ന്യൂഡല്‍ഹി: സാമൂഹികക്ഷേമത്തിനും റെയില്‍വേയുടെ സുതാര്യതയ്ക്കും ഊന്നല്‍ നല്‍കുമെന്ന് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
ഇന്ത്യന്‍ റെയില്‍വേ വിവിധ തസ്തികകളിലേക്കുള്ള ജീവനക്കാരെ അതിന്റെ 21 റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ വഴിയാണ് നിയമിക്കുന്നത്. സുതാര്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഇവയില്‍ രണ്ട് വിഭാഗങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ അപേക്ഷാസംവിധാനം എര്‍പ്പെടുത്തിയിരുന്നു. ഇത് എല്ലാ നിയമനങ്ങളിലേക്കും വ്യാപിപ്പിക്കും.
അഴിമതി തടയുന്നതിന് എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. എല്ലാ ഡിവിഷനുകളിലും ഡിപ്പോകളിലും വര്‍ക്ക് ഷോപ്പുകളിലേക്കും ഓണ്‍ലൈനായുള്ള സംഭരണശൃംഖല വ്യാപിപ്പിക്കും.
റെയില്‍വേയില്‍ ക്രമപ്രകാരമുള്ള വികസനവും അടിസ്ഥാന സൗകര്യസേവനവും യാത്രക്കാര്‍ക്കുള്ള സേവനവും ഉറപ്പുവരുത്തുന്നതിന് സ്വതന്ത്രമായ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തും.
സേവനനിലവാരം, താരിഫ്, നിയന്ത്രണങ്ങള്‍ എന്നിവയുടെ ചുമതല ഈ സംവിധാനത്തില്‍ നിക്ഷിപ്തമാക്കും. ലൈസന്‍സ് ഉടമകളും സ്വകാര്യ പങ്കാളികളും മന്ത്രാലയവും തമ്മിലുള്ള തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ട ചുതലയും ഈ സ്വതന്ത്ര നിയന്ത്രണ സംവിധാനത്തിനായിരിക്കും. ഈ തീരുമാനങ്ങളേക്കുറിച്ച് അപ്പീല്‍ നല്‍കാവുന്നതാണ്.
സാമൂഹികക്ഷേമ മേഖലയില്‍ രാജ്യത്തോടുള്ള വിശാലമായ പ്രതിബദ്ധത റെയില്‍വേ നിറവേറ്റുമെന്ന് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. നൈപുണ്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം കണക്കിലെടുത്ത്് റെയില്‍വേയുടെ അധീനതയിലുള്ള അടിസ്ഥാന സൗകര്യം ഇതിനായി വിനിയോഗിക്കും. റെയില്‍വേയിലെ വിവിധ മേഖലകളിലെ വൈദഗ്ധ്യമുള്ള ജീവനക്കാരുടെ സേവനവും നൈപുണ്യവികസനത്തിന് ലഭ്യമാക്കും.
സ്വയം സഹായസംഘങ്ങളുടെ ഉത്പന്നങ്ങള്‍ റെയില്‍വേ കൂടുതലായി ഉപയോഗിക്കും. കൊങ്കണ്‍ റെയില്‍വേ കഴിഞ്ഞ മൂന്ന് മാസമായി മൂന്ന് സംസ്ഥാനങളില്‍ ഈ പദ്ധതി നടപ്പാക്കുന്നുണ്ടെന്നും ഇതുവഴി വരുന്ന മൂന്ന്് വര്‍ഷങ്ങളിലായി 50,000 പേര്‍ക്ക്് തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കൊങ്കണ്‍ റെയില്‍വേ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.