കൊല്ലത്ത് പുതിയ ടെര്‍മിനല്‍, കഞ്ചിക്കോടിന് പത്തുലക്ഷം
പി. ബസന്ത്
Posted on: 27 Feb 2015
ന്യൂഡല്‍ഹി: ഇത്തവണത്തെ റെയില്‍വേ ബജറ്റിലും കേരളം പ്രതീക്ഷിച്ചതൊന്നും ഇല്ല. പുതിയ പദ്ധതിയായി പറയാവുന്നത് കൊല്ലം-ചെങ്കോട്ട ദേശീയപാതയുടെ ഓരത്ത് കൊല്ലം റെയില്‍വെ സ്റ്റേഷന് രണ്ടാം ടെര്‍മിനലിന് അനുമതി നല്‍കിയത് മാത്രമാണ്. ഇതിന് ഒരു ലക്ഷം രൂപ വകയിരുത്തി.
പാതയിരട്ടിപ്പിക്കലിന് 403 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പത്തുലക്ഷം മാത്രമാണ് വകയിരുത്തിയത്. കോച്ച് ഫാക്ടറിക്ക് വേണ്ടത് 514 കോടി രൂപയാണ്. അധിക ബജറ്റ് സഹായമായി 144.98 രൂപകൂടി വേണം. എന്നാല്‍, ഇതൊന്നും ബജറ്റില്‍ പരിഗണിക്കപ്പെട്ടില്ല.
കൊല്ലം-വിരുദനഗര്‍ ഗേജ് മാറ്റത്തിന് 86 കോടി രൂപയും ദിണ്ടിഗല്‍-പൊള്ളാച്ചി-പാലക്കാട് പാതയുടെ ഗേജ് മാറ്റത്തിന് നൂറു കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. തിരുന്നാവായ-ഗുരുവായൂര്‍ പാതയ്ക്ക് ഒരു കോടിയും അങ്കമാലി-ശബരിമല പാതയ്ക്ക് അഞ്ചുകോടിയും മാത്രമാണ് നീക്കിവെച്ചത്.
ചേര്‍ത്തല വാഗണ്‍ യൂണിറ്റിന് പുറമെ, കണ്ണൂരില്‍ നിര്‍മിക്കുന്ന പുതിയ വിമാനത്താവളത്തിലേക്ക് പുതിയൊരു പാതയും കേരളം ഏറെ പ്രതീക്ഷിച്ചതായിരുന്നു. തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ റെയില്‍, ദിനംപ്രതി ഡല്‍ഹിയിലേക്ക് രാജധാനി എക്‌സ്പ്രസ്, പെനിന്‍സുലാര്‍ റെയില്‍വേ സോണ്‍ എന്നിവയായിരുന്നു പ്രതീക്ഷ പുലര്‍ത്തിയിരുന്ന മറ്റ് പദ്ധതികള്‍. ഇവയൊന്നുംതന്നെ ബജറ്റില്‍ ഇടം പിടിച്ചില്ല.
പാതയിരട്ടിപ്പിക്കലിന് ലഭിച്ച 403 കോടി മാത്രമാണ് സംസ്ഥാനത്തിന് നേട്ടമായിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും കായംകുളത്തിനും എറണാകുളത്തിനും ഇടയില്‍ കോട്ടയം, ആലപ്പുഴ വഴിയുള്ള പാതകളുടെ ഇരട്ടിപ്പിക്കലിനാണ്. ഈ പ്രവൃത്തി പൂര്‍ത്തിയായാല്‍ മാത്രമെ, കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയൂവെന്ന് റെയില്‍വേ ചൂണ്ടിക്കാട്ടുന്നു.
കൊല്ലത്തെ രണ്ടാം ടെര്‍മിനലിന് 7.85 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 5.86 കോടി രൂപ റെയില്‍വേ നല്‍കും. ബാക്കിയുള്ള 1.99 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കെട്ടിവെച്ചിട്ടുണ്ട്. ടോക്കന്‍ തുകയായി ഒരു ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയ സാഹചര്യത്തില്‍ പണി തുടങ്ങാവുന്നതാണ്. പാതയിരട്ടിപ്പിക്കലിന് പുറമെ, നൂറോളം മേല്‍പ്പാലങ്ങള്‍ക്കും അടിപ്പാതകള്‍ക്കും പണം നീക്കിവെച്ചിട്ടുണ്ട്.
ദിണ്ടിഗല്‍-പൊള്ളാച്ചി-പാലക്കാട് പാതയിലെ പാലക്കാട് ഭാഗത്തെ ഗേജ് മാറ്റത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു. ബജറ്റില്‍ നൂറുകോടി വകയിരുത്തിയ സാഹചര്യത്തില്‍ പണി തീര്‍ത്ത് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.
ലെവല്‍ ക്രോസിങ്ങുകളിലെ അറ്റകുറ്റപ്പണികള്‍ക്ക് പാലക്കാട് ഡിവിഷന് 1.20 കോടിയും തിരുവനന്തപുരം ഡിവിഷന് 1.25 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഷൊറണൂര്‍-മംഗലാപുരം-കോഴിക്കോട് പാതയ്ക്കായി ഒരു കോടിയും എറണാകുളം-ആലപ്പുഴ-കായങ്കുളം ഭാഗത്ത് 90 ലക്ഷവും തിരുവനന്തപുരം-എറണാകുളം-തൃശ്ശൂര്‍ ഭാഗത്ത് 90 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.