വികസനവേഗം, ചരക്കുകൂലി കൂടും, യാത്രക്കൂലിക്കു മാറ്റമില്ല

എം.കെ. അജിത്കുമാര്‍ Posted on: 27 Feb 2015

യാത്രക്കൂലിക്കു മാറ്റമില്ല; ചരക്കുകൂലി കൂടും
പുതിയ വണ്ടികളോ പാതകളോ ഇല്ല

കേരളത്തിന് ഇത്രമാത്രം

പാത ഇരട്ടിപ്പിക്കലിന് 403 കോടി
കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 10 ലക്ഷം മാത്രം (വേണ്ടത് 514 കോടി രൂപ)
പാത നവീകരണത്തിന് 51.7 കോടി
18കൊല്ലം റെയില്‍വേ സ്‌റ്റേഷന് രണ്ടാം ടെര്‍മിനലിന് അനുമതി; 7.85 കോടി രൂപയുടെ പദ്ധതി നൂറോളം മേല്‍പ്പാലങ്ങള്‍ക്കും അടിപ്പാതകള്‍ക്കും പണം വകയിരുത്തി


ന്യൂഡല്‍ഹി: തീവണ്ടിയാത്രാനിരക്കില്‍ മാറ്റമില്ല. എന്നാല്‍, പുതിയ റെയില്‍ബജറ്റില്‍ ഉപ്പൊഴികെ മിക്കവാറും എല്ലാ സാമഗ്രികളുടെയും കടത്തുകൂലി കൂട്ടി. പുതിയ വണ്ടികളോ പാതകളോ സര്‍വേകളോ ഇല്ല. ദീര്‍ഘകാലവികസനവും സമഗ്രപരിഷ്‌കരണവുമാണു ലക്ഷ്യമിടുന്നതെന്ന് വ്യാഴാഴ്ച ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

അടുത്ത അഞ്ചുകൊല്ലത്തേക്കുള്ള റെയില്‍വേ വികസനത്തിന് അടിത്തറയിട്ട് 8,56,020 കോടി രൂപയുടെ നിക്ഷേപപദ്ധതികളാണ് വിവിധ മേഖലകളിലായി പ്രഖ്യാപിച്ചത്. നരേന്ദ്രമോദിസര്‍ക്കാറിന്റെ മുഖ്യപദ്ധതികളായ ശുചിത്വഭാരതം, മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നിവയ്ക്കനുസൃതമായ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചു.

റെയില്‍വേ ശൃംഖലയുടെ വികസനം, യാത്രക്കാരുടെ സുരക്ഷ, കൂടുതല്‍ സൗകര്യങ്ങള്‍, സാങ്കേതികവിദ്യയിലൂന്നിയുള്ള നടപടികള്‍, വിഭവസമാഹരണം, സ്വകാര്യപങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ നൂതനവഴികള്‍ തേടിയിട്ടുമുണ്ട്.

സംസ്ഥാനസര്‍ക്കാറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റു സംഘടനകള്‍, സ്വകാര്യമേഖല തുടങ്ങിയവയെ പങ്കാളികളാക്കി ദീര്‍ഘകാല വിഭവസമാഹരണത്തിനും വികസനത്തിനും ബജറ്റില്‍ നിര്‍ദേശമുണ്ട്. ബജറ്റ് ഭാവിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. എന്നാല്‍, ഒരു കാഴ്ചപ്പാടുമില്ലാത്തതാണു ബജറ്റെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ചരക്കുകൂലി

*ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, യൂറിയ എന്നിവയുടെ കടത്തുകൂലി ടണ്ണിന് 10 ശതമാനം കൂട്ടി. സിമന്റ്, ഉരുക്ക്, കല്‍ക്കരി, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയവയുടെ ചരക്കുകൂലിയും കൂടും. 1500 കി.മീ. ദൂരത്തിനപ്പുറമുള്ള ചരക്കുകടത്തിന്റെ സ്ലാബില്‍ മാറ്റംവരുത്തി. ഇതുവരെ ഓരോ 250 കിലോമീറ്ററിനും വ്യത്യസ്തനിരക്കെന്നത് ഇനിമുതല്‍ ഓരോ 125 കിലോമീറ്ററിനുമാക്കി. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.



മറ്റു നിര്‍ദേശങ്ങള്‍


*ശുചിത്വത്തിനു മാത്രമായി റെയില്‍വേയില്‍ പ്രത്യേക വകുപ്പ്.
*200 സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളായി വികസിപ്പിക്കും.
*ചിലവണ്ടികളില്‍ കോച്ചുകളുടെ എണ്ണം 26 ആക്കും.
*സ്റ്റേഷനുകള്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കും. അതിനായി ലേലംനടത്തും.
*പ്രധാന നഗരങ്ങളില്‍ 10 സാറ്റലൈറ്റ് റെയില്‍വേ ടെര്‍മിനലുകള്‍ നിര്‍മിക്കും.
*9 റെയില്‍ ഇടനാഴികളില്‍ യാത്രാവണ്ടികളുടെ വേഗം മണിക്കൂറില്‍ 160 കി.മീ. മുതല്‍ 200 കി.മീ. വരെയാക്കും. ചരക്കുവണ്ടികളുടെയും വേഗംകൂട്ടും.
*അപകടമുണ്ടാവുന്ന മേഖലയ്ക്കുവേണ്ടി പ്രത്യേക കര്‍മപദ്ധതി. ഇക്കൊല്ലം ജൂണോടെ അഞ്ചുവര്‍ഷത്തെ കോര്‍പ്പറേറ്റ് സുരക്ഷാപദ്ധതി.
*പുതുതായി 970 മേല്‍പ്പാലങ്ങളും അടിപ്പാതകളും.
*ഇക്കൊല്ലം 800 കി.മീ. ഗേജ് മാറ്റം.
*റെയില്‍വേ ശൃംഖലയിലെ തിരക്കു കുറയ്ക്കും. ഇക്കൊല്ലം 1200 കി.മീ. ലൈന്‍ പൂര്‍ത്തിയാക്കും.
*9400 കിലോമീറ്ററിന്റെ പാതയിരട്ടിപ്പിക്കല്‍, മൂന്നുവരി, നാലുവരി പാതയാക്കല്‍. മൊത്തം 77 പദ്ധതികള്‍.
*സ്വകാര്യ ചരക്കു ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട നയത്തില്‍ മാറ്റം.
*നവീനാശയങ്ങള്‍ക്കും എന്‍ജിനീയറിങ് സാങ്കേതികവിദ്യകള്‍ക്കുംവേണ്ടി പ്രത്യേക സമിതി -'കായകല്പ്'.
*പൊതു-സ്വകാര്യ പങ്കാളിത്തപദ്ധതികള്‍ ഫലപ്രദമാക്കാന്‍ പ്രത്യേക വിഭാഗം.
*പ്രത്യേക അടിസ്ഥാനസംവിധാനനിധി.
*തിരഞ്ഞെടുത്ത ചില വണ്ടികളിലെ ഏതാനും കോച്ചുകള്‍ ട്രാവല്‍ ഏജന്‍സികള്‍ക്കു കൈമാറി ലാഭം പങ്കുവെയ്ക്കും. ടൂറിസ്റ്റ് മേഖലകളിലേക്കുള്ള യാത്രയ്ക്കാണിത്.
*ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഗാന്ധി സര്‍ക്യൂട്ട്.
*കൃഷിക്കാര്‍ക്ക് പ്രത്യേക യാത്രാപദ്ധതി-കിസാന്‍ യാത്ര.
*റെയില്‍വേഭൂമിയുടെ മാപ്പിങ്ങിനും കൈയേറ്റം തടയാനും നടപടി.
*ജനങ്ങളുമായിടപഴകേണ്ടിവരുന്ന ജീവനക്കാര്‍ക്ക് പരിശീലനവും യോഗ ക്ലാസും.



 

ga