ഭാവിയെ മുന്നില്‍ക്കണ്ടുള്ള ബജറ്റ്- പ്രധാനമന്ത്രി; വീക്ഷണമില്ലെന്ന് പ്രതിപക്ഷം

Posted on: 27 Feb 2015

ന്യൂഡല്‍ഹി: ഭാവിയെ മുന്നില്‍ക്കണ്ടുള്ളതും യാത്രക്കാര്‍ക്ക് സൗഹാര്‍ദപരവുമായ റെയില്‍വേ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യാത്രാക്കൂലി കൂട്ടാതെതന്നെ റെയില്‍വേയുടെ വികസനത്തിനായി എട്ടുലക്ഷം കോടിയാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ബജറ്റില്‍ വേഗതയ്ക്കും സേവനത്തിനും സുരക്ഷയ്ക്കും ഊന്നലുണ്ട്. വികസനത്തിന്റെ എല്ലാ മേഖലകളും ഉള്‍പ്പെടുത്തുന്നതാണ് റെയില്‍വേ ബജറ്റ്- പ്രധാനമന്ത്രി അവകാശപ്പെട്ടു.

എന്നാല്‍, സ്വപ്‌നം നെയ്യല്‍ മാത്രമേ ഈ ബജറ്റിലുള്ളൂവെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തൃണമൂല്‍ നേതാവ് ദിനേശ് ത്രിവേദിയും കുറ്റപ്പെടുത്തി. ഇരുവരും നേരത്തേ റെയില്‍വേ മന്ത്രിമാരായിരുന്നു.

നല്ലവാക്കുകള്‍ നിറച്ച ബജറ്റാണിത്. എന്നാല്‍, ഇതില്‍ ദീര്‍ഘവീക്ഷണമില്ല. എങ്ങനെയാണ് നടപ്പാക്കുകയെന്നും പറയുന്നില്ല. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയും ബി.ഒ.ടി. കരാറുകളുമെല്ലാം നടപ്പാക്കുമെന്ന് റെയില്‍വേ മന്ത്രി പറയുന്നു. മറ്റുള്ളവരെ ആശ്രയിക്കാന്‍നിന്നാല്‍ ലക്ഷ്യങ്ങള്‍ നടപ്പാക്കാനാവില്ല- ഖാര്‍ഗെ പറഞ്ഞു. പുതിയ തീവണ്ടികള്‍ അനുവദിക്കാത്തതിനെ ഖാര്‍ഗെ വിമര്‍ശിച്ചു.

അതിശയോക്തി മാത്രമുള്ളതും യാഥാര്‍ഥ്യബോധമില്ലാത്തതുമായ ബജറ്റാണിതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ ആരോപിച്ചു. റെയില്‍വേ ജനങ്ങളുടെ ആസ്തിയാണെന്ന് പറയുമ്പോഴും പൊതു-സ്വകാര്യ പങ്കാളിത്തവും ബി.ഒ.ടി. പദ്ധതികളുമാണ് മന്ത്രി നിര്‍ദേശിക്കുന്നത്. പാവങ്ങള്‍ക്ക് നല്ലനാളുകള്‍ വരാനില്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നതെന്ന് സി.പി.എം. പറഞ്ഞു.

ബജറ്റ് പുതുമയില്ലാത്തതും ജനങ്ങളെ കബളിപ്പിക്കുന്നതുമാണെന്ന് അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ പറഞ്ഞു. വിലക്കയറ്റം വര്‍ധിപ്പിക്കുന്നതാണ് റെയില്‍വേ ബജറ്റെന്ന് പി. കരുണാകരന്‍ പറഞ്ഞു. പെട്രോളിയംവില കുറഞ്ഞ സാഹചര്യത്തില്‍ ചരക്കുകൂലി വര്‍ധിപ്പിച്ചതിന് ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചരക്കുകൂലി വര്‍ധിപ്പിച്ചത് കേരളം പോലുള്ള ഉപഭോക്തൃസംസ്ഥാനങ്ങളെ ഏറെ ബാധിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.
അടിസ്ഥാനസൗകര്യം വികസിപ്പിക്കാനുള്ള നടപടി സ്വാഗതാര്‍ഹമാണ്. കൊല്ലത്ത് രണ്ടാം ടെര്‍മിനലിന് 7.85 കോടിയും കൊല്ലം-ചെങ്കോട്ട ഗേജ് കണ്‍വേര്‍ഷന് 85.69 കോടിയും അനുവദിച്ചത് അഭിനന്ദനാര്‍ഹമാണ്.



 

ga