ന്യൂഡല്‍ഹി: ബരാക്ക് ഒബാമയ്‌ക്കൊപ്പം ഭാര്യ മിഷേല്‍ ഇന്ത്യയിലെത്തിയത് ഇന്ത്യന്‍ വംശജന്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത ഫ്രോക്കും ധരിച്ച്. നീല പൂക്കള്‍ ആലേഖം ചെയ്ത മുട്ടോളമെത്തുന്ന ഫ്രോക്ക് മിഷേലിനു വേണ്ടി ഇന്ത്യക്കാരനായ ബിഭു മൊഹാപാത്രയാണ് രൂപകല്‍പന ചെയ്തത്. നിറത്തിനും ഡിസൈനിനും ചേര്‍ന്ന ഓവര്‍ക്കോട്ടും ഫ്രോക്കിന്റെ മോടി കൂട്ടി.
ഇത്തരം പൂക്കളുടെ പ്രിന്റുള്ള വേഷങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് മിഷേലിന്. തായി ഡിസൈനര്‍ താക്കൂണ്‍ പനിച്ഗുല്‍, ട്രേസി ഫെയ്ത്ത് എന്നിവരും മിഷേലിനുവേണ്ടി ഇത്തരം ഡിസൈനര്‍ വേഷങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
ഒഡിഷയിലെ റൂര്‍ക്കല സ്വദേശിയായ മൊഹാപാത്ര ഇപ്പോള്‍ ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മിഷേല്‍ നീലക്കുപ്പായം ധരിച്ച് നില്‍ക്കുന്ന ഫോട്ടോ മൊഹാപാത്ര ട്വീറ്റ് ചെയ്തിട്ടുണ്ട്. 2012ല്‍ ജെ ലെനോയുടെ ടി.വി. ഷോയിലും മൊഹാപാത്ര ഡിസൈന്‍ ചെയ്ത വേഷം ധരിച്ചിട്ടുണ്ട്.