ബെംഗളൂരു: ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കും കര്‍ണാടകത്തിന്റെ സമ്മാനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഡല്‍ഹിയിലേക്ക് അയച്ചു. സില്‍ക്ക് വസ്ത്രങ്ങളും ചന്നപട്ടണയില്‍നിന്നുള്ള മരപ്പാവകളുമാണ് സമ്മാനപ്പൊതിയിലുള്ളത്.
മൈസൂര്‍ സില്‍ക്കുകൊണ്ടുള്ള ഷാളുകള്‍, തൂവാലകള്‍, ഷര്‍ട്ട്, സ്‌കാര്‍ഫുകള്‍ തുടങ്ങിയ വസ്ത്രങ്ങളാണ് സമ്മാനിക്കുന്നതെന്ന് കര്‍ണാടക സില്‍ക്ക് വ്യവസായ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഡി. ബസവരാജ് വാര്‍ത്താലേഖകരോട് പറഞ്ഞു. 102 വര്‍ഷത്തെ ചരിത്രമുള്ള മൈസൂര്‍ സില്‍ക്ക് ഫാക്ടറിയെക്കുറിച്ച് സമ്മാനത്തിനൊപ്പമുള്ള കത്തില്‍ മുഖ്യമന്ത്രി വിവരിച്ചിട്ടുണ്ട്.
കര്‍ണാടക ഇന്‍ഫര്‍മേഷന്‍വകുപ്പ് ഡയറക്ടര്‍ വിഷ്ണുകുമാര്‍ സമ്മാനപ്പൊതി ഡല്‍ഹിയില്‍വെച്ച് ഒബാമയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏല്പിക്കും. മരംകൊണ്ടുള്ള പതിനഞ്ചോളം പാവകളും മറ്റ് അലങ്കാരങ്ങളുമാണ് ചന്നപട്ടണയില്‍നിന്ന് സമ്മാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മരപ്പാവകള്‍ക്ക് പ്രസിദ്ധമായ ചന്നപട്ടണയിലെ റഹിംഖാന്‍ എന്ന 36-കാരനും കൂട്ടരും നിര്‍മിച്ചതാണ് ഇവ.
2010-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മിഷേല്‍ ഒബാമ ഡല്‍ഹിയില്‍നിന്ന് ഏതാനും ചന്നപട്ടണപ്പാവകള്‍ വാങ്ങിയിരുന്നു.