തിരുവനന്തപുരം: സബര്‍ബന്‍ റെയില്‍വേ ഉള്‍പ്പെടെ കേരളത്തിന്റെ സ്വപ്‌നപദ്ധതികളെല്ലാം അവഗണിച്ച റെയില്‍വേ ബജറ്റില്‍ പാത ഇരട്ടിപ്പിക്കലിനായി കിട്ടിയ തുകയും അപര്യാപ്തം. കോട്ടയം- കായംകുളം, ആലപ്പുഴ പാതകളുടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടത് 550 കോടി രൂപയാണ്. എന്നാല്‍ 158 കോടി രൂപയാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പാത ഇരട്ടിപ്പിക്കല്‍ പഴയപടി ഇഴഞ്ഞുനീങ്ങാനാണ് സാധ്യത.
കുറുപ്പന്തറ-ചിങ്ങവനം (110 കോടി), പുനലൂര്‍-ചെങ്കോട്ട (100 കോടി), അങ്കമാലി-ശബരി പാത (100 കോടി), കുമ്പളം- തുറവൂര്‍, എറണാകുളം-തുറവൂര്‍ (120 കോടി), അമ്പലപ്പുഴ- ഹരിപ്പാട് (60 കോടി), ചെങ്ങന്നൂര്‍-ചിങ്ങവനം, മുളന്തുരുത്തി- കുറുപ്പന്തറ (60 കോടി) എന്നിങ്ങനെയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
റെയില്‍വേ സോണ്‍ ഉള്‍പ്പെടെയുള്ള വന്‍ പദ്ധതികള്‍ക്ക് അനുമതി കിട്ടാന്‍ തടസമുള്ളതിനെ തുടര്‍ന്നാണ് സംസ്ഥാനം ഇത്തവണ പ്രായോഗികമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുെവച്ചത്. നിലവിലുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കിയാല്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് പ്രയോജനകരമാകുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
പാത ഇരട്ടിപ്പിക്കലിനുള്ള തുക തേടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തവണ റെയില്‍വേ മന്ത്രാലയത്തിന് മുന്നിലെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രറെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് സംസ്ഥാനത്തിന്റെ ഈ ആവശ്യങ്ങള്‍ വ്യക്തമാക്കിയത്. നിലവിലുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ 340 കോടി രൂപയാണ് സംസ്ഥാനം അധികമായി ആവശ്യപ്പെട്ടത്.
സംസ്ഥാനത്തെ റെയില്‍വേ വികസനത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായക പങ്ക് വഹിക്കാവുന്ന പദ്ധതിയായിരുന്നു ഇത്.
കോട്ടയം, ആലപ്പുഴ വഴിയുള്ള പാതകളുടെ ഇരട്ടിപ്പിക്കലാണ് അടിയന്തരമായി പൂര്‍ത്തീകരിക്കാനുള്ളത്.
എറണാകുളം-കോട്ടയം-തിരുവനന്തപുരം, എറണാകുളം- ആലപ്പുഴ- തിരുവനന്തപുരം പാതകള്‍ പൂര്‍ണമായും ഡബിള്‍ലൈന്‍ ആക്കേണ്ടതുണ്ട്. കോട്ടയത്ത് കാലങ്ങളായി ഇഴഞ്ഞുനീങ്ങുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് റെയില്‍വേ വികസനത്തിന് തടസമാകുന്നത്. എറണാകുളം - തിരുവനന്തപുരം പാതയിലെ പ്രതിദിന തീവണ്ടികളില്‍ ഭൂരിഭാഗവും കോട്ടയം വഴിയും പ്രതിവാര സ്‌പെഷ്യല്‍ തീവണ്ടികള്‍ ആലപ്പുഴ പാതയിലൂടെയുമാണ് പോകുന്നത്.
ക്രോസിങ്ങിനുവേണ്ടി ഏറെസമയം നഷ്ടമാകുന്നുണ്ട്. കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കുന്നതിനും തടസമാകുന്നത് ഇരട്ടപ്പാതയുടെ അഭാവമാണ്. യാത്രാസമയം കുറയ്ക്കാനും പാത ഇരട്ടിപ്പിക്കല്‍ അനിവാര്യമാണ്.