സ്‌പോര്‍ട്‌സ് വെറും വിനോദമാണെന്ന ധാരണ എന്നോ തിരുത്തപ്പെട്ടു കഴിഞ്ഞു. ഇന്നത് വന്‍കിട ബിസിനസ്സിനും നയതന്ത്രത്തിനും രാഷ്ട്രീയത്തിനുമെല്ലാമുള്ള അടിത്തറയാണ്. സ്‌പോര്‍ട്‌സിന്റെ ചിറകിലേറി ലോകത്തിന്റെ നെറുകയിലേക്ക് പറന്നുയരാന്‍ ലക്ഷ്യമിടുന്ന രാജ്യമാണ് ഖത്തര്‍ 2022ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്ന രാജ്യം.
സ്‌പോര്‍ട്‌സ് കൊണ്ട് ലോകത്ത് സാന്നിധ്യം ഉറപ്പിക്കാനൊരുങ്ങുന്ന ഈ രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതീകമായി തലസ്ഥാനനഗരമായ ദോഹയില്‍ ഒരു സ്ഥാപനമുണ്ട് അതാണ് ആസ്പയര്‍ അക്കാദമി.
ലക്ഷ്യത്തിലെത്താന്‍ അവലംബിക്കുന്ന മാര്‍ഗം വളരെ പ്രാധാന്യമുള്ളതാണ്. വിഭവങ്ങളേറെയുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താന്‍ പരാജയപ്പെട്ടെന്നതാണ് ഇന്ത്യയുടെ കായിക പിന്നാക്കാവസ്ഥയുടെ കാരണം. കായികരംഗത്തിന്റെ അടിസ്ഥാനവികസനത്തിന്റെ പേരില്‍ കോടികള്‍ ചെലവിടുമ്പോഴും അത് പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുക്കാനുള്ള കര്‍മപദ്ധതികളൊന്നും വേണ്ടവിധം നടപ്പാക്കാതെ ഇന്ത്യന്‍ കായികരംഗം ഇന്നും മുടന്തുമ്പോഴാണ്, ആസ്പയര്‍ കായികപരിശീലനം എങ്ങനെ ആകാമെന്നതിന്റെ വലിയ പാഠമാകുന്നത്. മാനുഷിക വിഭവശേഷി വളരെ കുറവെങ്കിലും സമ്പത്തും ദൃഢനിശ്ചയവും കൊണ്ട് പുതിയൊരു കായികതാര ലോകം വാര്‍ത്തെടുക്കുന്നതിന്റെ കളരിയാണിന്ന് ആസ്പയര്‍.
ഖത്തറികളെക്കൊണ്ടു മാത്രം കായികലോകത്തിന്റെ നെറുകയിലേറാമെന്ന വ്യാമോഹം ഖത്തര്‍ ഭരണകൂടത്തിനില്ല. അതുകൊണ്ടുതന്നെ ആസ്പയര്‍ അക്കാദമിയിലൂടെ ആധുനികോത്തരമായ എല്ലാ അറിവിന്റെയും സാങ്കേതിക സൗകര്യങ്ങളുടെയും അടിസ്ഥാനത്തില്‍ ലോകതാരമായി വളരുന്നവരുടെ കൂട്ടത്തില്‍ എല്ലാ രാജ്യക്കാരുമുണ്ട്.
ലോകോത്തരമായ പരിശീലന സംവിധാനങ്ങളുടെ സംഗമവേദിയാണ് ആസ്പയര്‍. 'പഠിക്കൂ, വികസിക്കൂ, നേടൂ' എന്നതാണ് നാളത്തെ ചാമ്പ്യന്മാരെ സ്യഷ്ടിക്കുന്നിടം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആസ്പയറിന്റെ മുദ്രാവാക്യം. ആസ്പയര്‍ അക്കാദമി, ആസ്പറ്റര്‍, ആസ്പയര്‍ ലോജിസ്റ്റിക്‌സ് എന്നിവ ചേര്‍ന്നുളള ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന് 'കായികപ്രകടന നിലവാരം ഞങ്ങള്‍ ഉയര്‍ത്തും' എന്നൊരു വാഗ്ദാനമാണ് മുന്നോട്ടുവെക്കാനുള്ളത്. പരിശീലനച്ചുമതല അക്കാദമിക്കും സ്‌പോര്‍ട്‌സ് മെഡിസിന്‍ ചുമതല ആസ്പറ്ററിനും സ്‌പോര്‍ട്‌സ് മത്സര നടത്തിപ്പ് ചുമതല ലോജിസ്റ്റിക്‌സിനുമാണ്.
ഇതില്‍ നിന്നുതന്നെ ആസ്പയറിനു പിന്നിലുള്ള ആസൂത്രണം വ്യക്തം. ലോകനിലവാരത്തിലുള്ള പരിശീലനം, സ്‌പോര്‍ട്‌സ് മെഡിസിന്‍ രംഗത്തെ എല്ലാ അറിവുകളും സ്വായത്തമാക്കി കായികതാരങ്ങള്‍ക്കുള്ള ആരോഗ്യ പിന്തുണ, ലോക നിലവാരമുള്ള മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കല്‍. ആസ്പയര്‍ വെറും സ്‌പോര്‍ട്‌സ് അക്കാദമിയല്ല, കായികലോകത്തിന്റെ അവിഭാജ്യഘടകമായി മാറാനുള്ള ദോഹയുടെ സ്‌പോര്‍ട്‌സ് സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടിയാണ്.
ലോകകപ്പ് ഫുട്‌ബോളിനു മുമ്പുതന്നെ ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങള്‍ ദോഹയിലെത്തും. ജനവരിയിലാണ് ലോക ഹാന്‍ഡ്‌ബോള്‍ മത്സരം നടന്നത്. ഇനി ഒളിംപിക്‌സിനു മുമ്പെ, ലോക അത്‌ലറ്റിക്‌സിനും ദോഹ വേദിയാകാന്‍ പോകുന്നു. ലോകത്തെ അറിയപ്പെടുന്ന അത്‌ലറ്റുകളും ഫുട്‌ബോള്‍, ടെന്നീസ് കളിക്കാരുമെല്ലാം ദോഹയിലെ നിത്യസന്ദര്‍ശകരാകുന്നതും ഈ ആസൂത്രണ വൈദഗ്ധ്യത്തിന്റെ ഭാഗമാണ്.
നാട്ടുകാരെ മാത്രമല്ല, ഏഷ്യ, ആഫ്രിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുപോലും കഴിവുള്ളവരെ കണ്ടെത്താനുള്ള സംവിധാനം ആസ്പയറിനുണ്ട്. സെനഗലില്‍ പ്രത്യേക പരിശീലനകേന്ദ്രം തുറന്നിരിക്കുന്നു. സ്‌കോളര്‍ഷിപ്പോടുകൂടിയാണ് അവിടെ കുട്ടികളെ പഠിപ്പിക്കുന്നത്. 12 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികളാണ് അക്കാദമിയിലുള്ളത്. ഫുട്‌ബോളിന് കുറച്ചധികം പ്രാധാന്യം നല്‍കുന്നുമുണ്ട്. ഫുട്‌ബോള്‍ നന്നായി കളിക്കുന്ന ഒമ്പത് വയസ്സിനു താഴെയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കാന്‍ പ്രത്യേക ഫുട്‌ബോള്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ ഖത്തറിലുണ്ട്. സെനഗലില്‍ നാല് ഫുട്‌ബോള്‍ ടീമുകളെത്തന്നെ രൂപപ്പെടുത്തിയിരിക്കുന്നു.
13 കളിക്കളങ്ങളുടെ അത്ഭുത കൂടാരം
അന്താരാഷ്ട്രനിലവാരത്തിലുള്ള 13 ഇന്‍ഡോര്‍ കളിക്കളങ്ങള്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ സ്ഥാപിച്ചുവെന്നതാണ് ആസ്പയറിന്റെ പ്രത്യേകത.ഇക്കാര്യത്തില്‍ ഈ അക്കാദമി ലോകത്തിലെ ഏറ്റവും വലുതാണ്.
ഫുട്‌ബോള്‍,വോളിബോള്‍,ടെന്നീസ്,ബാസ്‌കറ്റ്‌ബോള്‍,നീന്തല്‍,ടേബിള്‍ ടെന്നീസ്,ബാഡ്മിന്റണ്‍ തുടങ്ങിയ ഇനങ്ങളുടെ കളിക്കളങ്ങളെല്ലാം തന്നെ ഗാലറികളോടുകൂടി അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കിയവയാണ്.ഓരോ കളിക്കളങ്ങളും വളരെ വൃത്തിയായി പരിപാലിക്കുന്നു.
അക്കാദമിയില്‍ കളി മാത്രമല്ല,സ്‌കൂള്‍ അധ്യയനവുമുണ്ട്.ക്ലാസ് മുറികളും ലോകോത്തര നിലവാരത്തിലുള്ളതാണ്.ടെലിവിഷന്‍,കംപ്യൂട്ടര്‍,വൈ ഫൈ എന്നിവയെല്ലാം സജ്ജീകരിച്ചുള്ള അത്യന്താധുനിക ക്ലാസ് മുറികള്‍.
വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ മിടുക്കരായ അധ്യാപകരുണ്ട്.കായിക പരിശീലകരാകട്ടെ,അതത് മേഖലകളില്‍ അന്താരാഷ്ട്ര അംഗീകാരം നേടിയവര്‍.കായിക പരിശീലനത്തിനു പുറമെ ആരോഗ്യം,ജീവിത ശൈലി എന്നിവയിലും കുട്ടികള്‍ക്ക് വിദഗ്ധരുടെ ക്ലാസുകള്‍ നല്‍കുന്നുവെന്ന് ആസ്പയര്‍ സീനിയര്‍ മീഡിയ റിലേഷന്‍സ് സ്‌പെഷലിസ്റ്റ് ഹസ്സന്‍ മുബാറക് ഇസ്ബായിസ് പറഞ്ഞു.
ഏഷ്യാഡില്‍ തുടങ്ങി ലോകകപ്പ് ഫുട്‌ബോളിലേക്ക്
2006ലെ ഏഷ്യന്‍ ഗെയിംസോടുകൂടിയാണ് ഖത്തര്‍ എന്ന രാജ്യം സ്‌പോര്‍ട്‌സ് രംഗത്ത് മേല്‍വിലാസം നേടിയെടുത്തത്.അതുവരെയും ഖത്തര്‍ എണ്ണ ഉത്പാദിപ്പിക്കുന്ന ഒരു ഗള്‍ഫ് രാജ്യം മാത്രമായിരുന്നു.എന്നാലിന്ന് ദോഹ കായികലോകത്തെ എണ്ണപ്പെട്ട നഗരങ്ങളില്‍ ഒന്നായിരിക്കുന്നു.
ഏഷ്യന്‍ ഗെയിംസിന്റെ വിജയം, ഖത്തറിനെ കായികലോകത്തെ ഒരു പ്രധാന രാജ്യമായി സ്വയം മാറ്റിയെടുക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പ്രേരിപ്പിച്ചു.തൊട്ടടുത്തുള്ള ദുബായ്, ആഗോള രാഷ്ട്രങ്ങളുടെ കവാടമെന്ന നിലയില്‍ കുതിക്കുമ്പോള്‍ വേറിട്ട പാതയിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ ആസൂത്രിതമായ കരുനീക്കമാണ് ഖത്തര്‍ ഭരണകൂടം നടത്തിയത്. 2020ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചതോടെ ദുബായോട് കിടപിടിക്കുന്ന ഗള്‍ഫ് നഗരമായി ദോഹയെ മാറ്റിയെടുക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ തയ്യാറാക്കി വരുന്നത്.
അങ്ങനെ വരുമ്പോള്‍ ആസ്പയര്‍ അക്കാദമി ദോഹയുടെ കഠിന പരിശ്രമത്തിന്റെ തിളങ്ങുന്ന പ്രതീകമാണ്.വരാനിരിക്കുന്ന ഒട്ടേറെ വികസന പദ്ധതികളുടെ ലോകോത്തര നിലവാരം എത്രമാത്രം ഉന്നതമായിരിക്കുമെന്ന് ലോകത്തെ അറിയിക്കുന്ന മാതൃക.
ഇപ്പോള്‍ത്തന്നെ ലോകത്തെ ഏറ്റവും മികച്ച അക്കാദമികളിലൊന്നെങ്കിലും 2020ഓടെ ഒന്നാംകിട അക്കാദമിയാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ദോഹയിലെത്തുന്നവരുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണിന്ന് ആസ്പയര്‍.പഞ്ചനക്ഷത്ര സൗകര്യത്തോടെയുള്ള സ്വീകരണ ലോഞ്ചും,പരിശീലന കേന്ദ്രങ്ങളും ക്ലാസ്മുറികളും കളിക്കളങ്ങളുമെല്ലാം അടുത്ത ദശാബ്ദത്തിലെ ആഗോള സ്‌പോര്‍ട്‌സ് നഗരമെന്ന രൂപമാറ്റത്തിലേക്കുള്ള ദോഹയുടെ സൂചകങ്ങളാണ്.