ഗള്‍ഫ് നാടുകളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം അരനൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. അറബ്‌നാടുകളില്‍നിന്ന് കച്ചവടത്തിനായി കേരള തീരങ്ങളിലെത്തിയ പത്തേമാരികളിലും ലോഞ്ചുകളിലും അധികാരികളറിയാതെ കയറിക്കൂടി അന്നംതേടി മറുകരയ്ക്ക് നീന്തിക്കയറിയവരുടെ തലമുറ ഏതാണ്ട് ഇല്ലാതായിത്തുടങ്ങി. രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ നാട്ടിലേക്ക് സമ്പാദ്യവുമായി മടങ്ങിയ ആ തലമുറയുടെ കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയും കഥ പ്രവാസലോകത്തിന് ഇന്നും അമ്പരപ്പിന്റേതുകൂടിയാണ്. നാട്ടിലെ വാര്‍ത്തകളറിയാന്‍ വല്ലപ്പോഴും എത്തുന്ന കത്തുകളെയും എന്നെങ്കിലും കിട്ടിയേക്കാവുന്ന ഫോണ്‍ സന്ദേശത്തിനുമായി ആ തലമുറ കാത്തിരുന്നു. നാട്ടില്‍ വിരഹത്തിന്റെ നൊമ്പരങ്ങളോടെ കാത്തിരുന്ന പ്രിയപ്പെട്ടവരുടെ തേങ്ങലുകള്‍ പിന്നീട് ഗാനങ്ങളായി കാസറ്റുകളില്‍ നിറഞ്ഞു. ഗള്‍ഫിലെ പ്രവാസികളുടെ നൊമ്പരത്തിന്റെ, പ്രയാസങ്ങളുടെ, ഏകാന്തതയുടെ ചിത്രങ്ങള്‍കൂടിയായിരുന്നു അത്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചകൂടുമ്പോഴോ എത്തിക്കൊണ്ടിരുന്ന ദിനപ്പത്രങ്ങള്‍ക്കുചുറ്റും വാര്‍ത്തകള്‍ അറിയാന്‍ അവര്‍ കൂടിനിന്നു.
എന്നാല്‍, ഇത് അവരുടെ പിന്‍മുറക്കാരുടെ കാലമാണ്. വാരാന്ത്യ അവധികളില്‍ നാട്ടില്‍പ്പോയി മടങ്ങുന്ന പ്രൊഫഷണലുകളും വ്യാപാരികളുംവരെ സാധാരണമായിരിക്കുന്ന കാലം. വാര്‍ത്തകളറിയാന്‍ പഴയതുപോലെ നാട്ടില്‍നിന്നെത്തുന്നവരുടെ പെട്ടി പൊളിക്കുന്നത് ആരും കാത്തിരിക്കുന്നില്ല. എല്ലാം ഇപ്പോള്‍ തത്‌സമയമാണ്. നിര്‍മാണസ്ഥലങ്ങളില്‍പ്പോലും വിശ്രമത്തിനിടയില്‍ ഫെയ്‌സ്ബുക്കിലും വാട്ട്‌സ്ആപ്പിലും സജീവമാകുന്ന തൊഴിലാളികള്‍വരെ എല്ലായിടത്തും സാധാരണകാഴ്ച. .
വാര്‍ത്തകളോട് ഇത്രയേറെ അടുത്തുനില്‍ക്കുകയും താത്പര്യപ്പെടുകയും അതില്‍ തലപുകയ്ക്കുകയും ചെയ്യുന്ന മലയാളികളെ കവച്ചുവെക്കുന്ന വേറൊരു സമൂഹം ലോകത്ത് ഉണ്ടാവുമോ? ചുരുങ്ങിയപക്ഷം ഗള്‍ഫ് നാടുകളിലെങ്കിലും അത് മലയാളികള്‍ക്കുമാത്രം അവകാശപ്പെട്ട വിശേഷണമായിരിക്കും എന്നതില്‍ തര്‍ക്കമുണ്ടാവില്ല. ഗള്‍ഫ് നാടുകളില്‍ പ്രവാസികളുടെ ഓരോ ചലനവും രേഖപ്പെടുത്താനും അവരുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലും കൂടെ നില്‍ക്കാനും മലയാള മാധ്യമങ്ങളെ വെല്ലാന്‍ ഇന്ന് പ്രവാസലോകത്ത് മറ്റൊരു ഭാഷക്കാരും രാജ്യക്കാരും ഇല്ല എന്നുതന്നെ തീര്‍ത്തുപറയാം. ഒരു പക്ഷേ, ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവുമേറെ മലയാളി മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുമുള്ള സ്ഥലം യു.എ.ഇ. ആയിരിക്കുമെന്നതില്‍ ആരും തര്‍ക്കമുന്നയിക്കില്ല. ദിനപ്പത്രങ്ങളുടെയും വാര്‍ത്താചാനലുകളുടെയും കാര്യത്തിലായിരിക്കാം ഡല്‍ഹി മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍, റേഡിയോ മാധ്യമങ്ങളുടെകൂടി കണക്കെടുത്താല്‍ ഡല്‍ഹിയെ മാത്രമല്ല, ദുബായ് എന്ന സ്വപ്നനഗരം കേരളത്തിലെ ഏത് ജില്ലാ ആസ്ഥാനത്തെയും പിന്നിലാക്കും. അതാണ് ഗള്‍ഫ്‌നാടുകളിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ഏകദേശചിത്രം. ഇതാകട്ടെ പതുക്കെപ്പതുക്കെ മറ്റ് അറബ്‌നാടുകളിലേക്കും വ്യാപിക്കുകയാണ്.
ഖത്തറിലേക്കുള്ള മാതൃഭൂമിയുടെ വരവ് ഏറെ ആവേശത്തോടെയാണ് പ്രവാസികള്‍ കാത്തിരിക്കുന്നത്. കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പിറന്ന 'മാതൃഭൂമി'യുടെ നവതി ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ആദ്യത്തെ ഗള്‍ഫ് പതിപ്പ്. മാതൃഭൂമിയുടെ പിറന്നാളായ 2013 മാര്‍ച്ച് 18ന് ദുബായില്‍നിന്നാണത് പുറത്തിറങ്ങിയത്. മുംബൈവഴിമാത്രം ഗള്‍ഫ്‌യാത്ര സാധ്യമായിരുന്ന കാലത്തും പ്രവാസികള്‍ക്ക് വാര്‍ത്തകള്‍ എത്തിച്ചുകൊണ്ടിരുന്നത് 'മാതൃഭൂമി'യായിരുന്നു. അന്നത്തെ ഗള്‍ഫ് എഡിഷന്‍ പത്രങ്ങളുടെ കോഴിക്കോട്ടുനിന്നുള്ള യാത്ര പ്രവാസിയുടെ യാത്രപോലെത്തന്നെയായിരുന്നു. തീവണ്ടിയുടെ പാര്‍സല്‍ വാനില്‍ കോഴിക്കോട്ടുനിന്ന് അത് മുംബൈയിലേക്ക് പോകും. പത്രത്തിന്റെ അച്ചടി അല്പം വൈകിപ്പോയാല്‍ ആ രാത്രിയിലെ തീവണ്ടിയാത്ര പിറ്റേന്നത്തേക്ക് നീളും. രണ്ടുദിവസത്തിനുശേഷം മുംബൈയിലെത്തിയ പത്രക്കെട്ടുകള്‍ ദുബായ് വിമാനത്തിലേക്ക്. അവിടെനിന്ന് ദുബായിലെ ഏജന്റുമാര്‍ ഏറ്റെടുക്കുന്ന പത്രം പിറ്റേന്ന് വരിക്കാരെത്തേടിയുള്ള യാത്ര തുടങ്ങും. മറ്റ് അറേബ്യന്‍ നഗരങ്ങളിലേക്കുള്ള യാത്രയും അവിടെനിന്നായിരുന്നു. ഒരാഴ്ചയിലേറെ നീളുന്ന ഈ യാത്ര പക്ഷേ, വായനക്കാരെ മുഷിപ്പിച്ചിരുന്നില്ല. കാരണം, അവര്‍ക്ക് അതായിരുന്നു ലോകസഞ്ചാരത്തിലേക്കും നാട്ടുവിശേഷത്തിലേക്കുമുള്ള ഏകപാത. വാര്‍ത്തകളുടെ ചൂട് നഷ്ടപ്പെട്ടിരുന്നെങ്കിലും പ്രവാസി വായനക്കാര്‍ ആ വാര്‍ത്തകളെ കാത്തിരുന്നു. മാതൃഭൂമി അവര്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു.
കോഴിക്കോട് വിമാനത്താവളം വന്നതോടെ ഈ യാത്ര കുറേക്കൂടി എളുപ്പമായി. മുംബൈയാത്ര ഒഴിവായെങ്കിലും പത്രങ്ങള്‍ ഒരു ദിവസം വൈകിയാണ് എത്തിക്കൊണ്ടിരുന്നത്. എങ്കിലും മാതൃഭൂമിക്കായി അവര്‍ കാത്തിരുന്നു. നിത്യേനയുള്ള വാര്‍ത്തകള്‍ അതതുദിവസംതന്നെ കിട്ടണമെന്ന പ്രവാസികളുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായിരുന്നു മൂന്നുവര്‍ഷംമുമ്പുള്ള ആദ്യപതിപ്പ്. യു.എ.ഇ.യിലെയും ഒമാനിലെയും വായനക്കാര്‍ക്കായി മാതൃഭൂമി അതിരാവിലെത്തന്നെ എത്തിത്തുടങ്ങി. അതാകട്ടെ നേരത്തേ ഉണ്ടായിരുന്ന വൈകാരികബന്ധത്തിന്റെ തുടര്‍ച്ചയായി മാറി. ആ തുടര്‍ച്ചയുടെ പുതിയ അധ്യായത്തിനാണ് ദോഹയില്‍ തുടക്കമാവുന്നത്. ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്ന് എന്ന പദവിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ ആസ്ഥാന നഗരത്തില്‍നിന്ന് മാതൃഭൂമിയുടെ പതിനാറാമത് എഡിഷനാണ് പുറത്തിറങ്ങുന്നത്.
ഗള്‍ഫ് നാടുകള്‍ ഇന്ന് മലയാള മാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രവര്‍ത്തനകേന്ദ്രങ്ങളാണ്. ദുബായില്‍മാത്രം അഞ്ച് മലയാള ദിനപ്പത്രങ്ങളുണ്ട്. കേരളത്തിലെ എല്ലാ മുഖ്യധാരാ ദൃശ്യമാധ്യമങ്ങളും അവരുടെ ഓഫീസുകളുമായി ഇവിടെ സജീവമാണ്. ആറ് എഫ്.എം. റേഡിയോ സ്റ്റേഷനുകള്‍, മൂന്ന് എ.എം. റേഡിയോ നിലയങ്ങള്‍ എന്നിവ വേറെ. ദോഹയും മലയാള ദിനപ്പത്രങ്ങളുടെ വലിയ കേന്ദ്രമായി വളരുകയാണ്. മാതൃഭൂമിയുടെ വരവാകട്ടെ അതിന് പൂര്‍ണത നല്‍കുന്നു. മാതൃഭൂമി ദിനപ്പത്രത്തിന്റെയും മാതൃഭൂമി ന്യൂസ് ചാനലിന്റെയും ഗള്‍ഫ് മേഖലയിലെ ആസ്ഥാനമായി ദുബായ് മീഡിയാസിറ്റിയിലെ സീടവറില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നു.
അറബ് മേഖല ഏറെ പ്രശ്‌നസങ്കീര്‍ണ്ണമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ചില രാജ്യങ്ങളിലെ ആഭ്യന്തരപ്രശ്‌നങ്ങളും തീവ്രവാദി സംഘടനകളുടെ കടന്നുകയറ്റവും അറബ് മേഖലയില്‍ അസ്വസ്ഥതയുയര്‍ത്തുന്നു. തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ അംഗരാജ്യങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. മേഖലയില്‍ സമാധാനവും സൗഹാര്‍ദവും വളര്‍ത്താനായി എല്ലാ ജി.സി.സി. രാജ്യങ്ങളും ഒറ്റക്കെട്ടായി രംഗത്തുണ്ട്. അതിനോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട് മലയാള മാധ്യമങ്ങളും. ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളുടെ അത്താണിയാണ് ഗള്‍ഫ് നാടുകളിലെ തൊഴിലിടങ്ങള്‍. പിറന്ന നാടിനോടെന്നപോലെത്തന്നെ ജീവിക്കുന്ന നാടിനോടും മലയാളികള്‍ ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നു. ആ ഐക്യദാര്‍ഢ്യത്തിനും കൂട്ടായ്മയ്ക്കും കരുത്തുപകര്‍ന്ന് മലയാള മാധ്യമങ്ങളും നിലകൊള്ളുന്നു. മാതൃഭൂമിയാകട്ടെ യഥാര്‍ഥ പത്രത്തിന്റെ ശക്തിയുമായി അതിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങളിലും അവന്റെ സന്തോഷത്തിലും കണ്ണീരിലും കൂടെനില്‍ക്കുന്ന അതേ മനസ്സോടെ തന്നെ ഈ നാടിന്റെ വികാരത്തോടൊപ്പവും മാതൃഭൂമി അണിചേരുന്നു. ദുബായിക്കുപിന്നാലെ വരുന്ന ദോഹ എഡിഷന്‍ അതിന് ശക്തിപകരുന്നു.