മലബാറില്‍ വൈദ്യുതീകരണം പൂര്‍ത്തിയാകും; വൈദ്യുതി കിട്ടാത്തത് പ്രശ്‌നമാകും
എം.ബി. ബാബു
Posted on: 27 Feb 2015
പാലക്കാട്: ഷൊറണൂര്‍ മുതല്‍ മംഗലാപുരം പനന്പൂര്‍വരെ വൈദ്യുതീകരണത്തിന് റെയില്‍വേ ബജറ്റില്‍ 50 കോടി അനുവദിച്ചെങ്കിലും ഈവഴിയില്‍ വൈദ്യുതിത്തീവണ്ടിയോടാന്‍ കാലമേറെയെടുക്കും.
വൈദ്യുതീകരണം പൂര്‍ത്തിയായ ലൈനുകളില്‍ ആവശ്യമായ വൈദ്യുതി കിട്ടില്ലെന്നതാണ് പ്രശ്‌നം. ഷൊറണൂര്‍മുതല്‍ മംഗലാപുരംവരെയുള്ള വൈദ്യുതീകരണത്തിനായി ലൈന്‍വലിക്കല്‍ ഏതാണ്ട് മംഗലാപുരത്തിനടുത്തെത്തി. 50 കോടികൂടി അനുവദിച്ച സാഹചര്യത്തില്‍ ഇത് പനന്പൂര്‍വരെ എത്തിക്കാനാകും. എന്നാല്‍, മലപ്പുറം ജില്ലയിലെ താനൂര്‍, കാസര്‍കോട് ജില്ലയിലെ ഉപ്പള എന്നിവിടങ്ങളില്‍ വൈദ്യുതീകരണത്തിന്റെ ഭാഗമായി നിര്‍മിച്ച പവര്‍സ്റ്റേഷനുകളിലേക്ക് വൈദ്യുതി നല്‍കാനാകില്ലെന്ന് വൈദ്യുതിബോര്‍ഡ് അറിയിച്ചിട്ടുണ്ട്. താനൂരില്‍ പവര്‍സ്റ്റേഷനായി സ്ഥലംപോലും ഏറ്റെടുത്തിട്ടില്ല. ഇതിന്റെ പേരില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.
വൈദ്യുതിബോര്‍ഡ് കൈയൊഴിഞ്ഞ താനൂരിലേക്കും ഉപ്പളയിലേക്കും എങ്ങനെ വൈദ്യുതിയെത്തിക്കുമെന്നത് റെയില്‍വേയ്ക്ക് വന്‍ വെല്ലുവിളിയാണ്.
പാലക്കാട് റെയില്‍വേ ഡിവിഷനില്‍ ഏറെ പ്രത്യാശയ്ക്ക് വഴിതെളിക്കുന്നതാണ് ദിണ്ടിക്കല്‍-പൊള്ളാച്ചി-പാലക്കാട് പാതയിലെ ഗേജ്മാറ്റം. ഗേജ്മാറ്റം ഏതാണ്ട് പൂര്‍ത്തിയാകാറായ പദ്ധതിക്കായി നൂറുകോടിയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.
ഷൊറണൂര്‍-കോഴിക്കോട്-മംഗലാപുരം പാതയില്‍ റെയില്‍വേ ഗേറ്റുകളുമായി ബന്ധപ്പെട്ട കമ്യൂണിക്കേഷന്‍ ആവശ്യത്തിന് ബജറ്റില്‍ 90 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. എന്നാല്‍, ഏറെ പ്രതീക്ഷയോടെ പാലക്കാട് ഡിവിഷന്‍ കാത്തിരുന്ന കഞ്ചിക്കോട് കോച്ച്ഫാക്ടറിക്ക് വെറും പത്തുലക്ഷം വകയിരുത്തി റെയില്‍വേ കേരളത്തെ അവഗണിച്ചു.