അറബ് രാജ്യങ്ങള്‍ക്കിടയില്‍ വേറിട്ട കായികസംസ്‌കാരം പടുത്തുയര്‍ത്തുകയാണ് ഖത്തര്‍. ഭാവി തലമുറകള്‍ക്കുകൂടി ഉപകാരപ്രദമാകുന്ന തരത്തില്‍ രാജ്യത്തിന്റെ പാരമ്പര്യത്തിലൂന്നിക്കൊണ്ടുള്ള ദീര്‍ഘവീക്ഷണത്തോടുകൂടിയ മികച്ച കായികവികസനമാണ് രാജ്യം ലക്ഷ്യമിടുന്നത്. സുസ്ഥിര കായിക വികസനത്തിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ മുന്‍നിരയിലെത്തുകയെന്നതാണ് ഖത്തറിന്റെ ലക്ഷ്യം.
ഖത്തര്‍ ആഥിഥേയത്വം വഹിച്ച 2006ലെ ഏഷ്യന്‍ ഗെയിംസ്, 2010 ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍, 2010 ലെതന്നെ ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ്, 2015ലെ ഹാന്‍ഡ്‌ബോള്‍ ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവ തെളിയിക്കുന്നത് അകലെയല്ലാത്ത ഈ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണെന്നാണ്. വര്‍ഷാവര്‍ഷം അമ്പതിലേറെ അന്താരാഷ്ട്ര പരിപാടികള്‍ക്കാണ് ഖത്തര്‍ ആതിഥേയരായത്. യൂറോപ്യന്‍ പ്രൊഫഷണല്‍ ഗോള്‍ഫ് ടൂറിന്റെ ഖത്തര്‍ മാസ്റ്റര്‍ ടൂര്‍ണമെന്റ്, എ.ടി.പി. ടൂറിന്റെ എക്‌സോണ്‍ മൊബില്‍ ഓപ്പണ്‍, ഡബ്‌ള്യു. ടി.എ.യുടെ ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ഫോര്‍ വിമണ്‍, ഐ.എ.എ.എഫ്. അത്‌ലറ്റിക്‌സ് ഡയമണ്ട് ലീഗ്, ഖത്തര്‍ ക്ലാസിക് സ്‌ക്വാഷ്, മോട്ടോ ജി.പി., ഐ.ടി.ടി.എഫ്. ഖത്തര്‍ ഓപ്പണ്‍ ടേബിള്‍ ടെന്നിസ്, സെയില്‍ ദ ഗള്‍ഫ് റെഗാറ്റ, ദ ടൂര്‍ ഓഫ് ഖത്തര്‍ സൈക്ലിങ് എന്നിവ ഇവയില്‍ ചിലതാണ്. ഇതോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒട്ടേറെ ഫുട്‌ബോള്‍ മത്സരങ്ങളും മറൈന്‍ സ്‌പോര്‍ട്‌സും ഖത്തര്‍ വിജയകരമായി സംഘടിപ്പിച്ചു.
'കായികരംഗത്തിന് ഖത്തറില്‍ ഇന്ന് വലിയ ഒരു പങ്കുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ ബഹുദൂരം പിന്നിട്ടു കഴിഞ്ഞു. കായിക പുരോഗതി നേടാനുള്ള രാജ്യത്തിന്റെ ലക്ഷ്യത്തില്‍ നിരവധി വിജയങ്ങളും നേടിക്കഴിഞ്ഞു. അടുത്ത ഘട്ടത്തിലേക്കാണ് ഇനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്' ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറല്‍ ശൈഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു.
ഈയിടെ രൂപവത്കരിച്ച കായിക വകുപ്പിനൊപ്പം ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയാണ് രാജ്യത്തെ കായിക മത്സരങ്ങളുടെ മേല്‍നോട്ടക്കാര്‍. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ രാജ്യത്തെ പ്രധാന കായികകേന്ദ്രമായി ഖത്തര്‍ മാറുന്നെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
1979 ല്‍ രാജ്യാവകാശിയായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയാണ് ഖത്തറിനെ പ്രധാന കായിക കേന്ദ്രമാക്കാനുള്ള ശ്രമം ആരംഭിച്ചത്. ആ സമയത്തു തന്നെയാണ് രാജ്യത്ത് ചില വന്‍കിട ക്‌ളബുകള്‍ രൂപം കൊണ്ടതും. 1995 ല്‍ ശൈഖ് ഹമദ് അമീര്‍ ആയതോടെ രാജ്യത്തെ കായികരംഗത്തിന് നവോന്മേഷം കൈവന്നു. കായിക സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ഒരു രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് അന്നു മുതല്‍ വലിയ ലക്ഷ്യങ്ങള്‍ കൈവന്നു.
കായിക സംസ്‌കാരം വളര്‍ത്തിയെടുക്കണമെങ്കില്‍ ആദ്യം ആവശ്യം മികച്ച അടിസ്ഥാന സൗകര്യങ്ങളാണെന്ന ഭരണാധികാരികളുടെ തിരിച്ചറിവ് ഖത്തറിന്റെ മുഖച്ഛായതന്നെ മാറ്റി. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങള്‍ക്കായി ശതകോടി ഡോളറിന്റെ നിക്ഷേപങ്ങളാണ് രാജ്യത്ത് നടപ്പാക്കിയത്. ഒപ്പം അന്താരാഷ്ട്രതലത്തിലുള്ള ഒട്ടേറെ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാനും തുടങ്ങി. ഖത്തറിന് ആദ്യമായി അവസരം കിട്ടിയത് 1995ലായിരുന്നു. ആ വര്‍ഷത്തെ ലോക യൂത്ത് ഫുട്‌ബോള്‍മത്സരത്തിന്റെ നടത്തിപ്പില്‍ നിന്ന് അവസാന നിമിഷം നൈജീരിയ പിന്‍മാറിയതിനെത്തുടര്‍ന്ന് ഖത്തര്‍ ഏറ്റെടുക്കുകയായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആ ദൗത്യം വിജയകരമാക്കിയതോടെ പിന്നീടുള്ള 30 വര്‍ഷങ്ങള്‍ ഒരു കായികകേന്ദ്രമെന്ന നിലയില്‍ ഖത്തര്‍ വളരാന്‍ തുടങ്ങി.
ഖത്തറിന്റെ കായികവികസന പദ്ധതികള്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. പൗരന്‍മാരുടെ ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും രാജ്യം ഗൗരവകരമായി ചിന്തിച്ചു തുടങ്ങി. ഇതിന്റെ പ്രതിഫലനമായിരുന്നു ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി സ്‌കൂളുകളിലാരംഭിച്ച സ്‌കൂള്‍സ് ഒളിമ്പിക് പ്രോഗ്രാം എന്ന പദ്ധതി. ഇത് വലിയ വിജയമായി. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പദ്ധതിക്കു കീഴില്‍ ആണ്‍പെണ്‍ ഭേദമെന്യേ വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനം നല്‍കാന്‍ തുടങ്ങിയതിന് ഈ പദ്ധതിയോട് കടപ്പെട്ടിരിക്കുന്നു. കടുത്ത വേനലില്‍ പോലും കായിക പ്രതിഭകളുടെ പരിശീലനം മുടങ്ങാതിരിക്കാനായി ഒട്ടേറെ ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും രാജ്യത്ത് നിര്‍മിച്ചു.
ഫുട്‌ബോളാണ് രാജ്യത്തെ ജനപ്രിയ കായിക ഇനമെങ്കിലും ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, മോട്ടോര്‍മറൈന്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഖത്തറുകാര്‍ നെഞ്ചോട് ചേര്‍ക്കുന്നു. രാജ്യത്തെ അറിയപ്പെടുന്ന കായികതാരമാണ് മള്‍ട്ടിപ്പിള്‍ റാലി ചാമ്പ്യനും ലണ്ടന്‍ ഒളിമ്പിക്‌സിലെ ഷൂട്ടിങ് വെങ്കലമെഡല്‍ ജേതാവുമായ നസീര്‍ സാലേ അല്‍ അറ്റിയ. ധക്കാര്‍ റാലി രണ്ടുതവണയും മിഡില്‍ ഈസ്റ്റ് റാലി ചാമ്പ്യന്‍ഷിപ്പ് ഒട്ടേറെ തവണയും നസീര്‍ നേടിയിട്ടുണ്ട്.
മികച്ച കായിക പാമ്പര്യമുള്ളയാളാണ് ഖത്തറിന്റെ ഇപ്പോഴത്തെ അമീറായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി. ജൂനിയര്‍ തലത്തില്‍ ടെന്നീസ് താരമായിരുന്നു ഇദ്ദേഹം. ശൈഖ് തമീം തന്നെയാണ് ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ തലവന്‍. രാഷ്ട്രത്തലവന്‍തന്നെ ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ തലപ്പത്തിരിക്കുന്ന രാജ്യമെന്ന അപൂര്‍വ റെക്കോഡും ഇതോടെ ഖത്തറിന് ലഭിച്ചു. കായികരംഗം രാജ്യത്ത് വലിയ പ്രാധാന്യം നേടുന്നുവെന്നതിന്റെ തെളിവാണിത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗം കൂടിയാണ് ശൈഖ് തമീം.
ദേശീയ കായിക ദിനമാചരിക്കുന്ന വളരെ കുറച്ച് രാജ്യങ്ങളിലൊന്നു കൂടിയാണ് ഖത്തര്‍. 2012 മുതല്‍ ഫിബ്രവരി രണ്ടാമത്തെ ചൊവ്വാഴ്ച ദേശീയ കായിക ദിനമായി രാജ്യം ആഘോഷിക്കുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഖത്തറി സമൂഹം കായികമേഖലയ്ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്നാണ്. ലോകത്തെ മുന്‍നിര കായികവിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ 2013 ല്‍ വേള്‍ഡ് ട്രാവല്‍ പുരസ്‌കാരവും നേടി. അബുദാബി, ഓക്‌ലന്‍ഡ്, ബെയ്ജിങ്, ദുബായ്, ഡര്‍ബന്‍, ലണ്ടന്‍, മെല്‍ബണ്‍, ന്യൂഓര്‍ലിയന്‍സ്, റിയോ ഡി ജനീറോ, സിയൂള്‍, ടോക്കിയോ, വാങ്കോവര്‍ എന്നീ പ്രമുഖ നഗരങ്ങളെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്.
2008 മുതല്‍ 2010 വരെ ഡബ്‌ള്യു.ടി.എ. വനിതാ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ്, 2010 ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍, ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് എന്നിവയ്ക്കും ഖത്തര്‍ ആതിഥേയരായി. തലസ്ഥാനമായ ദോഹയിലെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഖലീഫ ഇന്റര്‍നാഷണല്‍ ടെന്നീസ് കോംപ്ലക്‌സ് കായികരംഗത്തെ ഖത്തറിന്റെ അഭിമാനമാണ്. 2015 ല്‍ പുരുഷന്‍മാരുടെ ലോക ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനും ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിനും ലോകഷോര്‍ട്ട് കോഴ്‌സ് സ്വിമ്മിങ്ങിനും വേദിയായി. നിലവില്‍ 2019ലെ ഐ.എ.എ.എഫ്. വേള്‍ഡ് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനും 2022ലെ ഫിഫ വേള്‍ഡ് കപ്പിനുമുള്ള വേദിയായി ഖത്തര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016, 2020 വര്‍ഷത്തെ ഒളിമ്പിക്‌സ് വേദിക്കായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും സമീപകാലത്ത് ഒരു ഗള്‍ഫ് ഒളിമ്പിക്‌സ് നമുക്ക് ഖത്തറില്‍ പ്രതീക്ഷിക്കാം.
വനിതാ സ്‌പോര്‍ട്‌സിനും രാജ്യത്ത് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. വനിതാ കായിക വിഭാഗം കൈകാര്യം ചെയ്യാനായി ഖത്തറിന്റെ ദേശീയ ഒളിമ്പിക് കമ്മിറ്റിയില്‍ ഒരു പ്രത്യേക വിഭാഗംതന്നെ രൂപവത്കരിച്ചിട്ടുണ്ട്. ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള ഖത്തറിന്റെ സംഘത്തില്‍ ആദ്യമായി മൂന്നു പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടത് അറബ് നാട്ടില്‍ മാറ്റത്തിന്റെ കാറ്റുവീശുന്നുവെന്നതിന്റെ സൂചനയാണ്. പശ്ചിമേഷ്യയിലെ ആദ്യത്തെ വനിതാ റാലി െ്രെഡവറായ നഡാ സെയ്ദാന്‍ ഖത്തറിന്റെ സംഭാവനയാണ്.
ഒരു ആധുനിക കായികരാജ്യമായി മാറുന്നതിനുള്ള വഴിയില്‍ മറികടക്കാന്‍ ഒട്ടേറെ പ്രതിബന്ധങ്ങളാണ് ഖത്തറിനെ കാത്തിരിക്കുന്നത്. ഇത് തരണം ചെയ്തുകൊണ്ട് ഈ കാലത്തിനിടയില്‍ ട്രാക്കിന് അകത്തും പുറത്തും അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ നേട്ടങ്ങളാണ് ഖത്തര്‍ നേടിയത്. അറബ്പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിന്ന് മറ്റ് ലോകരാജ്യങ്ങള്‍ക്കൊപ്പം കായികരംഗത്തേക്ക് മാര്‍ച്ച് ചെയ്യാന്‍ ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു.
(ദോഹ സ്‌റ്റേഡിയം പ്ലസ് സ്‌പോര്‍ട്‌സ് വീക്കിലി മാനേജിങ് എഡിറ്ററാണ് ലേഖകന്‍)