'മാതൃഭൂമി'യുടെ നവതിയാഘോഷങ്ങളുടെ ഭാഗമായാണ് 2013 മാര്‍ച്ച് 18ാം തീയതി പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ദുബായില്‍ പ്രസിദ്ധീകരണമാരംഭിച്ചത്. ഗള്‍ഫ് മലയാളികളും മാതൃഭൂമിയും ഏറെക്കാലമായി മനസ്സില്‍ താലോലിച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്. ദുബായ് എഡിഷന്‍ മികച്ച രീതിയില്‍ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും പ്രത്യേകം എഡിഷനുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് പതിനായിരക്കണക്കിന് പ്രവാസിമലയാളികളുള്ള ഖത്തറില്‍ നിന്ന് മാതൃഭൂമിയിപ്പോള്‍ പ്രസിദ്ധീകരണമാരംഭിക്കുന്നത്.
ഖത്തര്‍ എഡിഷന്‍ യാഥാര്‍ഥ്യമാകുന്നതോടെ, ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന പൂര്‍ണബോധ്യം ഞങ്ങള്‍ക്കുണ്ട ്. വളരെ ഹ്രസ്വമായ കാലയളവില്‍ ഗള്‍ഫ് മേഖലയില്‍ മാത്രമല്ല, ആഗോളസാമ്പത്തികരംഗത്തും വന്‍മുന്നേറ്റമാണ് ഈ കൊച്ചുരാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. വമ്പിച്ച എണ്ണ, പ്രകൃതിവാതകനിക്ഷേപങ്ങളും സത്വരം വികസിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക, വ്യാപാര സംരംഭങ്ങളും ഖത്തറിന്റെ വികസനചക്രവാളത്തെ പ്രവിശാലമാക്കിക്കൊണ്ടിരിക്കുന്നു. ഖത്തറിന്റെ അനുസ്യൂതമായ വളര്‍ച്ചയില്‍ ഇവിടെയുള്ള മലയാളികള്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ചിട്ടുണ്ട ്.
ഇന്ത്യയിലെയും വിശിഷ്യ കേരളത്തിലെയും വാര്‍ത്തകള്‍ ആധികാരികവും സത്യസന്ധവുമായി ഏറ്റവുമാദ്യം അവരിലെത്തിക്കുന്നതിനായിരിക്കും ഞങ്ങളുടെ മുന്‍ഗണന. ഖത്തറിലെ ബിസിനസ്, വ്യവസായമേഖലകളില്‍ സചേതന സാന്നിധ്യമായിരിക്കും മാതൃഭൂമി.
അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ ഭരണകൂടം ആത്മാര്‍ഥതയും സാങ്കേതികമികവും അധ്വാനശേഷിയുമുള്ള മലയാളികളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നത് കൃതജ്ഞതപൂര്‍വം സ്മരിക്കുക. വെറും പതിനെട്ടുവര്‍ഷംകൊണ്ടാണ് ഇപ്പോഴത്തെ ബഹുവന്ദ്യ അമീറിന്റെ പിതാവ് മഹാനായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി മണല്‍ത്തിട്ടകള്‍ അനന്തമായി നീണ്ടുനീണ്ടുപോയ ഖത്തറിനെ ഇന്നത്തെ അസൂയാവഹമായ നിലയിലെത്തിച്ചത്. അതിനുശേഷം വ്യക്തമായ കാഴ്ചപ്പാടും ദീര്‍ഘദൃഷ്ടിയുമുള്ള ആ ഭരണാധികാരി, രാജ്യത്തിന്റെ ഭാവിഭാഗധേയങ്ങള്‍ മകന്‍ ഷെയ്ഖ് തമീമിന്റെ കരുത്തറ്റ കരങ്ങളില്‍ ഏല്പിക്കുകയായിരുന്നു. 'മഹാനായ പിതാവിന്റെ മഹാനായ മകനാ'ണ് താനെന്ന് അമീര്‍ ഷെയ്ഖ് തമീം തെളിയിച്ചുകൊണ്ടിരിക്കുന്നു. മുപ്പത്തഞ്ചുകാരനായ ഈ ഭരണാധികാരി, ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധിപരില്‍, പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്ന, കര്‍മകുശലനായ ഭാവനാശാലിയാണ്.
പ്രകൃതിവാതകശേഖരത്തില്‍ ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍. വാതക കയറ്റുമതിയിലാകട്ടെ, ഒന്നാം സ്ഥാനം ഖത്തറിനാണ്. ലോകരാഷ്ട്രങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങളുടെ കാര്യത്തിലും ഈ കൊച്ചുരാജ്യം വന്‍നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട ്. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലും ഖത്തര്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. നയതന്ത്രരംഗത്ത് ഈ രാജ്യം സ്വന്തമായൊരു ഇടം കണ്ടെത്തിക്കഴിഞ്ഞു. അന്തര്‍ദേശീയതലത്തില്‍ 'ദോഹ റൗണ്ട ് 'എന്ന പേരില്‍ അറിയപ്പെടുന്ന വ്യാപാരചര്‍ച്ചകളുടെ ആസ്ഥാനമാണ് ഖത്തറിന്റെ തലസ്ഥാനനഗരിയായ ദോഹ. മറ്റേതൊരു ലോകരാഷ്ട്ര തലസ്ഥാനത്തോടും കിടപിടിക്കുന്നതാണ് പ്രൗഢിയിലും ചേതോഹാരിതയിലും വിസ്മയം തീര്‍ക്കുന്ന അത്യാന്താധുനിക ദോഹാനഗരം. ദോഹയും ഖത്തറിന്റെ വിവിധ ഭാഗങ്ങളും സന്ദര്‍ശിക്കുവാന്‍ എനിക്ക് അവസരങ്ങളുണ്ടായിട്ടുണ്ട ്; ഖത്തറിന്റെ സൗഹൃദപൂര്‍ണവും സ്‌നേഹോഷ്മളവുമായ ആതിഥ്യം അനുഭവിക്കാനും.
ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ സഹകരണത്തിന്റെ പുതിയ മേഖലകള്‍ തേടിക്കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായാണ് ബഹുവന്ദ്യ അമീര്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചത്. പ്രവാസിമലയാളികള്‍ എവിടെയും അവരുടെ പ്രതിബദ്ധതാപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട ് മാതൃരാജ്യത്തിന്റെ യശസ്സുയര്‍ത്തിയിട്ടേയുള്ളൂ. ഖത്തറിന്റെ വികസനത്തില്‍ ഭാഗമാകാന്‍ ഭാഗ്യം സിദ്ധിച്ച മലയാളിസഹോദരങ്ങളും അവരില്‍ അര്‍പ്പിതമായ ഉത്തരവാദിത്വങ്ങള്‍ പ്രശംസാര്‍ഹമായ നിലയില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. അവരാര്‍ജിച്ച വിശ്വാസം അവര്‍ക്കുമാത്രമല്ല, നമ്മുടെ രാജ്യത്തിനും അഭിമാനകരമായ സാക്ഷ്യപത്രമാണ്.
'മാതൃഭൂമി'യെക്കുറിച്ചുള്ള ഏതാനും വസ്തുതകള്‍ക്കൂടി ഈ ധന്യവേളയില്‍ കുറിക്കട്ടെ. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വളരെ എളിയ നിലയില്‍ 1923 മാര്‍ച്ച് 17ാം തീയതിയാണ് മാതൃഭൂമി പിറവിയെടുത്തത്. കോഴിക്കോട്ടെ ഒരു ചെറിയപ്രസ്സില്‍, മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെട്ടത്തില്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ച് അച്ചടിച്ച പത്രം മടക്കി, ആദ്യപ്രതി ഒരു മാതൃഭൂമി കുടുംബാംഗം ആദരപൂര്‍വം സ്ഥാപകപത്രാധിപര്‍ കെ.പി.കേശവമേനോന്റെ കൈകളില്‍ അര്‍പ്പിച്ചു. മാനേജര്‍ കെ. മാധവന്‍ നായരും മറ്റുമുണ്ടായിരുന്നു, ആ പാവനമുഹൂര്‍ത്തത്തിനു സാക്ഷ്യംവഹിക്കാന്‍. അവിടെയാരംഭിക്കുന്നൂ, മാതൃഭൂമിയുടെ എളിയ തുടക്കവും അഭൂതപൂര്‍വമായ മുന്നേറ്റത്തിന്റെ ചരിത്രവും.
സ്വാതന്ത്ര്യസമരകാലത്ത് മഹാത്മജി സന്ദര്‍ശിച്ച കേരളത്തിലെ ഏക പത്രസ്ഥാപനം മാതൃഭൂമിയായിരുന്നുവെന്നുകൂടിയിവിടെ അനുസ്മരിക്കട്ടെ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹര്‍ലാല്‍ നെഹ്‌റു മാതൃഭൂമിയെ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ സ്വന്തം പ്രസാധനസ്ഥാപനമെന്നാണ്. സ്വാതന്ത്ര്യസമരത്തില്‍ മാതൃഭൂമി വഹിച്ച പങ്കിനെ ദേശീയനേതാക്കള്‍ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട ്. മാതൃഭൂമിക്കുമാത്രം അവകാശപ്പെട്ട ധന്യപൈതൃകത്തിന്റെ അനശ്വരമുഹൂര്‍ത്തങ്ങളാണിവയെല്ലാം.
പരിപാവനമായ ആദര്‍ശങ്ങളില്‍ അടിയുറച്ചുനിന്നതുകൊണ്ടാണ് ആഴ്ചയില്‍ മൂന്നുദിവസം മാത്രം പ്രസിദ്ധീകരിക്കുന്ന പത്രമായി വളരെ എളിയ നിലയില്‍ തുടങ്ങി, ദിനപ്പത്രമായി വളര്‍ന്ന്, നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ വികസിച്ച്, മാതൃഭൂമി അഭിമാനകരമായ ഇന്നത്തെ നിലയിലെത്തിയത്.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, കോട്ടയം, മലപ്പുറം, കൊല്ലം, പാലക്കാട്, ആലപ്പുഴ, മുംബൈ, ചെന്നൈ, ബംഗളൂരു, ഡല്‍ഹി, ദുബായ്... ഇപ്പോള്‍ ഖത്തറും മാതൃഭൂമിയുടെ എഡിഷനുകള്‍ പതിനാറിലെത്തി നില്‍ക്കുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഗൃഹലക്ഷ്മി, മാതൃഭൂമി തൊഴില്‍വാര്‍ത്ത, മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക, ബാലഭൂമി, മാതൃഭൂമി ആരോഗ്യമാസിക, മാതൃഭൂമി യാത്ര, മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍, മിന്നാമിന്നി, ചിത്രകഥ തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ അക്ഷരലോകത്ത് മാതൃഭൂമിയെ കൂടുതല്‍ സമ്പന്നവും വൈവിധ്യപൂര്‍ണവുമാക്കുന്നു.
ദൃശ്യശ്രവ്യ മാധ്യമമേഖലകളിലേക്കുള്ള മാതൃഭൂമിയുടെ വളര്‍ച്ച സ്ഥാപനത്തിന്റെ പ്രയാണത്തില്‍ ശ്രദ്ധേയമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു. മാതൃഭൂമിയുടെ 'ക്ലബ്ബ് എഫ്.എം. 94.3' ശ്രോതാക്കള്‍ക്ക് ഏറെ പ്രിയങ്കരമായിക്കഴിഞ്ഞിരിക്കുന്നു. വളരെ ചുരുങ്ങിയ കാലയളവില്‍ 'മാതൃഭൂമി ന്യൂസ് ' ചാനലിന് വാര്‍ത്താപ്രേമികളുടെ അംഗീകാരം നേടാന്‍ കഴിഞ്ഞു. പാട്ടിനും ആട്ടത്തിനുമൊക്കെ മുന്‍തൂക്കം കൊടുക്കുന്ന സ്‌പെഷ്യാലിറ്റി ചാനലായ 'കപ്പ'യ്ക്ക് യുവഹൃദയങ്ങളുടെ ഹരമായി മാറാനും കാലമേറെ വേ ണ്ടിവന്നില്ല. ഇലക്‌ട്രോണിക് മാധ്യമമേഖലയിലേക്കുള്ള ശ്രദ്ധേയമായ മറ്റൊരു മുന്നേറ്റമാണ് ഇതിനകം വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ 'മാതൃഭൂമി ഓണ്‍ലൈന്‍'.
മഹാത്മജി, ജവാഹര്‍ലാല്‍ നെഹ്‌റു, ഡോ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയ പ്രഗല്ഭമതികളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ശ്രേഷ്ഠപാരമ്പര്യമുള്ള 'മാതൃഭൂമി ബുക്‌സ് ', നിരവധി പുതിയ പുസ്തകങ്ങളും ആധുനിക പുസ്തകശാലകളുമായി കേരളത്തിന്റെ പുസ്തകപ്രസാധനരംഗത്ത് മുന്‍നിരയിലെത്തിക്കഴിഞ്ഞു. കോഴിക്കോട് മാതൃഭൂമി ബുക്‌സിന്റെ വിപുലമായ ഷോറൂമിനോടു ചേര്‍ന്നുള്ള 'കെ.പി.കേശവമേനോന്‍ ഹാള്‍' സ്ഥാപകപത്രാധിപകര്‍ക്കുള്ള മാതൃഭൂമിയുടെ ശ്രദ്ധാഞ്ജലിയാണ്; അതോടൊപ്പം തന്നെ കോഴിക്കോട് നഗരത്തിലെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമസ്ഥാനവും.
പാരിസ്ഥിതികമേഖലയില്‍ വിദ്യാര്‍ഥികളുടെ സക്രിയപങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്താന്‍ മാതൃഭൂമി മുന്‍കൈയെടുത്ത് രൂപംനല്‍കിയ പ്രസ്ഥാനമായ 'സീഡ് ' ദേശീയ, അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം നേടിക്കഴിഞ്ഞു. നമ്മുടെ ഗ്രഹത്തിന്റെ ഹരിതാഭ നിലനിര്‍ത്താന്‍ സീഡ് നടത്തിക്കൊ ിരിക്കുന്ന മഹായജ്ഞത്തില്‍ എണ്ണായിരത്തിലേറെ സ്‌കൂളുകള്‍ അണിചേര്‍ന്നു കഴിഞ്ഞു. 'ഗൃഹലക്ഷ്മി വേദി'യും 'മാതൃഭൂമി സ്റ്റഡിസര്‍ക്കിളും' മാതൃഭൂമിയുടെ സാമൂഹിക പ്രതിബദ്ധതയുടെ നിദര്‍ശനങ്ങളാണ്.
അതിനുപുറമെ, ഏറ്റവും മികച്ച സര്‍ഗപ്രതിഭയ്ക്ക് പ്രതിവര്‍ഷം നല്കിവരുന്ന 'മാതൃഭൂമി സാഹിത്യ അവാര്‍ഡ് ' ദേശീയതലത്തില്‍ത്തന്നെ ഒരു വിശിഷ്ട പുരസ്‌കാരമായി സഹൃദയലോകം വിലയിരുത്തിയിട്ടുണ്ട ്. കേരളത്തിലെ സര്‍ഗാത്മകപ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ തുടക്കം മുതല്‍ തന്നെ മാതൃഭൂമി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട ് എന്നുകൂടിയിവിടെ സാഭിമാനം കുറിക്കട്ടെ.
സമൂഹത്തിന്റെ സമസ്തമേഖലകളെ കൂട്ടിയിണക്കി പുതിയ പ്രതീക്ഷകളിലേക്ക് മലയാളികളെ നയിക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് മാതൃഭൂമി. സ്ഥാപിതകാലംതൊട്ട്, കാലത്തിനൊത്ത് മുന്നേറുവാന്‍ യുവതലമുറയ്ക്ക് ദിശാബോധം നല്കിക്കൊണ്ട ്, അണയാത്ത ദീപശിഖയുമായി, മാതൃഭൂമി മുന്നില്‍ത്തന്നെയുണ്ട ്. ഖത്തര്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കും എല്ലാ മലയാളിസഹോദരങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാതൃഭൂമി അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. അനുഗ്രഹിക്കുക, ആശീര്‍വദിക്കുക.