ഇനി റെയില്‍വേയും സ്മാര്‍ട്ട്

Posted on: 27 Feb 2015


ന്യൂഡല്‍ഹി: വിവരസാങ്കേതികവിദ്യയുടെ കുതിപ്പിനൊപ്പം സഞ്ചരിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേയും.

ടിക്കറ്റെടുക്കല്‍ മുതല്‍ യാത്രയിലുടനീളം വിവരസാങ്കേതികവിദ്യ കൂട്ടിനുണ്ടാവും. റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ അഞ്ചുമിനിറ്റില്‍ ലഭ്യമാക്കാന്‍ 'ഓപ്പറേഷന്‍ ഫൈവ് മിനിറ്റ്സ്' അടക്കം വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഹോട്ട് ബട്ടണ്‍, കോയിന്‍ വെന്‍ഡിങ് മെഷീന്‍, സിംഗിള്‍ ഡെസ്റ്റിനേഷന്‍ ടെല്ലര്‍ എന്നിവയുപയോഗിച്ചാണ് അഞ്ച് മിനിറ്റില്‍ ടിക്കറ്റ് ലഭ്യമാക്കുക. ഇതുവഴി, റിസര്‍വേഷനില്ലാത്ത കോച്ചുകളില്‍ യാത്രയ്ക്കിടയില്‍ ടിക്കറ്റെടുക്കാനാവും.

യാത്രക്കാരുടെ പരാതി പരിഹരിക്കാന്‍ '138' നമ്പറിലുള്ള മുഴുവന്‍സമയ ഹെല്‍പ്പ്ലൈനും സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്കായി '182' നമ്പറില്‍ ടോള്‍ഫ്രീ സംവിധാനവും ഏര്‍പ്പെടുത്തും. സ്മാര്‍ട്ട്ഫോണ്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പരാതിപരിഹാരത്തിന് മൊബൈല്‍ ആപ്ലിക്കേഷനും വികസിപ്പിക്കും. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഞായറാഴ്ചതന്നെ ആരംഭിക്കും.

റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നെടുത്ത ടിക്കറ്റുകള്‍ക്കും എസ്.എം.എസ്. സന്ദേശം ആധികാരിക യാത്രാരേഖയാക്കി മാറ്റും. ഇ-ടിക്കറ്റിനായി ബഹുഭാഷാപോര്‍ട്ടലും തുടങ്ങുന്നുണ്ട്. റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ സ്മാര്‍ട്ട്ഫോണ്‍ വഴി ലഭ്യമാക്കുന്ന പദ്ധതി എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ഐ.ആര്‍.സി.ടി.സി. വെബ്സൈറ്റിലൂടെ ടിക്കറ്റിനൊപ്പം ഇനി ഭക്ഷണവും ബുക്കുചെയ്യാനാവും. ജനവരിയില്‍ 108 വണ്ടികളില്‍ തുടങ്ങിയ ഇ-കാറ്ററിങ് കൂടുതല്‍ വണ്ടികളിലേക്ക് വ്യാപിപ്പിക്കും.

ടി.ടി.ഇ.മാര്‍ക്ക് ടിക്കറ്റ് പരിശോധനയ്ക്കായി കൈയില്‍ കൊണ്ടുനടക്കാവുന്ന യന്ത്രോപകരണങ്ങള്‍ നല്‍കും. വണ്ടിവരുന്ന സമയവും പുറപ്പെടുന്നതുമൊക്കെ യാത്രക്കാര്‍ക്ക് സമയാസമയം എസ്.എം.എസ്സിലൂടെ അറിയാനാവും. വണ്ടിയുടെ വരവിനെക്കുറിച്ച് 15-30 മിനിറ്റുമുമ്പേ യാത്രക്കാരന് എസ്.എം.എസ്സിലൂടെ അറിയിപ്പ് നല്‍കും. ബഹുവിധസേവനങ്ങള്‍ ലഭ്യമാക്കാന്‍ സംയോജിത ഉപഭോക്തൃപോര്‍ട്ടലും സജ്ജമാക്കുന്നുണ്ട്. രണ്ടായിരത്തിലേറെ സ്റ്റേഷനുകളില്‍ തീവണ്ടിയാത്രാ വിവരങ്ങള്‍ ഡിജിറ്റല്‍ ദൃശ്യരൂപത്തില്‍ നല്‍കുന്ന കേന്ദ്രീകൃതസംവിധാനം ആവിഷ്‌കരിക്കും. വനിതാസുരക്ഷയ്ക്കും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. തിരഞ്ഞെടുക്കപ്പെട്ട കോച്ചുകളിലും വനിതാ കമ്പാര്‍ട്ട്മെന്റുകളിലും സ്ത്രീകളുടെ സുരക്ഷയ്ക്കായി നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കും. സാധാരണ കമ്പാര്‍ട്ട്മെന്റുകളിലും മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കും. സ്ലീപ്പര്‍ ക്ലാസ്സുകളില്‍ ഇപ്പോഴുള്ള സൗകര്യം കൂട്ടും.

ഡിജിറ്റല്‍ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ബി വിഭാഗം സ്റ്റേഷനുകളിലും വൈ-ഫൈ ലഭ്യമാക്കും. മുതിര്‍ന്നപൗരന്മാര്‍, വികലാംഗര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് ഓണ്‍ലൈന്‍വഴി വീല്‍ചെയര്‍ ബുക്കുചെയ്യാനും സ്റ്റേഷനുകളില്‍ സൗകര്യമുണ്ടാക്കും. പട്ടാളക്കാര്‍ക്ക് തീവണ്ടിയാത്രയ്ക്കുള്ള വാറന്റിന് പകരമായി ഏര്‍പ്പെടുത്തിയ പ്രതിരോധ യാത്രാസംവിധാനം വ്യാപിപ്പിക്കും. ജമ്മു-ശ്രീനഗര്‍ പാതയിലുള്ള റെയില്‍-റോഡ് ടിക്കറ്റ് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

റെയില്‍വേക്ക് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ വാരാണസി ബനാറസ് ഹിന്ദു സര്‍വകലാശാലാ ഐ.ഐ.ടി.യില്‍ 'മാളവ്യ ചെയര്‍' തുടങ്ങുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം. റെയില്‍വേ വികസനത്തിന് 'കായകല്‍പ്പം' എന്ന നൂതന ഗവേഷണകൗണ്‍സില്‍ രൂപവത്കരിക്കും. റെയില്‍വേ രംഗത്ത് വൈകാതെ ഐ.ടി. വീക്ഷണരേഖ പുറത്തിറക്കുമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചു.



 

ga