യാത്രചെയ്യാം; ഇന്ത്യയെ അറിയാം

പ്രവീണ്‍ കൃഷ്ണന്‍ Posted on: 27 Feb 2015


ന്യൂഡല്‍ഹി: രാജ്യത്തെ വിനോദ സഞ്ചാരവികസനത്തില്‍ റെയില്‍വേയും പങ്കുചേരും. ഇതിനായി ചില പദ്ധതികള്‍ റെയില്‍വേമന്ത്രി സുരേഷ് പ്രഭു ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

'ഇന്‍ക്രെഡിബിള്‍ റെയില്‍ ഫോര്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യ' എന്ന പേരിലാണ് റെയില്‍വേ ഈ ഉദ്യമത്തില്‍ പങ്കാളിയാകുന്നത്. 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' എന്നതാണ് ഇന്ത്യയിലെ വിനോദസഞ്ചാരത്തിന് നല്‍കിയ മുദ്രാവാക്യം.

ടാക്‌സി, ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ വിനോദസഞ്ചാര ഗൈഡുകളാക്കി കൊങ്കണ്‍ റെയില്‍വേയില്‍ പരീക്ഷിച്ചുവിജയിച്ച പദ്ധതി മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. തീവണ്ടികളിലെത്തുന്ന യാത്രക്കാരുമായി ആദ്യം ബന്ധപ്പെടുന്നത് ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാരായതിനാലാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ചില തീവണ്ടികളിലെ ഏതാനും കോച്ചുകള്‍ ട്രാവല്‍ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചുവരികയാണ്. വരുമാനം പങ്കുെവക്കുന്ന മാതൃകയിലാകുമിത്.

മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം വിനോദസഞ്ചാരികളെ ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി ഐ.ആര്‍.സി.ടി.സി പദ്ധതികളാവിഷ്‌കരിക്കും. നൂതന കാര്‍ഷിക, വിപണന മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കുന്നതിന് കര്‍ഷകരെ സഹായിക്കാന്‍ ' കിസാന്‍യാത്ര' എന്ന പേരില്‍ പ്രത്യേക യാത്രാപദ്ധതിക്കും ഐ.ആര്‍.സി.ടി.സി തുടക്കമിടും.



 

ga