തിരുവനന്തപുരം: 2015-16ലെ കേന്ദ്ര റെയില്‍വേ ബജറ്റ് യാഥാര്‍ഥ്യബോധമുള്ള ജനകീയ ബജറ്റാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. യാത്രാനിരക്ക് കൂട്ടാതെതന്നെ റെയില്‍വേ വികസനത്തിന് ആവശ്യമായ തുക നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്.
പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും പ്രാധാന്യം നല്‍കിയത് കേരളത്തിന്റെ റെയില്‍വേ വികസനം ദ്രുതഗതിയിലാക്കും. പുതിയ തീവണ്ടികളും പാതകളും ഉള്‍പ്പെടുത്താതെ തന്നെ 600 കോടിയില്പരം രൂപ കേരളത്തിന് 2015-16 വര്‍ഷത്തില്‍ ചെലവഴിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്.
ഷൊര്‍ണ്ണൂര്‍, മംഗലാപുരം വൈദ്യുതീകരണത്തിനും മുന്‍വര്‍ഷത്തേക്കാള്‍ തുക അനുവദിച്ചിട്ടുണ്ട്. റെയില്‍വേ മേല്പാലങ്ങള്‍ക്കും അണ്ടര്‍പ്പാസുകള്‍ക്കും കേരളം ആവശ്യപ്പെട്ട രീതിയില്‍തന്നെ തുക മാറ്റിവെച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറിക്ക് 600 കോടിയില്പരം രൂപ വിലയിരുത്തുകയും 145 കോടി രൂപ ഈ വര്‍ഷംതന്നെ സ്വകാര്യമേഖലയില്‍ നിന്ന് കണ്ടെത്താനുള്ള തീരുമാനം കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ചുകൊണ്ടുള്ളതാണെന്നും മുരളീധരന്‍ പറഞ്ഞു.