പുകവലിക്കാത്ത ഒബാമയ്ക്ക് തീപ്പെട്ടി സമ്മാനം!

പി.കെ.മണികണ്ഠന്‍ Posted on: 25 Jan 2015


ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം 2010ല്‍ ആദ്യമായി ബരാക് ഒബാമ ഇന്ത്യയിലെത്തുമ്പോള്‍ തെലങ്കാന എന്ന സംസ്ഥാനം പിറവിയെടുത്തിരുന്നില്ല. തെലങ്കാനയ്ക്കു വേണ്ടിയുള്ള സമരങ്ങളും സമ്മര്‍ദ്ദങ്ങളുമേ ഇവിടെയുണ്ടായിരുന്നുള്ളൂ. എന്നാല്‍, രണ്ടാം വരവില്‍ ഒബാമ ഇന്ത്യയിലെത്തുമ്പോഴേക്കും യാഥാര്‍ഥ്യമായിക്കഴിഞ്ഞ തെലങ്കാന അദ്ദേഹത്തിനും ഭാര്യ മിഷേലിനും ഒരു സമ്മാനം കരുതി വെച്ചു. സില്‍ക്കില്‍ തുന്നിയെടുത്ത ഷാളും സാരിയും. തീപ്പെട്ടിക്കൂടില്‍ മടക്കി സൂക്ഷിക്കാമെന്നാണ് ഈ സമ്മാനത്തിന്റെ സവിശേഷത.

തീപ്പെട്ടിക്കൂട്ടില്‍ ഒതുക്കാമെന്നു കരുതി സാരി ചെറുതാണെന്നു കരുതരുത്. നാലരമീറ്റര്‍ നീളത്തില്‍ തെലങ്കാനയുടെ തനതു സില്‍ക്കില്‍ നെയ്‌തെടുത്ത ഒന്നാന്തരം സാരി തന്നെ! തെലങ്കാന സിര്‍സില ടൗണില്‍ താമസിക്കുന്ന ഇരുപത്തിയേഴുകാരന്‍ നല്ല വിജയ് പ്രത്യേകമായി തുന്നിയെടുത്തതാണ് മിഷേലിനുള്ള സാരിയും ഒബാമയ്ക്കുള്ള ഷാളും. അറുപതു ഗ്രാം മാത്രമാണ് സാരിയുടെ തൂക്കം. ഒബാമയ്ക്കു വേണ്ടി നെയ്ത ഷാളിന്റെ തൂക്കം വെറും 30 ഗ്രാം. നീളമോ രണ്ടു മീറ്ററും! മടങ്ങിപ്പോവുമ്പോള്‍ ഇന്ത്യയിലെ സമ്മാനച്ചുമടിനെക്കുറിച്ചോര്‍ത്ത് ഒബാമയ്ക്കും മിഷേലിനും തല പുകക്കേണ്ട. താന്‍ തുന്നിയ സാരിയും ഷാളും ഓരോ തീപ്പെട്ടിക്കൂടിനുള്ളില്‍ സുന്ദരമായി മടക്കിവെച്ചു കൊണ്ടുപോവാമെന്നാണ് നല്ല വിജയിന്റെ അവകാശവാദം.

സാധാരണക്കാര്‍ക്ക് ടെലിവിഷന്‍ കാഴ്ച മാത്രമായ അമേരിക്കന്‍ പ്രസിഡന്റിന്റെ ഏഴയലത്തു പോയി സാരി സമ്മാനിക്കാന്‍ കഴിയില്ലെന്ന് നല്ല വിജയിനു നല്ല ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ, തന്റെ സ്വപ്‌നസമ്മാനം ഈ യുവാവ് കേന്ദ്രമന്ത്രി ബണ്ഡാരു ദത്രായേയയെ ഏല്‍പ്പിച്ചു. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശിഷ്ടസമ്മാനം ഏല്‍പ്പിച്ചും കഴിഞ്ഞു. തെലങ്കാനയുടെ സമ്മാനം പ്രധാനമന്ത്രിയിലൂടെ ഒബാമ-മിഷേല്‍ ദമ്പതികളുടെ കൈകളിലെത്തുമ്പോഴുള്ള വിസ്മയത്തെക്കുറിച്ചോര്‍ത്ത് നിര്‍വൃതി കൊളളുകയാണ് നല്ല വിജയ്.

രാജ്ഘട്ട് സന്ദര്‍ശിച്ചപ്പോള്‍ ഗാന്ധിസ്മാരക സമിതി ഒബാമയ്ക്കു സമ്മാനിച്ചത് കേരളത്തില്‍ നിര്‍മ്മിച്ച ചര്‍ക്കയായിരുന്നു. 2010ല്‍ വന്നപ്പോഴും ചര്‍ക്ക അദ്ദേഹത്തിനു സമ്മാനമായി നല്‍കിയിരുന്നു. മിഷേലനും ഉദ്യോഗസ്ഥ സംഘത്തിനുമൊക്കെ സമ്മാനിക്കാന്‍ പാകത്തില്‍ ഗാന്ധി സ്മാരക സമിതി 12 ചര്‍ക്കകള്‍ കരുതിവെച്ചു.




 

ga