ന്യൂഡല്‍ഹി: തീവണ്ടിയെ സഞ്ചരിക്കുന്ന വീടായി കണക്കാക്കി ശുചിത്വ പദ്ധതികള്‍ക്ക് റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനങ്ങളേറെ.
ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ശുചിത്വഭാരത യജ്ഞത്തില്‍ ഇന്ത്യന്‍ റെയില്‍വേയും കൈകോര്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി സമഗ്ര റെയില്‍ശുചിത്വം ലക്ഷ്യമിട്ട് 'ശുചിത്വ റെയില്‍, ശുചിത്വഭാരതം' പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. തീവണ്ടി സഞ്ചരിക്കുന്ന വീടായി കാണണമെന്നും എല്ലാവരും സഹകരിക്കണമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അഭ്യര്‍ഥിച്ചു.
വണ്ടികളും സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാന്‍ പുതിയ വകുപ്പ് രൂപവത്കരിക്കും. റെയില്‍ ശുചിത്വം പ്രാഫഷണല്‍ ഏജന്‍സികളെ ഏല്‍പ്പിക്കും. റെയില്‍േവ ജീവനക്കാര്‍ക്ക് അത്യാധുനിക ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കും. പരിസ്ഥിതിസൗഹൃദ മാലിന്യ നിര്‍മാര്‍ജനത്തിനായി മാലിന്യം ഊര്‍ജമാക്കി മാറ്റുന്ന പദ്ധതി നടപ്പാക്കും. ഇതിനായി പ്രധാനപ്പെട്ട കോച്ച് ടെര്‍മിനലുകള്‍ക്കുസമീപം ഘട്ടംഘട്ടമായി പ്രത്യേക പ്ലാന്റുകള്‍ സ്ഥാപിക്കും.
വണ്ടികളിലെയും സ്റ്റേഷനുകളിലെയും ശൗചാലയസൗകര്യം മെച്ചപ്പെടുത്തും. 650 സ്റ്റേഷനുകളില്‍ പുതിയ ശൗചാലയങ്ങള്‍ നിര്‍മിക്കും. കഴിഞ്ഞവര്‍ഷം ഇത് 120 സ്റ്റേഷനുകളായിരുന്നു. ഇതിനകം, 17,388 ജൈവ ശൗചാലയങ്ങള്‍ തീവണ്ടിക്കോച്ചുകളില്‍ ഘടിപ്പിച്ചു. പുതുതായി 17,000 എണ്ണംകൂടി പിടിപ്പിക്കും. ഇതിനു പുറമെ, ആറ്് മാസത്തിനുള്ളില്‍ വാക്വം ടോയ്ലറ്റുകള്‍ രൂപകല്പനചെയ്ത് ലഭ്യമാക്കാന്‍ റിസര്‍ച്ച് ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനെ ചുമതലപ്പെടുത്തും.
മാലിന്യശേഖരണത്തിന് ഉപേക്ഷിക്കാവുന്ന തരത്തിലുള്ള ബാഗുകള്‍ കൂടുതലായി വണ്ടികളില്‍ സ്ഥാപിക്കും. എ.സി. കോച്ചുകളിലെ മാലിന്യശേഖരണപ്പെട്ടികള്‍ എ.സി. ഇതര കോച്ചുകളിലേക്കും വ്യാപിപ്പിക്കും. കിടക്കവിരിയുടെ നിലവാരം, ശുചിത്വം, രൂപകല്പന തുടങ്ങിയവ മെച്ചപ്പെടുത്താന്‍ ആറ്് മാസത്തിനുള്ളില്‍ പുതിയ പദ്ധതി നടപ്പാക്കുന്നതിനായി ഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയെ ചുമതലപ്പെടുത്തി. ഉപയോഗിച്ച് ഉപേക്ഷിക്കാവുന്ന കിടക്കവിരി തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ ലഭ്യമാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തും. ഐ.ആര്‍.സി.ടി.സി. പോര്‍ട്ടല്‍ വഴി പണമടച്ച് ഇത്തരം കിടക്കവിരി ബുക്കുചെയ്യാം. യന്ത്രവത്കൃത തുണിയലക്ക് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും.