ബേപ്പൂര്‍ ഉരുക്കള്‍ക്ക് ഖത്തറിന്റെ മൃതസഞ്ജീവനി

എം.പി. പത്മനാഭന്‍ Posted on: 17 Apr 2015


പുരാതനകാലം തൊട്ടേ ഉരു നിര്‍മാണത്തില്‍ പേരുകേട്ട ബേപ്പൂരില്‍നിന്നാണ് അറേബ്യന്‍ നാടുകളിലേക്കും ഗള്‍ഫിലേക്കും പ്രധാനമായും ഉരുക്കള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നത്. വാണിജ്യാവശ്യങ്ങള്‍ക്കും ഉല്ലാസയാത്രകള്‍ക്കുമായാണ് ബേപ്പൂരില്‍നിന്ന് അറബികള്‍ ഉരു ഉണ്ടാക്കിക്കുന്നത്. ഉരുനിര്‍മാണം ഇടക്കാലത്ത് പ്രതിസന്ധിയിലാവുകയും ഒറ്റു ഉരുപോലും നിര്‍മിക്കാത്ത അവസ്ഥയില്‍ ബേപ്പൂരിലെ ഉരുപ്പണിശാലകള്‍ മാറുകയുമായിരുന്നു. ഒന്നരപ്പതിറ്റാണ്ട് മുമ്പ് ഏറെക്കുറെ ഓര്‍മയായി മാറിയ ഉരുനിര്‍മാണം ബേപ്പൂരില്‍ പുനര്‍ജനിച്ചത് ഖത്തറിലെ രാജകുടുംബങ്ങള്‍ വഴിയാണ്. കഴിഞ്ഞ ഏതാനും വര്‍ഷമായി മംഗലാപുരത്തേക്ക് കുടിയേറിയിരുന്ന ഉരു വ്യവസായം ബേപ്പൂരില്‍ത്തന്നെ തിരിച്ചെത്തി.

ഉരുശില്പികളായ വി.കെ. നാരായണന്‍, എടത്തൊടി സത്യന്‍, നല്ലൂര്‍ രാജു എന്നിവരുടെ മാര്‍ഗനിര്‍ദേശത്തില്‍ ഉരുക്കള്‍ പണിയാന്‍ തച്ചന്മാര്‍ ബേപ്പൂരിലെ കക്കാടത്ത് നദീമുഖത്തും ചാലിയം പട്ടര്‍മാട്ടിലുമുള്ള ഉരുപ്പണിശാലകളില്‍ എത്തിത്തുടങ്ങിയതോടെ ആരവങ്ങള്‍ മുഴങ്ങി. ഉരു കയറ്റുമതി കമ്പനികളായ പി.ഐ. അഹമ്മദ്‌കോയ ഹാജി, ബിച്ചു ആന്‍ഡ് കമ്പനി, ബിനാഫ എന്റര്‍പ്രൈസസ് എന്നിവയുടെ ശ്രമഫലമായി അറബികള്‍ ഉരുക്കള്‍ക്ക് ഓര്‍ഡറുകള്‍ നല്‍കാന്‍ തുടങ്ങി. ചാലിയം പട്ടര്‍മാട് ദ്വീപിലെ ഉരുപ്പണിശാലകളില്‍നിന്ന് ഖത്തറിലെ രാജകുടുംബങ്ങള്‍ക്കും മൊറോക്കായിലേക്കും കമനീയമായ ഉരുക്കള്‍ ഇതിനകം പണിത് കടല്‍കടന്നു.

ബേപ്പൂര്‍ കക്കാടത്ത് നദീമുഖത്തെ ഉരുപ്പണിശാലയില്‍നിന്ന് ഖത്തറിലെ രാജകുടുംബത്തിന്‌വേണ്ടി പടുകൂറ്റന്‍ ഉല്ലാസഉരു ഈ അടുത്താണ് നീറ്റിലിറക്കിയത്. കഴിഞ്ഞ ഏറെ വര്‍ഷത്തിനുശേഷം ആദ്യമായാണ് 200 അടി നീളവും 42 അടി വീതിയുമുള്ള ഇത്തരം പടുകൂറ്റന്‍ ഉല്ലാസ ഉരു ബേപ്പൂരില്‍ നിന്ന് ഖത്തറിലേക്ക് യാത്രയാവുന്നത്. ബേപ്പൂരിലെ പരേതനായ കക്കാടത്ത് മണിയുടെ ബോട്ട് റിപ്പയര്‍ യാര്‍ഡ് ഇന്ന് കണ്ടാല്‍ അറിയാത്തവിധം കമനീയമായ ഉരുക്കളുടെ ജന്മസ്ഥലമായി മാറിക്കഴിഞ്ഞു. ബിനാഫ എന്റര്‍പ്രൈസസിന്റെ മജീദും ഗഫൂറും ബിച്ചു ആന്‍ഡ് കമ്പനിയുടെ യഹിയയും ഇന്ത്യന്‍ കരകൗശല വൈദഗ്ധ്യത്തിന്റെ പ്രതീകമായ 'സംബൂക്ക്' ഉരുക്കള്‍ ഇവിടെ നിന്ന് ഖത്തറിലേക്കും ദുബായിലേക്കും കയറ്റിയയച്ചു. യഹിയയാണ് ഏതാനും വര്‍ഷം മുമ്പ് ഖാലിദ് എന്ന കൂറ്റന്‍ ഉരു ഉണ്ടാക്കിച്ച് കയറ്റുമതിക്ക് ഇടക്കാലത്ത് തുടക്കമിട്ടത്. ഉരുനിര്‍മാണ കയറ്റുമതിയില്‍ പേരുകേട്ട പി.ഐ. അഹമ്മദ്‌കോയ ഹാജി സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ട്ണറും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റുമായ കെ.വി. കുഞ്ഞഹമ്മദ് അറബികളുമായിനടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ബേപ്പൂരില്‍ ഒന്നര പതിറ്റാണ്ടിന് ശേഷം ഉരുനിര്‍മാണം തിരിച്ചെത്തിയതും ഖത്തറിലെ രാജകുടുംബങ്ങള്‍ക്ക് വീണ്ടും ഉല്ലാസ ഉരുക്കള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ തുടങ്ങിയതും. തികച്ചും വ്യത്യസ്തമായ ശില്പവേലയില്‍ പണിത പടുകൂറ്റന്‍ ഉരു ഏതാനും ദിവസങ്ങള്‍ക്കകം കക്കാടത്ത് നദീമുഖത്ത് നിന്ന് ഖത്തറിലേക്ക് യാത്രയാവും.

ബേപ്പൂര്‍ ഉരുക്കളുടെ രാജശില്പികളായിരുന്നു പരേതരായ താമുട്ടി, ഇമ്പിച്ചുട്ടി, ആണ്ടിക്കുട്ടി തുടങ്ങിയവര്‍. അവരുടെ പിന്‍തലമുറക്കാരാണ് നാരായണനും സത്യനും രാജുവുമൊക്കെ. ഗോകുല്‍ദാസ് ബേപ്പൂരിലെ ഉരുപ്പണി നിര്‍ത്തി ഗള്‍ഫിലേക്ക് പോയപ്പോള്‍ ഗള്‍ഫില്‍ ഏറെക്കാലം ഉരുനിര്‍മാണവുമായി കഴിഞ്ഞ എടത്തൊടി സത്യന്‍ കക്കാടത്ത് നദീമുഖത്തെ ഉരുപ്പണിശാലയ്ക്ക് വരദാനമായി തിരിച്ചെത്തുകയായിരുന്നു. അദ്ദേഹം രൂപകല്പന ചെയ്ത ഉരുക്കളില്‍ അറബികള്‍ കൂടുതലായി ആകര്‍ഷിതരാവുകയാണ്. ഒരു കാലത്ത് 60 ഉരുക്കള്‍ വരെ നിര്‍മിച്ചിരുന്ന ബേപ്പൂര്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും സജീവമായത്.
ഉരുനീറ്റിലിറക്കുന്ന ദൗത്യം ഏറ്റെടുക്കുന്നത് ബേപ്പൂരിലെ ഖലാസികളാണ്. വന്‍ഭാരമുള്ള ഉരുക്കള്‍ കരയില്‍ നിന്ന് നീറ്റിലിറക്കുക എന്നത് ആധുനിക എന്‍ജിനീയറിങ്ങിനെ വെല്ലുവിളിക്കുന്ന യത്‌നമാണ്. മൂന്നരവര്‍ഷമെടുത്ത് കക്കാടത്ത് നദീമുഖത്ത് പണിത കമനീയ യാനമായ 'സംബൂക്ക്' ഖലാസി അ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് നീറ്റിലിറക്കിയത്. യൂസഫ് മുല്ല അഹമ്മദ് അമ്മാറി എന്ന അറബി ദീര്‍ഘകാലയളവില്‍ ബേപ്പൂരില്‍ ക്യാമ്പ് ചെയ്താണ് രണ്ട് ഉരുക്കള്‍ ഖത്തര്‍ രാജകുടുംബത്തിന് വേണ്ടി പണികഴിപ്പിച്ച് കൊണ്ടുപോയത്. ബേപ്പൂര്‍ കൈതയില്‍ കോയ മൂപ്പന്റെ നേതൃത്വത്തിലുള്ള ഖലാസി സംഘവും ഉരുനീറ്റിലിറക്കുന്ന യത്‌നത്തില്‍ പങ്കാളികളായിട്ടുണ്ട്. ഖത്തര്‍ രാജകുടുംബാംഗമായ ശൈഖ് അബ്ദുള്ള അസീസ് അല്‍ത്താനിക്ക് വേണ്ടി മറ്റൊരു ഉല്ലാസ ഉരുവും 2014 ജനവരിയില്‍ കക്കാടത്ത് ഉരുപ്പണിശാലയില്‍ നിന്ന് ഖത്തറിലേക്ക് കയറ്റിയയച്ചിരുന്നു.

ഉരുനിര്‍മാണത്തില്‍ ബേപ്പൂരിന്റെ പ്രതാപം തിരിച്ചുവരുന്നതിനെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ബ്രിക്ക്', 'ബോബ്' എന്നീ ടൈപ്പുകളിലുള്ള ഉരുക്കളും ബേപ്പൂരില്‍ നിര്‍മിച്ച് കയറ്റി അയച്ചുവന്നിരുന്നുവെങ്കിലും ഇപ്പോള്‍ ഉല്ലാസ യാത്രയ്ക്കും, മറ്റ് ജലക്രീഡകള്‍ക്കുമുള്ള 'സംബൂക്ക്' ഇനത്തില്‍പ്പെട്ട ഉരുക്കളാണ് കയറ്റിയയയ്ക്കുന്നത്. മിക്ക ഉരുക്കളുടെയും സൗന്ദര്യവത്കരണം നടക്കുന്നത് ഖത്തറില്‍ എത്തിയശേഷമാണ്. പട്ടര്‍മാട് ദ്വീപിലെ പി.ഐ. അഹമ്മദ് കോയഹാജി സ്ഥാപനത്തില്‍ നിന്ന് ഒഴുകുന്ന െറസ്റ്റോറന്റായ ഒരു ഉരുവും ഖത്തറിലേക്ക് കയറ്റിയയച്ചിരുന്നു. എമ്പതുകളില്‍ ബേപ്പൂരില്‍ നിന്ന് ഹുസൈന്‍ മറഫി എന്നഅറബി ഉണ്ടാക്കിച്ചുകൊണ്ടുപോയ ഉരു ഇന്ന് കുവൈത്തിലെ അത്യാധുനിക റെസ്റ്റോറന്റാണ്.



ZOOMIN
ZOOMIN 1
ZOOMIN 3
ZOOMIN 2

 

ga
Kaineetam