റെയില്‍വേ വികസനത്തില്‍ ഒരിക്കല്‍ക്കൂടി തഴയപ്പെട്ടതിന്റെ നിരാശയിലും പ്രതിഷേധത്തിലുമാണു കേരളം. ഇക്കാര്യത്തില്‍ ദശകങ്ങളായി അവഗണനപേറുന്ന കേരളത്തോട് മോദിസര്‍ക്കാറും കരുണകാട്ടിയില്ല. റെയില്‍വേ വികസനത്തിന് വര്‍ഷങ്ങളായി കേരളമാവശ്യപ്പെടുന്ന നിര്‍ണായകമായ ചില പദ്ധതികളുണ്ട്. അവയൊന്നും യാഥാര്‍ഥ്യമാക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ പിന്തുണ ഇത്തവണയും കിട്ടിയില്ല.
പുതിയ വണ്ടികളും പാതകളും പ്രഖ്യാപിക്കുന്ന സാമ്പ്രദായികബജറ്റല്ല സുരേഷ് പ്രഭു അവതരിപ്പിച്ചത്. കാര്യക്ഷമതയും യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും കൂട്ടുന്ന സൗന്ദര്യചികിത്സയിലൂടെ റെയില്‍വേയുടെ മുഖംമിനുക്കി സ്വകാര്യമേഖലയെ ആകര്‍ഷിക്കുകയെന്നതാണ് ബജറ്റിന്റെ സമീപനം. സൗകര്യങ്ങളും സുരക്ഷയും യാത്രാവേഗവും ശുചിത്വവും കൂടുന്നതോടെ റെയില്‍വേ ആധുനികമാവുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഇതോടൊപ്പം കേരളത്തിനുവേണ്ടത് റെയില്‍വേരംഗത്തെ അടിസ്ഥാനവികസനമാണ്. ഈരംഗത്ത് ഇത്തവണയും പ്രതീക്ഷിച്ച പരിഗണന കിട്ടിയില്ല.
പാതയിരിട്ടിപ്പിക്കലിന് 403 കോടിയോളം രൂപ ലഭിച്ചതാണ് കേരളത്തിനുള്ള ആശ്വാസം. എന്നാല്‍, വൈദ്യുതീകരണത്തിനും സിഗ്‌നലിങ്ങിനുമാവശ്യമായ തുക വകയിരുത്തിയിട്ടില്ല. വര്‍ഷങ്ങളായി കേരളം പ്രതീക്ഷിക്കുന്ന അങ്കമാലിശബരി പാതയ്ക്ക് വെറും അഞ്ചുകോടിയാണുള്ളത്. കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും കേരളം ഉപക്ഷിക്കേണ്ട സ്ഥിതിയിലാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വെറും 10 ലക്ഷമാണനുവദിച്ചിരിക്കുന്നത്. സ്വകാര്യപങ്കാളിത്തംവഴി ഇതിന് 144കോടിരൂപ കണ്ടെത്തണം.
സ്വകാര്യപങ്കാളിത്തം ഇതിലുള്‍പ്പെടുത്തിയതാണ് പദ്ധതി ഇനിയും നടപ്പാകാത്തതിനുകാരണം. ചെലവുപങ്കിടാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാവുകയും വിശദമായ പദ്ധതിറിപ്പോര്‍ട്ട് നല്‍കുകയുംചെയ്ത നിലമ്പൂര്‍നഞ്ചന്‍കോട് പാതയ്ക്കും സബര്‍ബന്‍ ട്രെയിനിനും പരിഗണനകിട്ടാത്തതു കഷ്ടമാണ്. ഇത്തവണ യാത്രക്കൂലി കൂട്ടുന്നില്ലെന്നു പറയുമ്പോഴും ഇടക്കാലബജറ്റില്‍ 14ശതമാനത്തോളം കൂട്ടിയതോര്‍ക്കണം. ചരക്കുകൂലിവര്‍ധന ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റത്തിനിടയാക്കും.
ഏറെ പ്രതീക്ഷിച്ച ബജറ്റ് നിരാശപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. കേരളത്തോടുള്ള ശത്രുതാമനോഭാവമാണ് ഈ ബജറ്റില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ കാണുന്നത്. കേരളത്തിനുകിട്ടിയ ഈ പരിഗണനയില്‍ ഒരു രാഷ്ട്രീയകക്ഷിക്കും സംതൃപ്തിയുണ്ടാവുമെന്നു തോന്നുന്നില്ല. റെയില്‍വേയുടെ മുന്‍ഗണന മാറുന്നതിനാല്‍ സംസ്ഥാനത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ശ്രദ്ധകിട്ടില്ല. എന്നാല്‍, സബര്‍ബന്‍ ട്രെയിന്‍പോലെ കേരളത്തിന് ഏറ്റവുമാവശ്യമുള്ള ഒന്നുരണ്ടു പദ്ധതികളെങ്കിലും നേടിയെടുക്കാന്‍ സംസ്ഥാനത്തെ ഭരണമുന്നണിയും പ്രതിപക്ഷവും ഒത്തുചേര്‍ന്ന് ശ്രമിക്കണം.
അതോടൊപ്പം നിയമസഭയില്‍ പ്രാതിനിധ്യമില്ലെങ്കിലും കേന്ദ്രഭരണത്തിനു നേതൃത്വംനല്‍കുന്ന ബി.ജെ.പി. പാര്‍ലമെന്റിനുപുറത്തും സമ്മര്‍ദംചെലുത്തണം. കേരളത്തിന്റെ അടിസ്ഥാനസൗകര്യപുരോഗതിക്ക് റെയില്‍വേ വികസനം അനിവാര്യമാണെന്നോര്‍ക്കണം. സ്വകാര്യവത്കരണം ലക്ഷ്യമിട്ട് പുതിയ ദിശയിലേക്കു റെയില്‍വേ മാറുമ്പോള്‍ ദരിദ്രമായ സൗകര്യങ്ങളുള്ള കേരളത്തിന്റെ ഈ രംഗത്തെ ഭാവിയെന്താവുമെന്നത് ചര്‍ച്ചചെയ്യപ്പെടണം.