ഈത്തപ്പഴം പോലെ മധുരം സുന്ദരം

അഹമ്മദ് പാതിരിപ്പറ്റ Posted on: 17 Apr 2015

പാരമ്പര്യവും സംസ്‌കാരവും നെഞ്ചോടുചേര്‍ത്ത് സമ്പന്നതയുടെ കൊടുമുടിയിലേക്ക് കുതിക്കുകയാണ് ഖത്തര്‍. ശാസ്ത്രസാങ്കേതിക രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച് ലോകത്തിനുമുന്നില്‍ പുതിയ വഴി തുറന്നിടുമ്പോഴും ഈത്തപ്പഴത്തിന്റെ മധുരവും അറബ് ജീവിതരീതികളുടെ എളിമയും ഉള്ളില്‍ സൂക്ഷിക്കാന്‍ ഖത്തറികള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പല അറബ് രാജ്യങ്ങളിലും വേഷവിധാനങ്ങളിലും ആഘോഷങ്ങളിലുമൊക്കെ പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം കടന്നുവന്നുവെങ്കിലും ഖത്തര്‍ ഇത്തരം പരിഷ്‌കാരങ്ങളെ പുല്‍കാന്‍ സന്നദ്ധരാവുന്നില്ല. അത്യന്താധുനിക സൗകര്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന രാജ്യത്ത് ജീവിതരീതികള്‍ ഏറെ മാറുമ്പോഴും പൈതൃകം മുറുകെപ്പിടിക്കുന്നതില്‍ ഇവര്‍ മുന്‍പന്തിയിലാണ്.

പൗരാണിക ഖത്തറികള്‍ അന്തിയുറങ്ങിയിരുന്നത് മണലാരണ്യത്തില്‍ കെട്ടിപ്പൊക്കിയ ഖൈമ(തമ്പ്)കളിലായിരുന്നു. ആ ഓര്‍മകള്‍ ഇപ്പോഴും അവര്‍ താലോലിക്കുന്നു. വിവാഹച്ചടങ്ങുകള്‍ക്കും പൊതുപരിപാടികള്‍ക്കും ഖൈമകള്‍ കെട്ടിപ്പൊക്കുന്നത് അതിന്റെ തെളിവാണ്. ഖൈമകള്‍ക്ക് അകത്ത് പരവതാനികള്‍ വിരിച്ച് ദീപങ്ങളും ഇരിപ്പിടങ്ങളുംകൊണ്ട് അലങ്കരിച്ചാണ് കല്യാണച്ചടങ്ങുകളും പൊതുപരിപാടികളും നടത്തുന്നത്. അറബ് ഭക്ഷണവിഭവങ്ങള്‍തന്നെയാണ് അതിഥികള്‍ക്ക് വിളമ്പുന്നത്. പരമ്പരാഗത പാനീയമായ കഹ്‌വയും സുലൈമാനിയും ഈത്തപ്പഴവും അതിഥികള്‍ക്ക് നല്കുന്നു. മജ്ബൂസാണ് അറബികളുടെ നിത്യഭക്ഷണം. ബുഫെകളില്‍പ്പോലും മജ്ബൂസാണ് മുഖ്യഭക്ഷണം.

റംസാന്‍ മാസത്തില്‍ അറബ് വീടുകള്‍ക്കുമുമ്പില്‍ ഖൈമകള്‍ ഉയരും. നോമ്പ് തുറന്നുള്ള പ്രാര്‍ഥനകള്‍ക്കുശേഷം പൂര്‍വികരുടെ മാതൃക പിന്തുടര്‍ന്ന് ഖത്തറികള്‍ ഖൈമകളില്‍ കൂടിച്ചേരും. രാവേറെച്ചെല്ലുവോളം കഥകള്‍ പറഞ്ഞും മറ്റും സമയം ചെലവഴിക്കുന്ന പതിവ് ഇന്നും തുടരുന്നു. റംസാന്‍ കാലത്ത് സ്വദേശികളെയും മറ്റ് അറബികളെയും ആകര്‍ഷിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍പ്പോലും ഖൈമകള്‍ ഉയരാറുണ്ട്. അവിടങ്ങളില്‍ ഇഫ്താറും അത്താഴവിരുന്നും സംഘടിപ്പിക്കുന്നു.

റംസാന്‍ പകുതിയിലാണ് കുട്ടികളുടെ പ്രാദേശിക ആഘോഷമായ ഖരംഗാഓ അരങ്ങേറുന്നത്. റംസാന്‍ മധ്യത്തില്‍ പെരുന്നാളിന് തുല്യമായി കുട്ടികള്‍ക്കായി ഒരുക്കിയതാണ് ഖരംഗാഓ ആഘോഷം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് സുഗന്ധംപൂശി ഗൃഹസന്ദര്‍ശനം നടത്തുന്ന കുട്ടികളെ പണവും മിഠായികളും മധുരവും നല്കി വീട്ടമ്മമാര്‍ സ്വീകരിക്കുന്നു. അറബ് രാജ്യങ്ങളില്‍ പലപേരുകളില്‍ അറിയപ്പെടുന്ന ഈ ആഘോഷം വേരറ്റുപോകാതിരിക്കാന്‍ ഭരണാധികാരികള്‍ ലക്ഷക്കണക്കിന് റിയാലാണ് ചെലവഴിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും പഞ്ചനക്ഷത്ര ഹോട്ടലുകളുമെല്ലാം റംസാനിലെ പതിന്നാലാം രാവില്‍ ഈ ആഘോഷം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്നു.

രാജ്യത്ത് അത്യാധുനിക വാസ്തുശില്പ മാതൃകകള്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഖത്തര്‍ ഭരണകൂടം പുതുതായി പണിയുന്ന മന്ദിരങ്ങളെല്ലാം പഴയ അറബ്ഖത്തര്‍ വാസ്തുശില്പ മാതൃകകളിലാണെന്നത് സംസ്‌കാരത്തോടുള്ള അവരുടെ അളവറ്റ ആരാധന വ്യക്തമാക്കുന്നു. സര്‍ക്കാര്‍ കച്ചവട സമുച്ചയങ്ങളില്‍പ്പോലും ആ വാസ്തുശില്പസൗന്ദര്യം കാണാനാകും.

ഒരു നൂറ്റാണ്ടിന്റെ പഴമ അവകാശപ്പെടാനുണ്ട് സൂഖ് വാഖിഫിന്. ഖത്തറിന്റെ വാണിജ്യചരിത്രത്തിന്റെ സ്മൃതികളുറങ്ങുന്ന പഴയ മാര്‍ക്കറ്റാണിത്. പൗരാണിക ഖത്തര്‍ ജനത കുടില്‍വ്യവസായത്തിലൂടെ ഉത്പാദിപ്പിച്ചിരുന്ന ഉത്പന്നങ്ങള്‍ വിറ്റിരുന്ന ചന്തമാതൃകയിലുള്ള കടല്‍ത്തീര വിപണിയാണ് കാലക്രമത്തില്‍ പരിണമിച്ച് സൂഖ് വാഖിഫായത്. കടകളുടെ രൂപത്തില്‍ സ്ഥാപിച്ച പഴയ സൂഖിനകത്ത് വിദേശകുടിയേറ്റം ആരംഭിച്ചതോടെ ഇറാനികളും കാലക്രമത്തില്‍ ഇന്ത്യക്കാരും പാകിസ്താനികളും ബംഗാളികളുമൊക്കെ കച്ചവടത്തിനെത്തി. കോടികള്‍ കൈമറിഞ്ഞിട്ടും ആ സൂഖ് വാഖിഫ് പൊളിച്ച് പുതിയ രീതിയിലുള്ള മാര്‍ബിള്‍ മന്ദിരം പണിയാന്‍ ഖത്തര്‍ തയ്യാറായില്ല. അതേ മാതൃകയില്‍ പഴയ കുട്ടക്കല്ലുകള്‍ പാകി, കുമ്മായം പൂശി പണിത ചുമരുകളും മരത്തണ്ടുകള്‍ ചേര്‍ത്തുവെച്ചുണ്ടാക്കിയ മച്ചുകളും കല്ലുകള്‍ പാകിയ തറയുമെല്ലാം പൗരാണികത്തനിമയോടെ നിര്‍മിച്ചാണ് സൂഖ് വാഖിഫിന്റെ പഴമ നിലനിര്‍ത്തിയത്. കോടിക്കണക്കിന് റിയാല്‍ ചെലവഴിച്ചാണ് മരത്തടികളും മറ്റും അതിനായി ഇറക്കുമതിചെയ്തത്. ശീതീകരണ സംവിധാനങ്ങളും വൈദ്യുത ദീപങ്ങളുമെല്ലാം കടകള്‍ക്കകത്ത് ഒരുക്കിയിട്ടുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ കാണുക പഴയ പാനീസ് വിളക്കുകളാണെന്നതാണ് സൂഖിന്റെ പ്രത്യേകത. സൂഖ് വാഖിഫിനകത്ത് ഹോട്ടലുകളും ഹുക്ക വലിക്കാന്‍ സൗകര്യമുള്ള ശീഷാ കഫേകളുമുണ്ട്. അറബ് സംഗീതത്തിന്റെ താളലയത്തില്‍ അറബ് വേഷമണിഞ്ഞ വെയിറ്റര്‍മാരും പരിചാരകരുമാണ് ഹോട്ടലുകളില്‍ നമ്മെ സ്വാഗതം ചെയ്യുക. ഖത്തറിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണിത്. സൂഖില്‍ ഇടയ്ക്കിടെ കലാപരിപാടികള്‍ അരങ്ങേറുന്നു. കോണ്‍ഫറന്‍സ് ഹാളുകളും മജ്‌ലിസും ചിത്രകലാ ഗ്യാലറികളും പോലീസ്, ഫയര്‍ സ്റ്റേഷനുകളും പാസ്‌പോര്‍ട്ട് ഓഫീസുകളും സൂഖിനകത്തുണ്ട്. മലയാളികളുടെ ഏറ്റവും പഴയ സ്ഥാപനമായ ബിസ്മില്ല

ഹോട്ടല്‍ സൂഖ് വാഖിഫിലാണ്. പണ്ട് ആദ്യമായി ഖത്തറിലെത്തുന്നവരുടെ വലിയ പ്രതീക്ഷയായിരുന്നു ബിസ്മില്ല ഹോട്ടല്‍.
കോര്‍ണിഷിനോട് ചേര്‍ന്നുള്ള ബിദാ പാര്‍ക്കില്‍ ഒരു പരമ്പരാഗത ഖത്തറി ഗ്രാമംതന്നെ പുതിയ തലമുറയ്ക്ക് പൗരാണിക ഖത്തറിനെക്കുറിച്ചുള്ള ജ്ഞാനം പകരാന്‍ ഒരുക്കിയിരിക്കുന്നു. പൗരാണിക കുടില്‍വ്യവസായങ്ങളായ നെയ്ത്തും വലനെയ്യലും കൊട്ട നെയ്യലുമെല്ലാം ചിത്രീകരിച്ച ലൈവ് സ്റ്റാളുകളില്‍ പഴയ ഖത്തറികള്‍ അവരുടെ കരവിരുത് നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചിരുന്നു.
വെസ്റ്റ് ബേയില്‍ ഏക്കറുകള്‍ വ്യാപിച്ചുകിടക്കുന്ന കത്താറ പൗരാണിക മാതൃകയില്‍ പണിതൊരു ഗ്രാമമാണ്. കടല്‍ത്തീരത്ത് കോടിക്കണക്കിന് റിയാല്‍ ചെലവഴിച്ച് സ്ഥാപിച്ച കത്താറയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്. കടല്‍ത്തീരവും ആംഫി തിയേറ്ററും നിരവധി പ്രദര്‍ശന ഹാളുകളും ഖത്തറി കലകളുടെ ആസ്ഥാന മന്ദിരങ്ങളുമെല്ലാം കത്താറയ്ക്കകത്തുണ്ട്. അറബ് ജീവിതത്തിന്റെയും സംസ്‌ക്കാരത്തിന്റെയും തനിപ്പകര്‍പ്പാണ് കത്താറ. ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ കത്താറ കാണാതെ തിരിച്ചുപോകാറില്ല. സര്‍ക്കാറിന്റെ പൊതുപരിപാടികളെല്ലാം കത്താറയിലാണ് നടത്തുന്നത്. വൈകുന്നേരങ്ങളില്‍ ജനങ്ങള്‍ കത്താറയുടെ തണലിലേക്ക് ഒഴുകിയെത്തുന്നു. സന്ദര്‍ശകര്‍ക്കായി താമസസൗകര്യവും ഭക്ഷണശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഖത്തറിലെ പൗരാണിക ജനത മത്സ്യബന്ധനം നടത്തിയും ഈത്തപ്പഴം കഴിച്ചുമാണ് ജീവിച്ചിരുന്നത്. പെട്രോളിന്റെ കണ്ടുപിടിത്തത്തോടെയാണ് ജീവിതരീതികളില്‍ മാറ്റങ്ങള്‍ വന്നത്. പഴയ തലമുറയില്‍പ്പെട്ടവര്‍ സ്വയം മത്സ്യബന്ധനം നടത്താറില്ലെങ്കിലും വിദേശികളെ ജോലിക്ക് നിയമിച്ച് മത്സ്യബന്ധനം ഇപ്പോഴും തുടരുന്നു. മുത്തുവാരലായിരുന്നു ഖത്തറികളുടെ പ്രധാന വരുമാനമാര്‍ഗം. ദിവസങ്ങളോളം കടലില്‍ ചെലവഴിച്ച് മുത്ത് മുങ്ങിത്തപ്പി തിരിച്ചുവരുന്നവരെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ കടല്‍ത്തീരത്തെത്തി ആഹ്ലാദം പങ്കിട്ടിരുന്ന പഴയകാല സ്മരണകള്‍ അയവിറക്കാന്‍ മുത്തുവാരല്‍ ഉത്സവങ്ങളും മറ്റും ഇപ്പോഴും സംഘടിപ്പിക്കാറുണ്ട്.



ZOOMIN
ZOOMIN 1
ZOOMIN 3
ZOOMIN 2

 

ga
Kaineetam