പുതിയ വണ്ടികള്‍ ഈ സമ്മേളനത്തില്‍തന്നെ പ്രഖ്യാപിച്ചേക്കും

Posted on: 27 Feb 2015

ന്യൂഡല്‍ഹി: ബജറ്റ് പ്രസംഗത്തിനിടയില്‍ പുതിയ വണ്ടികളോ പാതകളോ പ്രഖ്യാപിച്ചില്ലെങ്കിലും നടപ്പുസമ്മേളനത്തില്‍തന്നെ അവ പ്രഖ്യാപിച്ചേക്കുമെന്ന് മന്ത്രി സുരേഷ് പ്രഭു സൂചിപ്പിച്ചു.

നിലവില്‍ റെയില്‍പ്പാതകളെല്ലാം അവയുടെ ശേഷിക്കുമപ്പുറം നിറഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പാതകള്‍ പരിഷ്‌കരിക്കുന്ന പണി പൂര്‍ത്തിയാവാത്തതിനാല്‍ വണ്ടികള്‍ വേഗത്തിലോടിക്കുന്നതിന് നിയന്ത്രണവുമുണ്ട്. പല വണ്ടികളും വൈകിയാണ് ഓടുന്നത്. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിവരികയാണ്. വിലയിരുത്തല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഈ സമ്മേളനത്തില്‍തന്നെ പുതിയ വണ്ടികള്‍ അനുവദിക്കാനും നിലവിലെ വണ്ടികളുടെ ഇടവേള കൂട്ടാനും സാധിക്കും.

പുതിയ വണ്ടികളും പാതകളും പ്രഖ്യാപിക്കാതെ റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് പതിവില്ലാത്തതാണ്. അതുകൊണ്ടുതന്നെ മന്ത്രിയുടെ പ്രഖ്യാപനം പൊതുവേ എല്ലാവരിലും ആശ്ചര്യമുണ്ടാക്കി. പ്രതിപക്ഷ എം.പി.മാര്‍ അസംതൃപ്തി പ്രകടിപ്പിച്ച് എഴുന്നേറ്റെങ്കിലും ഇക്കാര്യത്തില്‍ ശക്തമായ എതിര്‍പ്പ് ആരില്‍നിന്നും ഉണ്ടായില്ല.



 

ga