മരുഭൂമിയിലെ ദയാനിധി

Posted on: 17 Apr 2015


ഖത്തറിന്റെ മണ്ണില്‍ വേരാഴ്ത്തി ഭാരതത്തിന്റെ അഭിമാനമായി വിടര്‍ന്നുനില്‍ക്കുകയാണ് പദ്മശ്രീ സി.കെ. മേനോന്‍. വടക്കുന്നാഥന്റെ മണ്ണില്‍നിന്ന് തുടങ്ങിയ ആ ജൈത്രയാത്ര ഗള്‍ഫ് കടന്ന് യൂറോപ്പ്, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയയിടങ്ങളിലേക്ക് പരക്കുകയാണ്. 1978ല്‍ ഖത്തറില്‍ ഒരു പാകിസ്താനിയുടെ കമ്പനിയില്‍ സൂപ്പര്‍വൈസറായി പ്രവാസം തുടങ്ങിയ മേനോന്‍ ഇന്ന് ബെഹ്‌സാദ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ ലോകമറിയുന്ന വ്യവസായസാമ്രാജ്യത്തിന്റെ അമരക്കാരനാണ്. സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് 2009ല്‍ ഭാരതം മേനോന് പദ്മശ്രീ നല്‍കി ആദരിച്ചു.

എത്ര പണം നല്‍കിയാലാണ് മരണത്തിന്റെ വായില്‍നിന്ന് നമുക്ക് ഒരു മനുഷ്യജീവന്‍ രക്ഷിച്ചെടുക്കാനാകുക? കൊലക്കേസില്‍പ്പെട്ട് സൗദി അറേബ്യയില്‍ കൊലക്കയര്‍ കാത്തുകഴിഞ്ഞ നാല് മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിച്ചത് സി.കെ. മേനോനാണ്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ പ്രതികള്‍ക്ക് മാപ്പുനല്‍കി. എങ്കിലും ദയാധനം(ദിയ) കണ്ടെത്താനാകാതെ പ്രതികളുടെ ബന്ധുക്കള്‍ വലഞ്ഞു. ഉറ്റവരുടെ ജീവന്‍ രക്ഷിക്കാന്‍ കിടപ്പാടം വിറ്റ് പെരുവഴിയിലേക്കിറങ്ങാന്‍ കുടുംബങ്ങള്‍ തയ്യാറെടുത്തു. പക്ഷേ, അതൊന്നും ദയാധനത്തിന് തികയുമായിരുന്നില്ല. സംഭവമറിഞ്ഞ മേനോന്‍ പണം നല്‍കി കൊലക്കയറില്‍നിന്ന് നാല് ജീവന്‍ ഇറക്കിയെടുക്കുകയായിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന യുവാക്കളുടെ കാര്യം സൗദിയില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്ന കൊല്ലം കൊട്ടുകാട് സ്വദേശി ഷിഹാബാണ് അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെ അറിയിച്ചത്. ഉമ്മന്‍ചാണ്ടി അക്കാര്യം മേനോനോട് പറഞ്ഞു. ദയാധനം മുഴുവനും നല്‍കി ജീവന്‍ തിരിച്ചെടുക്കുമെന്ന് ഉമ്മന്‍ചാണ്ടിക്ക് മേനോന്‍ ഉറപ്പുനല്‍കുകയായിരുന്നു. കൊല്ലം പട്ടത്തുവിള കരുണാകരന്‍സ്മാരക ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ സി.കെ. മേനോന്‍ എത്തിയപ്പോഴാണ് ഈ വിവരം പുറംലോകമറിഞ്ഞത്. മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്നവരും കുടുംബാംഗങ്ങളും മേനോന്‍ എന്ന മഹാനുഭാവനെ നേരില്‍ക്കാണാന്‍ അവിടെയെത്തിയിരുന്നു.

2004ല്‍ സുനാമിദുരന്തം ഉണ്ടായപ്പോള്‍ ജീവിതം കടലെടുത്തവര്‍ക്കുമുന്നിലേക്ക് ആദ്യം നീണ്ട കൈ സി.കെ. മേനോന്റേതായിരുന്നു. തൃശ്ശൂര്‍ നഗരത്തിലെ ചേരിയില്‍ കഴിയുന്നവര്‍ക്ക് നൂറ്് വീടുവെച്ചുകൊടുത്തും മേനോന്‍ തണലായി. മുസ്‌ലിംപള്ളിയും അമ്പലവും ക്രൈസ്തവ ദേവാലയവും നിര്‍മിച്ചുനല്‍കി മതങ്ങളെല്ലാം ഒന്നാണെന്ന സന്ദേശം നല്‍കാനും സി.കെ. മേനോനായി. അദ്ദേഹം ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പുറംലോകം അറിഞ്ഞതിനേക്കാള്‍ ഏറെയാണ് അറിയാത്തത് എന്നതാണ് സത്യം.
ബെഹ്‌സാദ് ട്രാന്‍സ്‌പോര്‍ട്‌സ്, അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ട്രേഡിങ് കമ്പനി, ഭവന്‍സ് പബ്ലിക് സ്‌കൂള്‍, ഓറിയന്റല്‍ ബേക്കറി, ബെഹ്‌സാദ് ട്രേഡിങ് എന്റര്‍പ്രൈസസ്, ബെഹ്‌സാദ് ഷിപ്പ് ചാന്റലര്‍സ്, അലി ബിന്‍ നാസര്‍ അല്‍ മിസ്‌നഡ് എക്യുപ്‌മെന്റ് ആന്‍ഡ് ട്രേഡിങ്, ബെഹ്‌സാദ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, യു.കെ.യില്‍ ബെഹ്‌സാദ് ഫ്യൂവല്‍സ്, സുഡാനില്‍ സ്റ്റീല്‍ കമ്പനി, കേരളത്തില്‍ സൗപര്‍ണിക ഗ്രൂപ്പ്, ബെഹ്‌സാദ് ട്രാന്‍സ്‌പോര്‍ട്ട്, സ്റ്റീല്‍ ഫാബ്രിക്കേഷന്‍ എന്നീ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. നാലായിരം പേര്‍ മേനോന്റെ വിവിധ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. അതിലധികവും ഇന്ത്യക്കാരും മലയാളികളുമാണ്.
1949ല്‍ തൃശ്ശൂര്‍ പുളിയംകോട്ട് നാരായണന്‍ നായരുടെയും ചേരില്‍ കാര്‍ത്യായനി അമ്മയുടെയും മകനായാണ് ചേരില്‍ കൃഷ്ണമേനോന്‍ എന്ന സി.കെ. മേനോന്‍ ജനിച്ചത്. നിയമപഠനം കഴിഞ്ഞ് തൃശ്ശൂര്‍ ജില്ലാകോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകനായി ജോലിചെയ്തശേഷമാണ് മേനോന്‍ ഖത്തറിലെത്തിയത്.

ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാന്‍, റൊട്ടേറിയല്‍ ഓണററി അംഗത്വം, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, വ്യവസായി പി.വി. സാമിയുടെ പേരിലുള്ള പി.വി.സാമി സ്മാരക പുരസ്‌കാരം തുടങ്ങി മേനോനെ തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്. ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മേനോന്‍. കേന്ദ്ര വ്യോമയാന മന്ത്രാലയ സുരക്ഷാ ഉപദേശകസമിതി അംഗമാണ്. നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനുമാണ്.
ഭാര്യ ജയശ്രീ കൃഷ്ണമേനോന്‍. അഞ്ജന ആനന്ദ്, ശ്രീരഞ്ജിനി റിതേഷ്, ജയകൃഷ്ണന്‍ മേനോന്‍ (ജെ.കെ. മേനോന്‍) എന്നിവര്‍ മക്കളാണ്. ബെഹ്‌സാദ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനാണ് ഇപ്പോള്‍ ജെ.കെ. മേനോന്‍.



ZOOMIN
ZOOMIN 1
ZOOMIN 3
ZOOMIN 2

 

ga
Kaineetam