സബര്‍ബന്‍ റെയില്‍വേയ്ക്കും ബജറ്റില്‍ ഇടമില്ല

Posted on: 27 Feb 2015

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സാധ്യതാപഠനം നടത്തിയ സബര്‍ബന്‍ റെയില്‍വേ പദ്ധതിക്കും ബജറ്റില്‍ ഇടംകിട്ടിയിട്ടില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ റെയില്‍വേ പദ്ധതികള്‍ നടപ്പാക്കാന്‍ സന്നദ്ധമാണെന്ന കേന്ദ്രനിലപാട് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ട്.

ഈ തീരുമാനം ഭാവിയില്‍ സബര്‍ബന്‍ പദ്ധതിക്ക് പ്രയോജനകരമാകുമെന്നാണ് റെയില്‍വേ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. തിരുവനന്തപുരം-ചെങ്ങന്നൂര്‍, തിരുവനന്തപുരം-ഹരിപ്പാട് പാതയാണ് സബര്‍ബന്‍ റെയില്‍വേയ്ക്കായി പരിഗണിച്ചത്. നിലവിലുള്ള പാതയിലൂടെ മെമു പോലുള്ള തീവണ്ടികള്‍ ഓടിക്കുകയായിരുന്നു പദ്ധതി.

എക്‌സ്പ്രസ് തീവണ്ടികളുടെ യാത്രയെ ബാധിക്കാത്ത വിധത്തില്‍, എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുള്ള സബര്‍ബര്‍ തീവണ്ടി യാത്രാക്ലേശം പരിഹരിക്കാന്‍ പ്രയോജനപ്പെടുമായിരുന്നു. 3500 കോടി രൂപ വേണ്ടിവരുന്ന പദ്ധതിക്ക് പകുതി തുക മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാന്‍ തയാറാണെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉറപ്പുനല്‍കിയതിന്റെ പശ്ചാത്തലത്തില്‍ പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മാസം ആദ്യം കത്ത് നല്‍കിയിരുന്നു. സബര്‍ബന്‍ പദ്ധതിക്ക് 50 ശതമാനം തുക മുടക്കാന്‍ കേരളം തയാറാണെന്നും ബാക്കി തുക റെയില്‍വേ വഹിക്കണമെന്ന് അഭ്യര്‍ഥിച്ചുമാണ് സുരേഷ് പ്രഭുവിന് മുഖ്യമന്ത്രി കത്തുനല്‍കിയത്.

ഇക്കാര്യത്തില്‍ റെയില്‍വേയും സംസ്ഥാനവും തമ്മിലുള്ള ധാരണാപത്രത്തിന്റെ കരടും കൈമാറിയിരുന്നു. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള ആദ്യഘട്ടത്തിനാണ് ഇത്തവണ അനുമതി ആവശ്യപ്പെട്ടത്. റെയില്‍വേയുടെ അംഗീകാരം ലഭിച്ചാല്‍ പദ്ധതിക്ക് വിദേശവായ്പ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാന്‍ എളുപ്പമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മുംബൈ റെയില്‍വേ വികാസ് കോര്‍പ്പറേഷനാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് നല്‍കിയത്.

1500 കോടി രൂപ കോച്ചുകള്‍ക്കും ബാക്കി 1500 കോടി അടിസ്ഥാന സൗകര്യവികസനത്തിനുമാണ് വേണ്ടിവരിക. സ്റ്റേഷനുകളുടെ നവീകരണത്തിന് പുറമെ 58 മേല്‍പാലങ്ങളും നിര്‍മിക്കേണ്ടതുണ്ട്. സിയാല്‍ മാതൃകയില്‍ പദ്ധതിക്ക് പണം കണ്ടെത്തുകയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം.



 

ga