മണല്‍ത്തുരുത്തിലെ അക്ഷരപ്പച്ചകള്‍
ഷീല ടോമി, ദോഹ
Posted on: 17 Apr 2015

മണലാരണ്യത്തിനും പച്ചപ്പാടങ്ങള്‍ക്കുമിടയില്‍ വലിയൊരു കടല്‍ദൂരമുണ്ട്. അറ്റം കാണാത്ത ആകാശദൂരമുണ്ട്. മനസ്സുകള്‍ക്കിടയില്‍ അതിലേറെ അകലമുണ്ട്. ദൂരെ കടല്‍ അവസാനിക്കുന്നിടത്ത് ഞാന്‍ ഉപേക്ഷിച്ചുപോന്ന വളപ്പൊട്ടുകള്‍ മണ്ണില്‍ പുതഞ്ഞുകിടപ്പുണ്ട്. എന്നെയും കാത്ത് വിങ്ങിയിരിപ്പുണ്ട്, കുന്നു കയറിച്ചെന്നാല്‍ കാണുന്ന മരപ്പൊത്തില്‍ ആരും കാണാതെ ഒളിച്ചുവെച്ച കിനാവുകള്‍. പടിയിറങ്ങുമ്പോള്‍ ഇനിയെന്നെന്ന് അമ്മ കണ്ണില്‍ നിറച്ച നൊമ്പരത്തുള്ളികള്‍.ലക്ഷ്യം നേടിയവരും സകുടുംബം കഴിയുന്ന ഭാഗ്യവാന്‍മാരും ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തവരും എല്ലാമുണ്ട് ഇവിടെ. ഒപ്പമുണ്ട്, സ്വയമെരിഞ്ഞു പ്രകാശമാകുന്ന മെഴുകുതിരികളും ആടുജീവിതങ്ങളും ഒട്ടകജന്മങ്ങളും ലേബര്‍ക്യാമ്പുകളിലും അറബ് അടുക്കളകളിലും ശബ്ദം നഷ്ടപ്പെട്ട ജീവിതങ്ങളും. എല്ലാരുമെല്ലാരും തിക്കിത്തിരക്കുന്ന ഒരു ജനറല്‍ കംപാര്‍ട്ട്മെന്‍റ്. പ്രവാസമെന്ന തീവണ്ടി അങ്ങനെ കുതിക്കുകയാണ്. ലോഞ്ച് ഏറിയും കപ്പലേറിയും വിമാനം കയറിയും എത്തിയ സ്വപ്നങ്ങള്‍ മണല്‍ക്കാറ്റില്‍ ഗതിയറിയാതെ, ഭാഷയറിയാതെ, അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ ഈ തീവണ്ടിയില്‍ കടന്നുകൂടുന്നു. സ്വപ്നങ്ങളുടെ ഒരു അന്താരാഷ്ട്ര സമ്മേളനം! ഒരു വസന്തം മുഴുവന്‍ ചുട്ടുപൊള്ളുന്ന സ്വപ്നങ്ങള്‍! ഓര്‍മകളുടെ വേരുകള്‍.
മധ്യകേരളത്തില്‍ നിന്ന് വയനാട്ടിലേക്ക് കുടിയേറിയതാണ് എന്റെ മുത്തച്ഛന്‍. കുടിയേറ്റത്തിന്റെ കദനകഥകളും വീരകഥകളും കേട്ടുവളര്‍ന്ന ബാല്യം. സ്വന്തമായ ഇടങ്ങള്‍ വിട്ടിറങ്ങുന്നവരുടെ മനസ്സുകള്‍ വേരുപടര്‍ത്തുന്നത് ഇന്നലെകളുടെ നനവാര്‍ന്ന മണ്ണിലാണെന്ന് അന്നേ അറിഞ്ഞു. മരുഭൂമിയിലേക്കുള്ള പറിച്ചുനടലില്‍ എനിക്ക് നഷ്ടമായത് ആ മണ്ണാണ്, പുഴയാണ്, മഴയാണ്. എന്നെ ഞാനാക്കിയ ജൈവഗന്ധങ്ങളാണ്. പാടത്തെ ചളിയുടെ മണം. കാപ്പി പൂക്കുന്ന മണം. ഇടവഴിതോറും വാസന പരത്തുന്ന പാരിജാതത്തിന്റെ മണം. പെര്‍ഫ്യൂമിന്റെ, അത്തറിന്റെ, അപരിചിതഗന്ധങ്ങള്‍ ക്ഷണിക്കാതെ വന്ന അതിഥിയെപ്പോലെന്നെ ശ്വാസംമുട്ടിക്കുന്നു. ഓഫീസില്‍, ലിഫ്റ്റില്‍, ഷോപ്പിങ് മാളില്‍ അപരിചിതമായ രുചികള്‍, ഗന്ധങ്ങള്‍, അനുഭവങ്ങള്‍, ഭാഷകള്‍. സുഖസമൃദ്ധിയില്‍ സ്വയം മറക്കുന്നു ചിലര്‍. ഒടുവില്‍ റിട്ടേണ്‍ ലോഞ്ചിലേക്ക് എത്തുമ്പോഴേക്കും തനിക്കുതന്നെ അപരിചിതനായ തടിച്ചുവീര്‍ത്ത മൃഗമായി രൂപാന്തരപ്പെടുന്നു. കോശങ്ങളെയോരോന്നായി കീഴടക്കിമുന്നേറുന്ന രോഗാണുക്കള്‍ 'മണ്ടന്‍മാര്‍' എന്ന് കളിയാക്കിച്ചിരിക്കുന്നു. എന്നോ മരിച്ച നാട്ടുഗന്ധങ്ങള്‍ ഉള്ളില്‍ ഒരു വിലാപഗാനം പാടുന്നു. അപരിചിതത്വങ്ങളുടെ മേളനങ്ങള്‍ക്കിടയില്‍ ആത്മാവില്‍ നിന്ന് ഒരു വിളി- 'ഏയ്.. ഞാനുണ്ട് ഇവിടെ. മരിച്ചിട്ടില്ല ഞാന്‍!'ഒരു ചാറ്റല്‍മഴയില്‍ എന്നിലെ അക്ഷരമരം പൂക്കുന്നു. സുഗന്ധം പരത്തുന്നു. പലപ്പോഴും നഷ്ടപ്പെട്ടവന്റെ നൊമ്പരങ്ങളാണ് അക്ഷരപ്പച്ചയായി തളിര്‍ക്കുന്നത്. ഗൃഹാതുരത്വം പ്രവാസഭാഷയെന്ന് പഴി കേള്‍ക്കുമ്പോഴും ഗള്‍ഫില്‍ അക്ഷരങ്ങളുടെ പൂക്കാലം വിരിയുന്നത് ഈ നഷ്ടബോധത്തില്‍നിന്നാണെന്ന് സമ്മതിക്കാതെവയ്യ. പച്ചപ്പുകള്‍ അകലെ മായുമ്പോള്‍ നാടിനെ, നാട്ടുരുചികളെ, ഇവിടെ പുനര്‍ജനിപ്പിക്കുന്നു നമ്മള്‍. അസ്വസ്ഥമായ മനസ്സില്‍നിന്നേ തീവ്രമായ വികാരങ്ങള്‍ ഒഴുകൂ. മനുഷ്യനെക്കുറിച്ച് ആകുലപ്പെടുമ്പോള്‍, മണ്ണിനെക്കുറിച്ചുള്ള ആര്‍ദ്രത കവിയുമ്പോള്‍, എഴുത്തില്‍ സ്‌നേഹം നിറയുന്നു. നാട്ടിലേക്കാള്‍ വായനയും എഴുത്തും സാംസ്‌കാരിക ഇടപെടലുകളും ഇവിടെയാണ് എന്ന് പറയാറുണ്ട്. ശരിയാണ്. കൊച്ചുബാവ, ബെന്യാമിന്‍, ശിഹാബുദീന്‍ പൊയ്ത്തുംകടവ്, മുസഫര്‍ അഹമ്മദ് അങ്ങനെ ചില നക്ഷത്രങ്ങള്‍ മാത്രമേ എടുത്തുകാണിക്കാന്‍ ഉള്ളൂവെങ്കിലും പ്രതീക്ഷയുണര്‍ത്തുന്നുണ്ട് ഒട്ടേറെപ്പേര്‍. കേരളത്തിന്റെ സാമ്പത്തികാടിത്തറ പണിയുന്നവര്‍ സാംസ്‌കാരിക ശില്‍പികളായി മാറുന്ന കാലം വിദൂരമായെന്നുവരില്ല. വായനക്കൂട്ടങ്ങളും സാംസ്‌കാരിക വേദികളും സാമൂഹികമാധ്യമങ്ങള്‍ വഴിയും സംഘടനകള്‍ വഴിയും ഉയര്‍ന്നുവരുന്ന അക്ഷരവിപ്ലവങ്ങളും ചര്‍ച്ചകളും അതിലേക്കുള്ള ചുവടുവെപ്പുകളാണ്.കുഞ്ഞുങ്ങള്‍ക്ക് കൂട്ടാവാന്‍, ക്വാളിറ്റി ടൈം കൊടുക്കാന്‍, ജോലി ഉപേക്ഷിച്ച് നല്ല അമ്മയിലേക്ക് ഞാന്‍ കൂടുമാറ്റം നടത്തിയത് ദോഹയില്‍ എത്തിയശേഷമാണ്. ജീവിതം അങ്ങനെ ഒഴുകുമ്പോള്‍ കൂട്ടിനുണ്ടായിരുന്നത് പുസ്തകങ്ങളാണ്. ഹോം ലൈബ്രറി നിറയെ പുസ്തകങ്ങളുണ്ട്. എന്താ എന്നെ വായിക്കുന്നില്ലേ എന്ന്, അവ നോക്കിച്ചിരിക്കുന്നു. ഓരോ പുസ്തകത്തിലും തുറക്കുന്നത് ആയിരം ജാലകങ്ങളാണ്. നാട്ടിലായിരുന്നെങ്കില്‍ ഒരു പക്ഷേ, അക്ഷരങ്ങളുടെ കൂട്ട് എനിക്ക് നഷ്ടമായേനെ. നാട്ടിലെ പരക്കംപാച്ചിലില്‍ അലിഞ്ഞുചേര്‍ന്നേനെ ഞാനും. മരുഭൂമിയിലെ ഫ്ലാറ്റിന്റെ നാല് ചുമരില്‍ ഒതുങ്ങുന്ന ഒരു ഗൃഹസ്ഥയ്ക്ക് ഇല്ലാതെപോവുന്നത് വിശാലമായ ലോകത്തിന്റെ വെയില്‍ച്ചൂടും നിലാക്കുളിരുമാണ്. അതിന് പകരമാവുന്നത് വായനയും മാധ്യമങ്ങളും മാത്രം. ഒരു 'ത്രെഡ്' മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുമ്പോള്‍മാത്രമാണ് കഥ പിറക്കുന്നത്. എഴുതിയേ മതിയാവൂ എന്ന തോന്നല്‍ ഉണ്ടാവണം. എഴുതിയത് പലപ്പോഴും തൃപ്തിയാവാതെ ഫയലില്‍ത്തന്നെ വിശ്രമിക്കും. വായനക്കാരന് എന്തെങ്കിലും പുതുമ കൊടുക്കാനാവണം. അല്‍പം സന്തോഷം. ഒരു ഉണര്‍വ്. ശുഭാപ്തി വിശ്വാസം. ഒരു നൊമ്പരം. ഓര്‍മപ്പെടുത്തല്‍. ഏറ്റവും വിലയേറിയത് അനുവാചകന്റെ സമയമാണ്. അതിനെ ബഹുമാനിച്ചേ മതിയാവൂ. പലപ്പോഴും വായനക്കാര്‍ എഴുത്തുകാരേക്കാള്‍ സര്‍ഗാത്മകതയുള്ളവരാണ്. അവരെ തൃപ്തിപ്പെടുത്തുക എളുപ്പമല്ല. മനസ്സിനുള്ളിലേക്ക്, വികാരങ്ങളുടെ അഗാധതകളിലേക്ക്, തിരിയുന്ന സൂക്ഷ്മദര്‍ശിനിയാവണം ഭാവന. മറ്റൊരാളും കാണാത്തത് എഴുത്തുകാരന്‍ കാണണം. മറ്റെവിടെയും അറിയാത്ത എഴുത്തിന്റെ സുഗന്ധം അനുഭവിക്കാന്‍ അനുവാചകനാവണം. സര്‍വോപരി അന്യന്റെ വേദനയില്‍ ഉരുകുന്ന ഒരു മനസ്സ്, അപരന്റെ ചിരിയില്‍ തെളിയുന്ന സമാനഹൃദയം, സത്യസന്ധമായ തുറന്നുപറച്ചിലുകള്‍. അത്രയുമൊക്കെ മതി ഒരു മനോഹരസൃഷ്ടി വിരിയാന്‍. പ്രാവാസരചന എന്നുപറഞ്ഞ് അതിനെ അരികുവത്കരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ഇന്ന് മാധ്യമങ്ങള്‍ എഴുത്തിനുള്ള വലിയ കാന്‍വാസാണ് തുറന്നിടുന്നത്. പലപ്പോഴും എഴുത്തുകാരുടെ തള്ളിക്കയറ്റം നിലവാരത്തകര്‍ച്ചയിലേക്ക് നയിക്കുന്നു. പണമുണ്ടെങ്കില്‍ എന്തുമെഴുതി പുസ്തകമാക്കാം എന്ന അവസ്ഥ വന്നതോടെ കള്ളനാണയങ്ങളും കടന്നുകൂടി. പരസ്പരം പ്രീതിപ്പെടുത്തുന്ന ഗ്രൂപ്പുകളും അനാരോഗ്യകരമായ ഇടപെടലുകളും ഗള്‍ഫ് എഴുത്തുകാരില്‍ നല്ലെഴുത്തിനു തടസ്സം സൃഷ്ടിക്കുന്നുമുണ്ട്.ഫേസ്ബുക്ക് പോലുള്ള സാമൂഹികമാധ്യമങ്ങളില്‍ അതിമനോഹരമായി എഴുതുന്നവര്‍ ഒരുപാടുണ്ട് ഗള്‍ഫില്‍. സാമൂഹിക പ്രശ്‌നങ്ങളില്‍ സമര്‍ഥമായി, നിര്‍ഭയമായി ഇടപെടുന്നവര്‍. അവര്‍ക്ക് അധികാരികളെ ഭയമില്ല. ഒരു അക്കാദമി സ്ഥാനവും നഷ്ടമാവുമോ എന്ന് പേടിക്കാനുമില്ല. ഇന്നത്തെ കലുഷിതമായ സാമൂഹിക വ്യവസ്ഥയില്‍ ഒരു നവോത്ഥാന തരംഗം രൂപപ്പെടുന്നത് നവമാധ്യമങ്ങളില്‍ നിന്നായിരിക്കാം. എങ്കിലും മലവെള്ളം പോലെ എഴുത്തുകള്‍ നിറയുമ്പോള്‍ നല്ലത് കണ്ടെത്താനുള്ള പ്രയാസവുമുണ്ട്. ഗൃഹാതുരതയുടെ പതിവുവഴികള്‍ വിടണം. അന്നവും വെളിച്ചവും അന്വേഷിച്ച്, ചിലപ്പോള്‍ അവനവനെത്തന്നെ അന്വേഷിച്ച്, മനുഷ്യന്‍ എന്നോ തുടങ്ങിയ യാത്രയാണ് പ്രവാസം! പണ്ടുപണ്ട് ഒരു ഗ്രാമത്തെ മുഴുവന്‍ വിസ കൊടുത്ത് ഈ മണ്ണിലേക്ക് എത്തിച്ച പ്രവാസിയുടെ ആദ്യതലമുറ. അവരുടെ സ്‌നേഹമാണ്, ആര്‍ദ്രതയാണ്, പ്രവാസത്തിന്റെ പുണ്യഭാഷ. ആ ഭാഷയില്‍ എഴുതപ്പെടാതെ പ്രവാസിക്ക് ഒരു ചരിത്രമില്ല. കഥയില്ല. ആ അനുഭവപരിസരങ്ങള്‍ സാഹിത്യത്തില്‍ നേര്‍മയോടെ പകര്‍ത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ഗൃഹാതുരതയുടെ പതിവുനടവഴികള്‍ വിട്ട് നടക്കാന്‍ ശീലിക്കണം നമ്മള്‍. അറബ് കൃതികളുടെ വിവര്‍ത്തനങ്ങള്‍ ഇന്ന് സന്തോഷത്തോടെ മലയാളം സ്വീകരിക്കുന്നു. ഇവിടെ നാം കാണുന്ന സമ്മിശ്ര സംസ്‌കാരത്തിന്റെ അടരുകളില്‍ നമുക്കുമാത്രം കണ്ടെടുക്കാനാവുന്ന ഒത്തിരി കഥകളുണ്ട്. മണലില്‍ ഒളിഞ്ഞുകിടക്കുന്ന ആ നിധി കണ്ടെടുക്കണം. ബെന്യാമിന്റെ ഇരട്ട നോവലുകള്‍ ആ വഴിയേ ഉള്ള ഒരു ചുവടുവെപ്പാണ്. മധ്യപൗരസ്ത്യദേശത്തെ കലുഷിതമായ അന്തരീക്ഷവും തിരിച്ചു പോകാന്‍ ഒരു നാട് പോലുമില്ലാതെ പലായാനം ചെയ്യുന്ന അഭയാര്‍ഥികളുടെ നൊമ്പരപ്പാടുകളും പ്രവാസ സാഹിത്യത്തില്‍ ഇനിയും അടയാളപ്പെടുത്തപ്പെടണം. ദൂരെ എനിക്കൊരു നാടുണ്ട്. കുന്നുകളുടെ നാട്. കുളങ്ങളുടെ നാട്. അവിടെ കുളിരുണ്ട്. മഞ്ഞുണ്ട്. സ്‌നേഹമുണ്ട്. മഞ്ഞില്‍ പുതഞ്ഞ് കാത്തിരിപ്പുണ്ട് പ്രിയപ്പെട്ടവര്‍. മരുഭൂമിയിലെ മണല്‍ത്തുരുത്തുകളില്‍ അക്ഷരപ്പച്ചകള്‍ മുളപൊട്ടുന്നത് ആ സ്‌നേഹത്തില്‍ നിന്നാണ്, നിശ്ചയം!
Sheela.tomy@gmail.com