
വാക്കുകളുടെ സുകൃതങ്ങളിലേ ക്കും സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കും ഒരു ജനതയെ പ്രത്യാനയിക്കാന്‍ മാതൃഭൂമിക്ക് പിറന്നേ മതിയാകൂ. ഉറവകളുമായി പുറപ്പെട്ട നദിക്ക് സമുദ്രത്തിന്റെ ലവണജലം കുടിച്ചേ മതിയാകൂ.
ബ്രിട്ടീഷ് ഭരണത്തിന്റെ ശാസനകള്‍ക്കുകീഴില്‍ ഞെരിഞ്ഞമര്‍ന്നു ജീവിച്ച ജനതയ്ക്ക് പുറംലോകം അജ്ഞാതമായ വന്‍കരപോലെയായിരുന്നു. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് അവരറിഞ്ഞിരുന്നില്ല. തിരുവിതാംകൂറായും കൊച്ചിയായും മലബാറായും മുറിഞ്ഞുകിടന്ന കേരളം, മൂന്നുരാജ്യങ്ങളെപ്പോലെ ജീവിച്ചു. ബ്രിട്ടീഷ് മലബാറിലെ ജീവിതം ഏറെ ദുസ്സഹമായിരുന്നു. 1919ല്‍ മഹാത്മജി മനഃശുദ്ധിക്കുവേണ്ടി തുടങ്ങിവെച്ച ഉപവാസവും ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയും ഭൂരിഭാഗവും അനേകദിവസങ്ങള്‍ക്കുശേഷമാണ് അറിഞ്ഞത്. ബ്രിട്ടീഷ് രാജ്യഭക്തിയുള്ള ഭൂരിഭാഗം പത്രങ്ങളും അതിന് പ്രാധാന്യം നല്കിയതുമില്ല. ജാലിയന്‍ വാലാബാഗിനെ തുടര്‍ന്ന് ടാഗോര്‍ നൈറ്റ്ഹുഡ് തിരിച്ചുകൊടുത്തത് മലബാര്‍ അറിഞ്ഞില്ല.
അന്നത്തെ കേരളത്തില്‍ പത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സമസ്തജീവിതത്തെ പ്രതിഫലിപ്പിക്കുന്ന പത്രങ്ങള്‍ ഇല്ലായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ ധീരമായി പങ്കെടുത്തവരുടെ പ്രവര്‍ത്തനങ്ങള്‍ അറിയിക്കുന്നതില്‍ മിക്കപത്രങ്ങളും വിമുഖതകാട്ടി. ചില മാധ്യമങ്ങള്‍ അമിതമായ രാജഭക്തിമൂലം സ്വാതന്ത്ര്യസമരത്തെ എതിര്‍ക്കുകപോലും ചെയ്തു.
1921ലെ ചരിത്രപ്രസിദ്ധമായ ഒറ്റപ്പാലം കോണ്‍ഗ്രസ് സമ്മേളനവും സമ്മേളനവേദിക്ക് പുറത്തുള്ള നരനായാട്ടും മലബാറില്‍ പോലും വേണ്ടത്ര അറിഞ്ഞില്ലെന്നു വന്നതോടെ, സമരനേതാക്കള്‍ അസ്വസ്ഥരായി. ഗാന്ധിജി ജയിലിലായിരുന്നു. മലബാര്‍ കലാപത്തിന്റെ വ്യാപ്തിയും വസ്തുതകളും ജനങ്ങള്‍ അറിയാതെപോയി. കലാപബാധിതമായ ഏറനാട്ടിലേക്ക് കെ.പി. കേശവമേനോനും അബ്ദുള്‍ റഹ്മാന്‍ സാഹബും പൊന്മാടത്തു മൊയ്തീന്‍കോയയും യു. ഗോപാലമേനോനും ഉള്‍പ്പെടെ 24 പേരുടെ സാഹസികയാത്രയും പട്ടാളക്കാര്‍ അവരെ ക്രോധപൂര്‍വം തുപ്പിയതും ലഹളസ്ഥലത്തുവെച്ച് ആലിമുസ്‌ല്യാര്‍ ആശ്ലേഷിച്ചതും മറ്റും ജനങ്ങള്‍ പൂര്‍ണമായി അറിഞ്ഞില്ല. ഇക്കാര്യങ്ങള്‍ അറിയിച്ച് വിരോധം സമ്പാദിക്കാന്‍ അന്നത്തെ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ലായിരുന്നു.
സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനിറങ്ങിയ കോണ്‍ഗ്രസ്സിന് മുഖപത്രമില്ലായിരുന്നു. വിവരങ്ങള്‍ അച്ചടിച്ച് വിതരണംചെയ്യാന്‍ പ്രസ്സുമില്ലായിരുന്നു. ബ്രിട്ടീഷ് പോലീസിന്റെ ചാരക്കണ്ണുകള്‍ എപ്പോഴും കോണ്‍ഗ്രസ്സിനെ പൊതിഞ്ഞുനിന്നു. മദിരാശിയില്‍നിന്നുള്ള 'ഹിന്ദു' ദിനപ്പത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ തെല്ലെങ്കിലും നല്കിയിരുന്നത്. സ്വന്തമായി പത്രം വേണം, പ്രസ് വേണം, വിതരണം ചെയ്യാന്‍ ആളുകള്‍ വേണം ഈ ആശയം കെ.പി. കേശവമേനോനും കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും കെ. മാധവന്‍നായരുമാണ് ആദ്യം ചര്‍ച്ചചെയ്തത്. പിന്നീട് അവര്‍ ഈ ആശയം പി. അച്യുതന്‍ വക്കീലും കെ. കേശവന്‍നായരുമായും പങ്കുവെച്ചു.

ഏറനാട് കലാപത്തിനുമുമ്പ് 'നവീനകേരളം' എന്നപേരില്‍ ഒരു പത്രം തുടങ്ങുന്നതിനെപ്പറ്റി നേതാക്കള്‍ ആലോച്ചിരുന്നു. കലാപത്തിനുശേഷം മദിരാശിയിലേക്ക് പോയ യു. ഗോപാലമേനോനും, കെ.വി. കുഞ്ഞുണ്ണിമേനോനും ചെറിയൊരു പ്രസ് വാങ്ങി 'നവീനകേരളം' വാരികയായി അവിടെനിന്ന് പ്രസിദ്ധപ്പെടുത്തി. ഇതോടെ പുതിയ പത്രം തുടങ്ങണമെങ്കില്‍ നല്ലൊരു പേരും വേണമെന്നായി. പല പേരുകളും ചര്‍ച്ചയ്ക്കുവന്നു. ദേശോദ്ധാരിണി, സ്വാതന്ത്ര്യ കാഹളം, അരുണോദയം എന്നൊക്കെയുള്ള പേരുകളും മനസ്സില്‍വന്നു. കൂടുതല്‍ നല്ല പേരിനുവേണ്ടി കേശവമേനോന്‍ കാത്തിരുന്നു.അന്ന് വൈകിട്ട് വീട്ടില്‍ വന്നുകയറുമ്പോള്‍ അന്തഃരംഗത്തില്‍നിന്നും ഒരു വെളിച്ചം പൊട്ടിച്ചിതറുന്നതുപോലെ കേശവമേനോന്റെ മനസ്സില്‍ ഒരു പേര്‍ വന്നുവീണു മാതൃഭൂമി.
പലതവണ ആ പേര്‍ ഉരുവിട്ടു. ആലോചിക്കുംതോറും, അതിന് ഗംഭീരമായൊരു ഭാവാര്‍ഥം കൈവന്നു. പിറന്നമണ്ണിനെ, അമ്മയെ വിമോചിപ്പിക്കാനുള്ള പോരാട്ടത്തിന് ഇച്ഛാശക്തിയും പ്രചോദനം നല്‍കുന്നതുമായിരുന്നു ആ പേര്‍. മാതൃഭൂമി എന്ന പേര്‍ കടന്നുവന്നതോടെ മറ്റെല്ലാ പേരുകളും നിഷ്പ്രഭമായി. അപ്പോള്‍ത്തന്നെ പേര്‍ മറ്റുള്ളവരെ അറിയിക്കാന്‍ കേശവമേനോന് തിടുക്കമായി. വീട്ടില്‍നിന്നിറങ്ങി അദ്ദേഹം കെ. കേശവന്‍നായരുടെ വീട്ടിലെത്തി. പേര്‍ കേട്ടപാടെ കേശവന്‍നായര്‍ക്ക് മനസ്സുനിറഞ്ഞു. ഇനി ഇത് ആരോടും പറയേണ്ടെന്ന് അദ്ദേഹം ചട്ടംകെട്ടി. എന്നിട്ട് എല്ലാവരെയും രഹസ്യമായി അറിയിക്കുകയും ചെയ്തു!
എങ്ങനെയെങ്കിലും പത്രം തുടങ്ങുക. ബാക്കിയെല്ലാം ശരിയാകുമെന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ടായിരുന്നു. പിന്നീട് പണം സമാഹരിക്കാനുള്ള യത്‌നം തുടങ്ങി. ഓഹരി ഒന്നിന് അഞ്ചുരൂപ വീതം 20,000 ഓഹരി പിരിക്കാനാണ് ശ്രമം തുടങ്ങിയത്. അത് ലഭിക്കും എന്ന പ്രതീക്ഷയോടെ 1922 ഫിബ്രവരി 15ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി രജിസ്റ്റര്‍ ചെയ്തു.
ഡയറക്ടര്‍മാര്‍ അക്കൊല്ലം മാര്‍ച്ച് 22ന് ആദ്യയോഗം ചേര്‍ന്നു. കെ.പി. കേശവമേനോന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കെ. മാധവന്‍നായരെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ആദ്യമായി കുറൂരിന് അമ്പത് ഓഹരികള്‍ അനുവദിക്കുകയും ചെയ്തു. കേശവമേനോന്‍ 'ബിലാത്തിവിശേഷം' എന്ന തന്റെ ബുക്കിന്റെ രണ്ടാംപതിപ്പ് മംഗളോദയം കമ്പനിക്ക് വിറ്റാണ് ഓഹരി വാങ്ങാന്‍ പണം കണ്ടെത്തിയത്.
എന്നാല്‍ പൊതുജനങ്ങളില്‍നിന്ന് ഓഹരി പിരിക്കാനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും വിജയിച്ചില്ല. പലപ്പോഴും ഓഹരി എടുക്കാനുള്ള ശ്രമങ്ങള്‍ കയേ്പറിയ അനുഭവങ്ങളായി പരിണമിച്ചു. കോണ്‍ഗ്രസ്സിനോട് അനുഭാവമുണ്ടായിരുന്നവരില്‍ പലരും പരസ്യമായി ഓഹരിയെടുക്കാന്‍ ഭയപ്പെട്ടു.
റോബിന്‍സണ്‍ റോഡില്‍ അന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കുറുപ്പത്ത് കേശവമേനോന്റെ വിക്ടോറിയ എംപ്രസ് പ്രസ്സും സ്ഥലവും കെട്ടിടവും വാങ്ങാന്‍ 21,500 രൂപയാണ് വില നിശ്ചയിച്ചിരുന്നത്. റൊക്കം തുക നല്‍കാന്‍ പണമില്ലാത്തതുകൊണ്ട് 7,500 രൂപ കൊടുത്തു. ബാക്കി വസ്തുവില്‍ കടമായി നിര്‍ത്തി.
അക്കാലത്ത് എംപ്രസ് പ്രസ് നിന്നിരുന്ന സ്ഥലം പുഴവക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രസ്സിന്റെ കെട്ടിടം വളരെ ചെറുതായിരുന്നു. മുന്‍വശത്ത് രണ്ടുനിലയും പിന്‍ഭാഗത്ത് ഒരു ഹാളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
വിക്ടോറിയ എംപ്രസ് പ്രസ്സ് ഉപയോഗിച്ച് പത്രം അച്ചടിക്കാന്‍ കഴിയുമായിരുന്നില്ല. അന്ന് വിദ്യാവിലാസം പ്രസ്സിലുണ്ടായിരുന്ന പഴയൊരു സിലിണ്ടര്‍ പ്രസ് 900 ക. നല്‍കി വാങ്ങി. ഫോര്‍മാന്‍ ചാത്തുക്കുട്ടിയാണ് ആ യന്ത്രം വാങ്ങാന്‍ പ്രേരിപ്പിച്ചത്. 1930 വരെ ആ സിലിണ്ടര്‍ പ്രസ് മാതൃഭൂമിയെ സേവിച്ചു. ഈ അച്ചടിയന്ത്രം വാങ്ങിയതോടെ പണം മുഴുവന്‍ തീര്‍ന്നു. എന്തായാലും പത്രം വേഗത്തില്‍ തുടങ്ങാന്‍ തീരുമാനിച്ചു. പത്രാധിപത്യം കെ.പി. കേശവമേനോനെ ഏല്പിച്ചു. ശമ്പളം 150 രൂപ. മാനേജര്‍ കെ. മാധവന്‍നായര്‍. ശമ്പളം 125 രൂപ.
1923 മാര്‍ച്ച് 18ന് പത്രത്തിന്റെ ഒന്നാം ലക്കം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. ഗാന്ധിജിയെ തടവിലാക്കി, ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനമായിരുന്നു മാര്‍ച്ച് 18. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് പത്രം പ്രസിദ്ധീകരിക്കേണ്ടതെന്നും നിശ്ചയിച്ചിരുന്നു. മാര്‍ച്ച് 18 ഞായറാഴ്ചയായതിനാല്‍, ഒരു ദിവസം മുമ്പേ, പത്രം തയ്യാറാക്കാന്‍ തീരുമാനിച്ചു.
അന്ന് മാതൃഭൂമി ഓഫീസില്‍ തന്നെയാണ് കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസും ഖാദി ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ തുടങ്ങിയാല്‍ രാത്രി വരെ പ്രവര്‍ത്തകരുടെ തിരക്ക്, അതിനിടയിലായിരുന്നു മാതൃഭൂമിയുടെ ആദ്യലക്കത്തിന്റെ ഒരുക്കം. കെ. കേളപ്പന്‍, കെ.പി. കേശവമേനോന്‍, ടി.സി. ചാത്തുക്കുട്ടിനായര്‍, കെ. കേശവന്‍നായര്‍ എന്നിവരൊക്കെ സദാസമയവും അവിടെയുണ്ടായിരുന്നു.
പ്രസ്സില്‍ പരിചയമുള്ളവര്‍ കുറവായിരുന്നു. എം. ചന്തുക്കുട്ടിയായിരുന്നു ഫോര്‍മാന്‍. കെ. ചാത്തുക്കുട്ടി മെഷീന്‍മാനും. കമ്പോസിങ് അറിയാവുന്നവര്‍ കോഴിക്കോട് അക്കാലത്ത് പ്രസിദ്ധപ്പെടുത്തിയ, മനോരമ(ഇന്നത്തെ മനോരമയിലല്ല)യില്‍ നിന്നുള്ള വരായിരുന്നു. മംഗളോദയത്തില്‍നിന്നുവന്ന പെട്ടിപ്പൊളിഞ്ഞ ടൈപ്പുകള്‍ കൂടിക്കലര്‍ന്നത് തരംതിരിച്ചാണ് ചിലര്‍ കമ്പോസിങ് പഠിച്ചതുതന്നെ. പത്തുപേജുള്ള പത്രത്തിന്റെ ഉള്ളടക്കം നേരത്തേ ആസൂത്രണം ചെയ്തിരുന്നു. പ്രസിദ്ധീകരണത്തിന് രണ്ടുദിവസം മുമ്പ് ആ ഹാളില്‍ നടന്ന പ്രവര്‍ത്തനം വിവരിക്കാന്‍ പ്രയാസമാണ്.
അന്നുരാവിലെ, കേശവ മേനോന്‍ മാതൃഭൂമിയുടെ നയവും ലക്ഷ്യവും വിവരിക്കുന്ന പ്രസ്താവന തയ്യാറാക്കിക്കൊണ്ടുവന്നിരുന്നു. അതുകൂടി കമ്പോസ്‌ചെയ്ത്, മാറ്റംവരുത്തി, മിനുക്കിയെടുത്തതോടെ കമ്പോസിങ് പൂര്‍ത്തിയായി. കോളം പ്രൂഫുകള്‍ വായിച്ചശേഷം ഓരോ പേജുകള്‍ ഓരോന്നായി കെട്ടിത്തുടങ്ങി.
ഫോറങ്ങളെല്ലാം മുറുകിയ പ്പോള്‍ പുലര്‍ച്ചെ നാലുമണിയായി. ഫോര്‍മാന്‍ ചാത്തുക്കുട്ടി മെഷീന്‍ കൈക്കൊണ്ട് തിരിച്ചു. ഒരു മഹാപ്രസ്ഥാനത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ആദ്യം അച്ചടിച്ച പത്രം ഫോര്‍മാന്‍, പത്രാധിപര്‍ കേശവമേനോന്റെ കൈകളില്‍വെച്ചുകൊടുത്തു. മണ്ണെണ്ണവിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ അദ്ദേഹമത് വായിച്ചു. മാധവന്‍നായരും അച്യുതന്‍ വക്കീലുമെല്ലാം പിന്നാലെ മാതൃഭൂമിയുടെ ആദ്യത്തെ ലക്കം കൈയിലെടുത്തു. അങ്ങനെ, മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു പത്രം പിറന്നുവീണു.