റെയില്‍വേ ആധുനികവത്കരണം ടെലികോം കമ്പനികള്‍ക്ക് നേട്ടമാകും

Posted on: 27 Feb 2015

റെയില്‍വേ ആധുനികവത്കരണം


കൊച്ചി:
റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ആധുനികവത്കരണ പദ്ധതികള്‍ സ്വകാര്യ മേഖലയിലെ വ്യവസായങ്ങള്‍ക്ക് പ്രയോജനകരമാകും. രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നത് ടെലികോം കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കുന്നതാണ്. തീവണ്ടി യാത്രക്കാര്‍ക്കുള്ള എസ്.എം.എസ്. അലര്‍ട്ട് കാര്യക്ഷമമാക്കുന്നതും ഗുണം ചെയ്യും.
വിമാനത്താവളങ്ങള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ വൈ-ഫൈ സേവനം ലഭ്യമാക്കുന്ന ടാറ്റാ ടെലി സര്‍വീസസ്, വോഡഫോണ്‍ ഇന്ത്യ, എം.ടി.എസ്. എന്നീ കമ്പനികള്‍ക്കാവും പ്രയോജനം കിട്ടുക. പൊതു ഇടങ്ങളില്‍ വൈ-ഫൈ സേവനമൊരുക്കുന്ന ഓസോണ്‍ നെറ്റ്വര്‍ക്‌സാണ് ഈ രംഗത്ത് നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള മറ്റൊരു പ്രധാന കമ്പനി.
നിലവില്‍ ബെംഗളൂരു, ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനുകളില്‍ വൈ-ഫൈ സോണുകള്‍ ഒരുക്കിയിട്ടുണ്ട്. ഹൗറ രാജധാനി എക്‌സ്പ്രസ്സില്‍ വൈ-ഫൈ സേവനം ലഭ്യമാക്കിയ റെയില്‍വേ കൂടുതല്‍ ട്രെയിനുകളില്‍ ഇത് ഒരുക്കാനിടയുണ്ട്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള നിക്ഷേപം വര്‍ധിപ്പിക്കാനും റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം ഇത്തരത്തില്‍ 5,781 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റെയില്‍വേ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ 17,136 കോടി രൂപ 'ഇന്‍സ്റ്റിറ്റിയൂഷണല്‍ ഫിനാന്‍സ്' മാര്‍ഗത്തിലൂടെ വായ്പയായി കണ്ടെത്തും. ആദ്യമായാണ് റെയില്‍വേ ഈ മാര്‍ഗത്തില്‍ ഫണ്ട് സ്വരൂപിക്കുന്നത്.



 

ga