേണ്ടവര്‍ക്ക് ഈ നമ്പരില്‍ വിളിച്ചാല്‍ സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. പക്ഷേ, മിക്ക കേസുകളിലും രോഗി ഒറ്റയ്ക്കാണെന്നതാണ് ഇതിന്റെ കുറവ്. കൂടെയുള്ളവര്‍ മലകയറ്റത്തില്‍ ഒപ്പമില്ലെങ്കില്‍ വിളിക്കാനോ സഹായം തേടാനോ കഴിയില്ല. കഴിഞ്ഞദിവസം അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീണ് മരിച്ച തീര്‍ഥാടകന്റെ കൂടെയുള്ളവര്‍ വരാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. ആധാര്‍ കാര്‍ഡ് നോക്കിയാണ് രോഗിയെ തിരിച്ചറിഞ്ഞതെന്ന് അയ്യപ്പസേവാസംഘത്തിന്റെ സന്നദ്ധപ്രവര്‍ത്തകരുടെ ക്യാപ്റ്റന്‍ തഞ്ചാവൂര്‍ ദാമോദരന്‍ പറഞ്ഞു. മൈക്കില്‍ അനൗണ്‍സ് ചെയ്യിച്ചാണ് കൂടെയുള്ളവരെ ഏറെ നേരത്തിനുശേഷം എത്തിക്കാന്‍ കഴിഞ്ഞത്.
ഹൃദ്രോഗമരണങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്നതായി കഴിഞ്ഞദിവസം തീര്‍ഥാടന അവലോകനത്തിനെത്തിയ ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണും അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുകയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. സൗകര്യങ്ങള്‍ വേണ്ടവിധം ഒരുക്കിയിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടോയെന്ന് വിലയിരുത്താമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, രോഗമുള്ളവരും കയറ്റത്തിനിടെ ബുദ്ധിമുട്ട് തോന്നുന്നവരും വിശ്രമിക്കാനും വൈദ്യസഹായം തേടാനും സന്നദ്ധരാകണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.





zoomin
Virtual Tour

 

ga