ചിരിച്ചും ചിരിപ്പിച്ചും അതിവേഗം പ്രഭുവണ്ടി

Posted on: 27 Feb 2015


ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ബജറ്റ് പ്രഭാഷണം നര്‍മം കൊണ്ടും വേഗം കൊണ്ടും പാര്‍ലമെന്റിലും സാമൂഹികമാധ്യമങ്ങളിലും ഒരുപോലെ ശ്രദ്ധനേടി. പ്രസംഗത്തിനിടെ മന്ത്രി സുരേഷ് പ്രഭു സ്വന്തം പേര് ദ്വയാര്‍ഥത്തില്‍ പ്രയോഗിച്ചത് സഭയില്‍ ചിരിപടര്‍ത്തി.

''റെയില്‍വേയുടെ ശേഷി മെച്ചപ്പെടുത്തുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഹേ.. പ്രഭു (ദൈവമേ..) അതെങ്ങനെ ചെയ്യാനാവുമെന്നാണ് ഞാനാലോചിക്കുന്നത്, പ്രഭു (ദൈവം) ഉത്തരം പറയില്ല, അതുകൊണ്ട് എന്തുകൊണ്ട് നമുക്കെന്തെങ്കിലും ചെയ്തുകൂടാ എന്നാണ് ഈ പ്രഭു ചിന്തിക്കുന്നത്'' കവിതാ തത്പരനായ മന്ത്രി ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ പറഞ്ഞതോടെയാണ് പാര്‍ലമെന്റിലെ മസിലുപിടിച്ച അന്തരീക്ഷത്തിന് പെട്ടെന്ന് അയവുവന്നത്.

എന്തെങ്കിലുമൊക്കെ പുതുതായി ചെയ്യണം, പഴയ ചിലതിനെയൊക്കെ തകര്‍ക്കണം, ചില എന്‍ജിനുകള്‍ മാറ്റണം, ചില എന്‍ജിനുകള്‍ മിനുക്കണം എന്ന അര്‍ഥത്തില്‍ ബജറ്റിന്റെ കാതല്‍ സൂചിപ്പിച്ച് ചില ഹിന്ദി പ്രയോഗങ്ങളും മന്ത്രി പ്രസംഗത്തിനിടെ നടത്തി. മധ്യത്തിലുള്ള ബര്‍ത്തുകള്‍ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും നീക്കിവെക്കുമെന്ന് പറഞ്ഞത് തന്നെപ്പോലുള്ള വൃദ്ധര്‍ക്കും എന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു.

ബജറ്റ് പ്രസംഗത്തിന്റെ അതിവേഗവും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായി. തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 110 കിലോമീറ്ററില്‍നിന്ന് 160 ആക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിയുടെ പ്രസംഗം കുതിച്ചത് മിനിറ്റില്‍ 133 വാക്കുകള്‍ എന്നകണക്കില്‍ അതിവേഗമായിരുന്നു. 67 മിനിറ്റില്‍ 8,926 വാക്കുകളാണ് പ്രഭുവിന്റെ ശബ്ദത്തില്‍ പാര്‍ലമെന്റില്‍ മുഴങ്ങിയത്. 'മന്ത്രീ വേഗം കുറയ്ക്കൂ, താങ്കള്‍ അതിവേഗത്തിലാണ്' എന്ന തരത്തില്‍ ബജറ്റ് പ്രസംഗത്തെ സൂചിപ്പിച്ച് ട്വിറ്ററില്‍ ഒട്ടേറെ കമന്റുകളും പ്രത്യക്ഷപ്പെട്ടു. സുരേഷ് പ്രഭുവിന്റെ ബജറ്റ് പ്രസംഗത്തിന് ശതാബ്ദി എക്‌സ്പ്രസ്സിനേക്കാള്‍ വേഗമുണ്ടെന്നായിരുന്നു ഒരു കമന്റ്.



 

ga