തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ ബജറ്റ് കേരളത്തെ അങ്ങേയറ്റം നിരാശപ്പെടുത്തിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
സ്വകാര്യവത്കരണ നയത്തില്‍ ഊന്നി നില്‍ക്കുന്ന ബജറ്റ് പൊതുനിക്ഷേപത്തെ ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പുതിയ പദ്ധതികളുടെ 50 ശതമാനം ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന നിലപാടും കേരളത്തിന് തിരിച്ചടിയാണ്. ചരക്ക് കൂലിയില്‍ ഉണ്ടാകുന്ന വര്‍ദ്ധന വിലക്കയറ്റം രൂക്ഷമാക്കും. റെയില്‍വേ സോണ്‍ എന്ന കേരളത്തിന്റെ ചിരകാല ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
കേരളത്തിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള നടപടിയും ഉണ്ടായിട്ടില്ല. ചേര്‍ത്തല വാഗണ്‍ ഫാക്ടറി, റെയില്‍വേ മെഡിക്കല്‍ കോളേജ്, നേമത്തെ കോച്ചിങ് ഡിപ്പോ ഇവയൊന്നും പരിഗണിച്ചിട്ടുപോലുമില്ല. പാലക്കാട് കോച്ച് ഫാക്ടറിക്കാകട്ടെ കേവലം 5 ലക്ഷം രൂപയാണ് നീക്കിവെച്ചത്. 144 കോടി സ്വകാര്യമേഖലയില്‍നിന്ന് ഉണ്ടാക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഇതിലുള്ളത്.
കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യവികസനത്തിന് തികഞ്ഞ അവഗണനയാണ്. 450 കോടി ആവശ്യമുള്ള കായംകുളം- എറണാകുളം പാതവികസനത്തിന് 153 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കേരളത്തോട് കാണിച്ച അവഗണനക്കെതിരെ പ്രതിഷേധം ഉയരണമെന്നും കോടിയേരി പറഞ്ഞു.