ന്യൂഡല്‍ഹി: റെയില്‍വേയുടെ പരിമിതികളും പോരായ്മകളും അക്കമിട്ട് നിരത്തി അത് മറികടക്കാനുള്ള ദര്‍ശനരേഖയാണ് കന്നി ബജറ്റില്‍ മന്ത്രി സുരേഷ് പ്രഭു വ്യാഴാഴ്ച അവതരിപ്പിച്ചതെന്ന് പറയാം.
റെയില്‍വേയെ അടിമുടി മാറ്റാനുള്ള നാല് ലക്ഷ്യങ്ങള്‍ മന്ത്രി പ്രഖ്യാപിക്കുന്നു. പരമാവധി ഉപഭോക്തൃ സംതൃപ്തി, സുരക്ഷ, അടിസ്ഥാന വികസനം, സാമ്പത്തിക സ്വയംപര്യാപ്തത. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അഞ്ച് പ്രവര്‍ത്തന തന്ത്രങ്ങളും മന്ത്രി ആവിഷ്‌കരിച്ചിട്ടുണ്ട്.
ഹ്രസ്വകാല പദ്ധതികള്‍ക്ക് പകരം അഞ്ച് വര്‍ഷം മുന്നില്‍ക്കണ്ടുള്ള ഇടക്കാല പദ്ധതികളുടെ പ്രഖ്യാപനം, സംസ്ഥാന സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങിയവയുടെ പങ്കാളിത്തം എന്നിവയാണ് ആദ്യ രണ്ടെണ്ണം. അധികവിഭവങ്ങളുടെ പരമാവധി ഉപയോഗം, മാനേജ്‌മെന്റ് സംവിധാനങ്ങളുടെയും മനുഷ്യ വിഭവത്തിന്റെയും നവീകരണം, ഭരണത്തിനും സുതാര്യതയ്ക്കും മാനദണ്ഡം നിശ്ചയിക്കല്‍ എന്നിവയും ഉള്‍പ്പെടുന്നു. സമഗ്രമാറ്റത്തിന് പ്രത്യേക പരിഗണന നല്‍കേണ്ട 11 മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ ശരാശരിയിലും താഴെയായ തീവണ്ടിയാത്രാനിലവാരമുയര്‍ത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ബജറ്റില്‍ വ്യക്തമാക്കുന്നു. വേഗം ടിക്കറ്റ് ലഭിക്കാനുള്ള സൗകര്യം, ഗുണമേന്മയുള്ള ഭക്ഷണം, വൈ-ഫൈ അടക്കമുള്ള സംവിധാനങ്ങള്‍, സ്റ്റേഷനുകളില്‍ ലിഫ്റ്റുകള്‍, യന്ത്രപ്പടി തുടങ്ങിയവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
സ്റ്റേഷന്‍ പരിഷ്‌കരണത്തിനാണ് അടുത്ത ഊന്നല്‍. സ്വകാര്യപങ്കാളിത്തത്തോടെ സ്റ്റേഷനുകളുടെ വികസനം ബജറ്റ് ലക്ഷ്യമിടുന്നു. റെയില്‍വേ ഭൂമി ഇതിനായി ഉപയോഗിക്കും.
പാതകളുടെ ശേഷി വര്‍ധിപ്പിക്കുകയാണ് മറ്റൊന്ന്. 7,000 കിലോമീറ്റര്‍ നീളത്തില്‍ പാത ഇരട്ടിപ്പക്കല്‍, മൂന്ന്-നാലു വരിയാക്കല്‍ തുടങ്ങിയവയ്ക്കുള്ള അതിവേഗ അനുമതി, കൂടാതെ 1,200 കിലോമീറ്റര്‍ പുതിയ ലൈന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചരക്ക് കൈമാറ്റശേഷി ഉയര്‍ത്തല്‍, വണ്ടികളുടെ വേഗം കൂട്ടല്‍, ബുള്ളറ്റ് ട്രെയിന്‍ തുടങ്ങിയവയും ബജറ്റില്‍ നിര്‍ദേശിക്കുന്നു.
രാജ്യത്ത് തീവണ്ടി അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിന് പരിഹാരം കാണാനുള്ള പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. പാളംതെറ്റല്‍, കൂട്ടിയിടി ഇവ ഒഴിവാക്കാനും റെയില്‍വേ നവീകരണത്തിനും ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും. വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ടെക്‌നോളജി മിഷന്‍ തുടങ്ങും. ഗവേഷണത്തിന് പ്രത്യേക ഉന്നല്‍ നല്‍കും.
പങ്കാളിത്തവികസനമാണ് മറ്റൊന്ന്. തുറമുഖങ്ങള്‍, ഖനികള്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭത്തോടെ ലൈനുകള്‍ സ്ഥാപിക്കും. അവികസിത മേഖലകളെക്കൂടി റെയില്‍വേ ശൃംഖലയുടെ പരിധിയില്‍പ്പെടുത്തും.
മൂലധന സമാഹരണമാണ് പരിഗണനാ മേഖലയിലെ മറ്റൊരിനം. ഇതിനായി പ്രത്യേക സാമ്പത്തികവിഭാഗം തുറക്കും. ഫണ്ട് കണ്ടെത്തുന്നതിനായി ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പങ്കാളിത്ത സംരംഭങ്ങളും തുടങ്ങും. റയില്‍വേ ഭൂമി കൈയേറുന്നത് തടയാന്‍ ഡിജിറ്റലൈസ്ഡ് മാപ്പിങ്, തീരദേശ ലൈനുകള്‍, 2,500 കോടിയുടെ ബി.ഒ.ടി. പദ്ധതിയെല്ലാം ഇതിന് കീഴില്‍ വരും.
ഊര്‍ജ സുസ്ഥിരത ലക്ഷ്യമിട്ട് റയില്‍വേയില്‍ പരിസ്ഥിതി ഡയറക്ടറേറ്റ് രൂപവത്കരിക്കും. ഇതിലൂടെ അടുത്ത ഏതാനും വര്‍ഷംകൊണ്ട് 3,000 കോടി ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. സോളാര്‍മിഷന്റെ ഭാഗമായി 1,000 മെഗാവാട്ട് സൗരോര്‍ജപദ്ധതി നടപ്പാക്കും. റെയില്‍വേ-സ്വകാര്യകെട്ടിടങ്ങള്‍ ഇതിനായി ഉപയോഗിക്കും. ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിന് ഓഡിറ്റ് ഏര്‍പ്പെടുത്തും.
ഡെമു ട്രെയിനുകളെ സി.എന്‍.ജി, ഡീസല്‍ എന്നിവ ഉപയോഗിക്കാവുന്ന വിധത്തില്‍ പരിഷ്‌കരിക്കും. എല്‍.എന്‍.ജി. ഉപയോഗിക്കാവുന്ന വണ്ടികള്‍ നിര്‍മാണഘട്ടത്തിലാണ്. ശബ്ദമലിനീകരണം പരമാവധി ഒഴിവാക്കുന്ന അന്താരാഷ്ട്ര നിലവാരമാണ് ലക്ഷ്യമെന്നും മന്ത്രി പ്രഖ്യാപിക്കുന്നു.
അഴിമതിക്കുള്ള പഴുതുകള്‍ അടച്ചുള്ള സുതാര്യഭരണമാണ് ബജറ്റില്‍ ഊന്നല്‍ കൊടുക്കുന്ന അവസാന പരിഗണനാവിഷയം.