തീവണ്ടി വേഗം മണിക്കൂറില്‍ 200 കി.മീ. വരെയാക്കും

Posted on: 27 Feb 2015


ന്യൂഡല്‍ഹി: യാത്രാസമയം കുറയ്ക്കുന്നതിന് തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെയായി ഉയര്‍ത്താന്‍ ബജറ്റില്‍ നിര്‍ദേശം. ചരക്ക് തീവണ്ടികളുടെ വേഗവും കൂട്ടും.

ഒമ്പത് റെയില്‍ ഇടനാഴികളിലൂടെയുള്ള തീവണ്ടികളുടെ വേഗമാണ് കൂട്ടുക. നിലവില്‍ ഈ ഇടനാഴികളിലെ വേഗം മണിക്കൂറില്‍ 110 മുതല്‍ 130 വരെയാണ്. ഇത് 160 മുതല്‍ 200 വരെയാക്കാനാണ് ശുപാര്‍ശ. ഡല്‍ഹി-കൊല്‍ക്കത്ത, ഡല്‍ഹി-മുംബൈ തുടങ്ങിയ മെട്രോകള്‍ക്കിടെയിലെ യാത്ര ഒരു രാത്രികൊണ്ട് പൂര്‍ത്തിയാക്കുന്നതിന് വേഗവര്‍ധന സഹായകമാകും.

പാതകളുടെയും കോച്ചുകളുടെയും ഗുണനിലവാരം ഉയര്‍ത്തിയും കൃത്യമായ ഇടവേളകളില്‍ പാതയുടെയും മറ്റും അറ്റകുറ്റപ്പണികള്‍ നടത്തിയും ഈ വേഗം നേടിയെടുക്കാന്‍ കഴിയാമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിന്റെ പഠനറിപ്പോര്‍ട്ട് ഈ കൊല്ലം മധ്യത്തോടെ ലഭിക്കും. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റ് നടപടികള്‍ സ്വീകരിക്കും. വജ്ര ചതുഷ്‌കോണത്തില്‍ എവിടെയെല്ലാം അതിവേഗ പാതകള്‍ വേണമെന്ന കാര്യത്തില്‍ പഠനം നടത്തും.
കാലിയായോടുന്ന ചരക്ക് വണ്ടികളുടെ വേഗം മണിക്കൂറില്‍ നൂറ്് കിലോമീറ്ററും ചരക്കോടെ 75 കിലോമീറ്ററുമാക്കാനാണ് നിര്‍ദേശം.


800 കിലോമീറ്റര്‍ ഗേജ് മാറ്റം

ന്യൂഡല്‍ഹി: 800 കിലോമീറ്റര്‍ ഗേജ് മാറ്റമാണ് ബജറ്റില്‍ റെയില്‍വേ ലക്ഷ്യമിടുന്നത്. 77 പദ്ധതികളിലായി 9,400 കിലോമീറ്റര്‍ പാതയിരട്ടിപ്പിക്കും. 96,812 കോടി രൂപയാണ് ഇതിന് നീക്കിവെച്ചത്. ഇവയുടെ വൈദ്യുതീകരണവും നടത്തും. 2,374 കോടി രൂപയുടെ പണികളും നടപ്പാക്കും.





 

ga