ശബരിമല: നാളികേരത്തിന് നാട്ടിലെ വില 20-25. പക്ഷേ, ഇപ്പോഴും 10 രൂപയ്ക്ക് നാളികേരം കിട്ടുന്ന ഒരിടമുണ്ട്. ശബരിമല സന്നിധാനം. ഇവിടെ ഇപ്പോഴും നാളികേരം ഒന്നിന് 10 രൂപ മാത്രം. ദേവസ്വം ബോര്‍ഡുമായുള്ള കരാര്‍പ്രകാരം കരാറുകാരന് ഇവിടെ 10 രൂപയ്‌ക്കേ നാളികേരം വില്‍ക്കാന്‍ കഴിയൂ. ശബരിമലയില്‍ ആചാരപരമായി നാളികേരത്തിന് വളരെ പ്രാധാന്യമുണ്ട്. ഇരുമുടിക്കെട്ടില്‍ നാളികേരത്തില്‍ നെയ് നിറച്ചാണ് കൊണ്ടുവരുന്നത്. നെയ്യഭിഷേകത്തിനുശേഷം നാളികേരം ആഴിയില്‍ നിക്ഷേപിക്കുന്നതും പ്രധാനമാണ്. പടി കയറുമ്പോഴും ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴും നാളികേരം ഉടയ്ക്കുകയും വേണം. മാളികപ്പുറം ക്ഷേത്രത്തില്‍ നാളികേരം ഉരുട്ടലും വഴിപാടാണ്.
മാളികപ്പുറത്ത് ഉരുട്ടിയ ശേഷം നിക്ഷേപിക്കുന്ന വഴിപാടുശിഷ്ടം നാളികേരമാണ് പിന്നീട് കരാറുകാരന്‍ വില്പനയ്ക്ക് വയ്ക്കുന്നത്. 8 രൂപയ്ക്കാണ് ഇത് എടുത്തിട്ടുള്ളത്. സന്നിധാനത്ത് മൂന്നിടത്ത് നാളികേരം വില്പനയ്ക്കുണ്ട്. പൊതുവിപണിയില്‍ നാളികേരത്തിന്റെ വില ഉയര്‍ന്നതോടെ ഇക്കുറി നാളികേരം കരാര്‍ കൂടുതല്‍ ലാഭകരമാണ്. നാളികേരം ഒന്നിന് ഇപ്പോള്‍ 20-25 രൂപ വരെയുണ്ട്. വെട്ടിത്തൂക്കത്തിന് കിലോയ്ക്ക് 40 രൂപ വരെയും നാട്ടില്‍ ഈടാക്കുന്നു. വെളിച്ചെണ്ണവിലയും വര്‍ധിച്ച സാഹചര്യത്തില്‍ കരാര്‍ ലാഭകരമാകും. സന്നിധാനത്തുനിന്ന് നാളികേരം എടുക്കാനും കൊപ്രയാക്കാനും 453 തൊഴിലാളികളാണ് 24 മണിക്കൂറും ജോലിചെയ്യുന്നത്. മൂന്ന് ഷിഫ്റ്റുകളിലായാണ് ഇവരുടെ പ്രവര്‍ത്തനം. പൊട്ടിയ നാളികേരം കൊപ്രയാക്കാനുള്ള വിപുലമായ പ്രവൃത്തികളാണ് ഗസ്റ്റ്ഹൗസിന് സമീപമുള്ള കളത്തില്‍ നടക്കുന്നത്.
പൊട്ടിയ നാളികേരം ഉണക്കാനുള്ള ചേരും ഡ്രയറും ഉള്‍പ്പെടെ സന്നിധാനത്തെ വിപുലമായ ഒരു ഫാക്ടറിസംവിധാനംതന്നെയാണ് നാളികേരക്കളം. ദിവസം 200 ചാക്ക് വരെ നാളികേരമാണ് വരുന്നത്. തിരക്കേറിയ ദിനങ്ങളില്‍ ഇത് കൂടും. രാവിലെ 3 മുതല്‍ 8 വരെയാണ് ഏറ്റവും കൂടുതല്‍ നാളികേരം ശേഖരിക്കപ്പെടുന്നത്. മോശം കൊപ്രയിലെ വെളിച്ചെണ്ണ സോപ്പിനും അല്ലാത്തത് പാചകത്തിനുമാണ് കൊണ്ടുപോവുക.
അതിനിടെ, അയ്യപ്പന്മാരില്‍നിന്ന് നാളികേരം കബളിപ്പിച്ച് തട്ടിയെടുക്കുന്നുവെന്ന പരാതികളും ഉയര്‍ന്നിരുന്നു. ആഴിയില്‍ ഇടേണ്ട നാളികേരം കരാറുകാരന്റെ തൊഴിലാളികള്‍ ചെന്ന് തങ്ങള്‍ ഇട്ടോളാം എന്ന് വാഗ്ദാനംനല്‍കി കൊണ്ടുപോകുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദേവസ്വം കരാറുകാരനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഭക്തര്‍ ഉപേക്ഷിച്ചുപോകുന്ന നാളികേരം മാത്രമേ തങ്ങള്‍ എടുക്കുന്നുള്ളൂ എന്നായിരുന്നു കരാറുകാരന്റെ വിശദീകരണം.