മുത്താണ് ഖത്തര്‍

കെ. രാജേഷ്‌കുമാര്‍ Posted on: 17 Apr 2015


പല നിറങ്ങളില്‍ തിളങ്ങുന്ന മുത്തുകള്‍ കോര്‍ത്തുതുന്നിയ സ്വര്‍ണപ്പരവതാനിപോലെ നീണ്ടുകിടക്കുന്ന ദോഹയുടെ മടിത്തട്ടിലേക്ക് വിമാനം പറന്നിറങ്ങി. മലയാളികള്‍ നിറഞ്ഞിരിക്കുന്ന ബസ് പോലെയായിരുന്നു വിമാനം. അന്തരീക്ഷത്തില്‍ മലയാളം വാക്കുകള്‍ മാത്രം. മൊബൈലില്‍ കേള്‍ക്കുന്നതും മലയാളം പാട്ടുകള്‍. സഹയാത്രികരോട് മലയാളത്തില്‍ യാത്ര പറഞ്ഞ് വിമാത്താവളത്തില്‍നിന്ന് പിരിഞ്ഞ് ലോഡ്ജില്‍ എത്തി. ഇംഗ്ലീഷില്‍ മുറി ചോദിച്ചു. മറുപടി മലയാളത്തില്‍. നാട്ടീന്ന് എവിടുന്നാ. വരവിന്റെ ലക്ഷ്യം പങ്കുവെച്ചപ്പോള്‍ മുഖത്ത് സന്തോഷം. താക്കോല്‍ കൈമാറുന്നതിനൊപ്പം ആശംസയും. പിറ്റേന്ന് രാവിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയത് പേടിയോടെയാണ്. എന്താണ് കഴിക്കുകയെന്ന ചിന്ത കുഴക്കി. സപ്ലൈയര്‍ മുന്നില്‍ എത്തി. നമ്മുടെ നാട്ടിലെ ഹോട്ടലില്‍നിന്ന് കേള്‍ക്കുന്ന വാക്കുകള്‍. വെള്ളാപ്പം, കടലക്കറി, പൊറോട്ട, ചിക്കന്‍ മസാല, പൂരി, പയറുകറി, ചായ. എന്തും കഴിക്കാം. ഉച്ചയ്ക്ക് തനി കേരളഭക്ഷണം. കാണുന്നവരെല്ലാം മലയാളികള്‍. കേള്‍ക്കുന്നതെല്ലാം മലയാളം. ഖത്തറിനെ മലയാളംകൊണ്ട് പുതപ്പിച്ചിരിക്കുകയാണ് നമ്മള്‍. അത്രമേല്‍ ഖത്തര്‍ കേരളമായി മാറിയിരിക്കുന്നു.

അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ് ഖത്തര്‍. ആകാശത്ത് വട്ടമിട്ട് ക്രെയിനുകള്‍ രാവും പകലും പണിയെടുക്കുന്നു. അതിനുകീഴെ വിലമതിക്കാനാകാത്ത വിയര്‍പ്പൊഴുക്കിക്കൊണ്ട് ആയിരക്കണക്കിന് തൊഴിലാളികള്‍. നോക്കിനില്‍ക്കെ, നിരത്തിനിരുവശവും ബഹുനില കെട്ടിടങ്ങള്‍ ഉയരുന്നു. കൃത്യമായ പദ്ധതികളുമായി ദിവസങ്ങള്‍ക്കുള്ളില്‍ നാടിനെയാകെ മാറ്റിമറിച്ചുകൊണ്ട് പുതിയ റോഡുകള്‍ വരുന്നു. അടുക്കും ചിട്ടയുമുള്ള വികസന പദ്ധതികളാണ് എങ്ങും നടക്കുന്നത്. ആ തിരക്കിനിടയിലും തടസ്സമൊന്നുമില്ലാതെ ജീവിതം ഒഴുകുന്നു. അതാണ് ഖത്തര്‍. ഓരോരുത്തരുടെയും സ്വന്തം ഖത്തര്‍.

2022-ല്‍ എത്തുന്ന ലോകഫുട്ബോള്‍ മാമാങ്കത്തിന് വിരുന്നൊരുക്കാനുള്ള തിരക്കാണ് ഖത്തറിലെങ്ങും. പഴയതും വേണ്ടാത്തതുമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു. ദീര്‍ഘവീക്ഷണത്തോടെ പുതിയവ പടുത്തുയര്‍ത്തുന്നു. വരുന്ന ഏഴുവര്‍ഷംകൊണ്ട് മുഖമാകെ മാറാന്‍ ഒരുങ്ങുകയാണ് ഖത്തര്‍. ലോകകപ്പിന്റെ നടത്തിപ്പുചുമതല നല്‍കിയതിലൂടെ ലോകം അര്‍പ്പിച്ച വിശ്വാസം ആയിരം മടങ്ങ് ഇരട്ടിപ്പിച്ച് തിരിച്ചുനല്‍കാന്‍ അരയും തലയും മുറുക്കി തയ്യാറെടുക്കുകയാണ് ഈ നാട്.ഖത്തറിന്റെ വളര്‍ച്ചയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് നിര്‍ണായകമാണ്. അതു മനസ്സിലാക്കി ഇന്ത്യക്കാരെ തിരിച്ച് ബഹുമാനിക്കാനും അംഗീകരിക്കാനും ഖത്തര്‍ ശ്രമിക്കുന്നു. പൊന്നിന്റെ നിറമുള്ള ഈ മണ്ണില്‍ നിന്ന് പ്രശസ്തരായ മലയാളികള്‍ ഏറെയാണ്. അക്കൂട്ടത്തിലേക്ക് പുതിയ തലമുറയും കടന്നുവരുന്നു. ഉരുവില്‍ കയറി ആഴ്ചകളും മാസങ്ങളും യാത്ര ചെയ്താണ് പണ്ട് മലയാളികള്‍ ഖത്തറിലെത്തിയിരുന്നത്. കത്തയച്ചാല്‍ അതിന്റെ മറുപടി കൈയില്‍ കിട്ടിയിരുന്നതും മാസങ്ങള്‍ക്കുശേഷം. ഫോണ്‍ നമ്പറുകള്‍ ഡയല്‍ ചെയ്ത് കുഴങ്ങിയ നാളുകള്‍ ഓര്‍മയിലേക്ക് മാഞ്ഞുപോയിരിക്കുന്നു. കാസറ്റ് കത്തുകളുടെ കാലം കടലെടുത്തിരിക്കുന്നു. ഇന്ന് നാട്ടിലേക്കാള്‍ വേഗം ഗള്‍ഫ് മലയാളികള്‍ വിവരവിനിമയം നടത്തുന്നു. സാങ്കേതികവിദ്യയുടെ വളര്‍ച്ച പ്രവാസത്തിന്റെ ചൂട് ഇല്ലാതാക്കിയിരിക്കുന്നു. കമ്പ്യൂട്ടറുകള്‍ക്കും മൊബൈലിനും മുന്നില്‍ ഇരുന്ന് ദിവസവും നേരില്‍ക്കണ്ട് മലയാളികള്‍ കുടുംബാംഗങ്ങളോട് സംസാരിക്കുന്നു. ആവശ്യത്തിന് സര്‍വീസുകളുമായി വിമാനക്കമ്പനികള്‍ എത്തിയതോടെ ഗള്‍ഫില്‍നിന്ന് മണിക്കൂറുകള്‍ കൊണ്ട് മലയാളി വീടുകളില്‍ എത്തുന്നു. കാലത്തിന്റെ വളര്‍ച്ച ദൂരം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ വ്യവസായ, സാംസ്‌കാരിക, സാമൂഹികരംഗത്ത് മലയാളികള്‍ക്ക് കൂട്ടും തണലുമായി മലയാളി സംഘടനകളും ഈ മണ്ണില്‍ ആഴത്തില്‍ വേരൂന്നിനില്‍ക്കുന്നുണ്ട്. കേരളവുമായി വര്‍ഷങ്ങള്‍ക്കുമുമ്പ് നിലവില്‍വന്ന പരസ്പരസ്‌നേഹത്തിന്റെ പാലം കാറ്റിലും കോളിലും ഉലയാതെ ഇന്നും അടിയുറച്ചുനില്‍ക്കുന്നു.



ZOOMIN
ZOOMIN 1
ZOOMIN 3
ZOOMIN 2

 

ga
Kaineetam