ചരക്കുനീക്കത്തിന് 'ട്രാന്‍സ്ലോക്'

Posted on: 27 Feb 2015


ന്യൂഡല്‍ഹി: ചരക്കുനീക്കം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും 'ട്രാന്‍സ്‌പോര്‍ട്ട് ലോജിസ്റ്റിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ' (ട്രാന്‍സ്ലോക്) എന്ന പുതിയ പൊതുമേഖലാ സ്ഥാപനം രൂപവത്കരിക്കും.

തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ ഇതുവഴി സംയുക്ത സംരംഭങ്ങളിലൂടെ ചരക്കുനീക്കവുമായി ബന്ധപ്പെട്ട എല്ലാവിധ മൂല്യവര്‍ധിത സേവനങ്ങളും നല്‍കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ നിലവിലുള്ള പത്ത് ഗുഡ്‌സ് ഷെഡ്ഡുകള്‍ നവീകരിക്കും. റെയില്‍വേയുടെ കൈവശമുള്ള അധിക ഭൂമിയില്‍ 30 ചെറുകിട ബഹുമുഖ മാതൃകാ ലോജിസ്റ്റിക് പാര്‍ക്കുകള്‍ വികസിപ്പിക്കും. എയര്‍ കാര്‍ഗോ സംവിധാനവുമായി റെയില്‍ ചരക്കുനീക്കത്തെ ഏകോപിപ്പിക്കും.

2012-ല്‍ പരിഷ്‌കരിച്ച സ്വകാര്യ ചരക്ക് ടെര്‍മിനല്‍ പദ്ധതി പുനപ്പരിശോധിക്കും. ഇതിനൊപ്പം, വാഗണ്‍ വായ്പയ്ക്ക് നല്‍കല്‍, പ്രത്യേക ചരക്കുതീവണ്ടി ഓടിക്കല്‍ തുടങ്ങിയ പദ്ധതികളും അവലോകനം ചെയ്യും. ഈ മേഖലയിലേക്ക് സ്വകാര്യ മേഖലയെ ആകര്‍ഷിക്കുകയാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.

ദീര്‍ഘദൂര ചരക്കുകടത്തിന് രണ്ടോ അതിലധികമോ ചരക്കുതീവണ്ടികള്‍ ഒന്നായി ഓടിക്കുന്നത് വ്യാപകമാക്കും.

3438 ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കും

ന്യൂഡല്‍ഹി:
3,438 ലെവല്‍ ക്രോസിങ്ങുകള്‍ ഒഴിവാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിനായി 970 റെയില്‍ മേല്‍പ്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കും. 6,581 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

60 ദിവസത്തിനുള്ളില്‍ മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും ഡിസൈനുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള വെബ് അടിസ്ഥാനത്തിലുള്ള അപ്ലിക്കേഷന് രൂപം നല്‍കിയിട്ടുണ്ട്.

അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ കോച്ചുകള്‍ ഒന്നിനുമുകളിലേക്ക് ഇടിച്ചുകയറുന്നതും തീപ്പിടിക്കുന്നതും തടയാന്‍ പുതിയ സംവിധാനം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീവണ്ടികള്‍ കൂട്ടിയിടിക്കുന്നത് തടയുന്നതിനുള്ള സംവിധാനം തിരഞ്ഞെടുക്കപ്പെട്ട പാതകളില്‍ സ്ഥാപിക്കും.



 

ga