രാജ്യങ്ങള്‍ പരസ്പരസൗഹൃദത്തിന്റെ പാലങ്ങള്‍ തീര്‍ക്കുന്നത് നയതന്ത്രത്തിലൂടെയാണ്. ദൃഢവും തന്ത്രപ്രധാനവുമായിരിക്കേണ്ട രാജ്യാന്തര സൗഹൃദങ്ങളുടെ പ്രസക്തി തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിന്റെ നയതന്ത്രപാലങ്ങള്‍ പണിയുകയാണ് ഖത്തര്‍.
രാജ്യാന്തര നയതന്ത്ര നഗരങ്ങളായ ഹേഗ്, ജനീവ, ന്യൂയോര്‍ക്ക്, വിയന്ന, സ്റ്റോക്ക്‌ഹോം എന്നിവയ്‌ക്കൊപ്പമാണ് ഇപ്പോള്‍ ദോഹയുടെ സ്ഥാനം. വ്യാപാര നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ ലോകവ്യാപാര സംഘടന 15 വര്‍ഷംമുമ്പ് തുടങ്ങിയ ചര്‍ച്ച അറിയപ്പെടുന്നതുതന്നെ 'ദോഹ റൗണ്ട്' എന്ന പേരിലാണ്.
ഇന്ത്യയുമായുള്ള ബന്ധം ശക്തമായി നിലനിര്‍ത്താന്‍ ഖത്തര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. അടുത്ത കാലത്ത് അമീര്‍ തമിം നടത്തിയ ഇന്ത്യാസന്ദര്‍ശനം അതിന് അടിവരയിടുന്നു. 2006ല്‍ ഹമാസ് നേതാക്കള്‍ ആദ്യമായി സന്ദര്‍ശിച്ച രാഷ്ട്രത്തലവന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫയാണ്. അമേരിക്കയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുള്ളതായിരുന്നു ആ കരുനീക്കം. അമേരിക്കന്‍ സൈന്യത്തിന്റെ പ്രധാന താവളങ്ങള്‍ ഖത്തറില്‍ നിലനില്‍ക്കെ നടത്തിയ രാഷ്ട്രീയനീക്കം നയതന്ത്രരംഗത്ത് ചര്‍ച്ചയായിരുന്നു.
വാര്‍ത്താവിനിമയരംഗത്ത് അല്‍ ജസീറയിലൂടെ ഖത്തര്‍ വേറിട്ടൊരു ശബ്ദമായി. ലോകം നാളിതുവരെ കണ്ട കാര്യങ്ങളുടെ മറ്റൊരു വശത്താണ് അല്‍ജസീറ അതിന്റെ ക്യാമറക്കണ്ണുകള്‍ തുറന്നുവെച്ചത്. അതുകൊണ്ടുതന്നെ പലതിന്റെയും പൊളിച്ചെഴുത്തും കൂടിയായി മാറി അവരുടെ വാര്‍ത്തകള്‍.
ബി.ബി.സി.യുടെ അറബിക് ചാനല്‍ പൂട്ടിയപ്പോള്‍ 1996 നവംബര്‍ ഒന്നിനാണ് അല്‍ ജസീറ പ്രവര്‍ത്തനം തുടങ്ങിയത്. അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി തലയില്‍ കൈവെച്ച് അനുഗ്രഹിച്ച ചാനലിന്റെ വളര്‍ച്ച ലോകത്തെ പിടിച്ചിരുത്തി. 50 കോടി റിയാലാണ് അമീര്‍ ചാനലിനായി തുടക്കത്തില്‍ അനുവദിച്ചത്. അറബിക്, ഇംഗ്ലീഷ് വാര്‍ത്താചാനലുകളും ഇംഗ്ലീഷ് വാര്‍ത്താ വെബ്‌സൈറ്റുമായി വളര്‍ന്ന അല്‍ ജസീറ ഇന്ന് ലോകത്തെ ഏറ്റവും സ്വാധീനമുള്ള അഞ്ച് മാധ്യമസ്ഥാപനങ്ങളിലൊന്നായി മാറിയിരിക്കുന്നു. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറിന്റെ കറന്റ് ടി.വി. ഏറ്റെടുത്ത് തുടങ്ങിയ 'അല്‍ ജസീറ അമേരിക്ക' മറ്റൊരു സംഭവമായി.
ഇറാഖ്, അഫ്ഗാന്‍ യുദ്ധവാര്‍ത്തകള്‍ക്കായി ലോകം ഇരുന്നത് അല്‍ ജസീറയ്ക്ക് മുന്നിലായിരുന്നു. യുദ്ധഭൂമിയില്‍നിന്ന് നേരിട്ടുള്ള വാര്‍ത്തകളും ചിത്രങ്ങളുമായി അവര്‍ പ്രേക്ഷകരുടെ വിശ്വാസം കാത്തു.
ഏറ്റവും ഒടുവിലായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ 12ന് ദോഹയില്‍ തുടങ്ങി. ലോകത്തെ 142 രാജ്യങ്ങളില്‍നിന്നായി 5000 പ്രതിനിധികളാണ് സമ്മേളനത്തിനെത്തിയത്. ഏപ്രില്‍ 19ന് സമ്മേളനം അവസാനിച്ച് പ്രതിനിധികള്‍ പിരിഞ്ഞത് ഖത്തര്‍ എന്ന കൊച്ചുരാജ്യത്തിന്റെ സംഘാടന മികവ് അനുഭവിച്ചറിഞ്ഞാണ്.
ലോകത്തിന്റെ കണ്ണുകള്‍ നീളുന്നത് ഖത്തറിലേക്കാണ്. അറബിക്കടലിലേക്ക് ചരിഞ്ഞുകിടക്കുന്ന മുത്തുപോലുള്ള ഈ കൊച്ചുരാജ്യം ആഗ്രഹിക്കുന്നതും അതുതന്നെയാണ്.