ഇരുവശങ്ങളിലും ചപ്പുചവറുകല്‍ കുമിഞ്ഞുകൂടിയ, ഭിക്ഷാടകര്‍ക്കൊപ്പം തെരുവുനായ്ക്കളും കാലികളും ചുറ്റി സഞ്ചരിക്കുന്ന പൊടിപിടിച്ച തെരുവുകള്‍ കാണാം ഡല്‍ഹിക്കു ചുറ്റും. എന്നാല്‍ വിശക്കുന്ന ഇന്ത്യയുടെ മുഖം കാണാനുള്ള ഭാഗ്യം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് ഉണ്ടാവില്ല. കാരണം റോഡില്‍ ഒരു പൊടിപോലും കണ്ടുപോകരുതെന്ന് ശുചിത്വ കാമ്പയിന്റെ വക്താവായ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക നിര്‍ദ്ദേശം നല്‍കക്കഴിഞ്ഞു. ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനാണ് ഒബാമയും മിഷേലും ഇന്ത്യയിലെത്തുന്നത്.
ആഗ്രയിലേക്ക് ചെന്നാല്‍ നിത്യസ്‌നേഹത്തിന്റെ പ്രതീകമായ താജ്മഹലിലേക്കുള്ള റോഡുകള്‍ മുട്ടുകുത്തിയിരുന്ന് ഉരച്ചുകഴുകുന്ന രാംജീതിനെപ്പോലുള്ളവരെ കാണാം. 600 ലേറെ തൊഴിലാളികളെയാണ് റോഡുകള്‍ കഴുകി വൃത്തിയാക്കാന്‍ മാത്രം നിയോഗിച്ചിരിക്കുന്നത്.
എല്ലാ റോഡുകളും വൃത്തിയാക്കി മോടികൂട്ടിയാല്‍ ഒബാമക്ക് മതിപ്പുണ്ടാകും. അടുത്ത പത്തുകിലോമീറ്റര്‍ റോഡ് വൃത്തിയാക്കാനുള്ള ജോലിക്കു മുമ്പ് പത്തുമിനിട്ട് വിശ്രമിക്കാനിരുന്ന രാംജീത് പറഞ്ഞു. കാല്‍മുട്ടിനും മുതുകിനും നല്ല വേദനയുണ്ട്, കിട്ടുന്നതാണെങ്കില്‍ കഷ്ടി മുന്നൂറുരൂപ- അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് ഒബാമയും ഭാര്യ മിഷേലും ആഗ്രയിലെത്തുന്നത്.
റോഡുകളുടെ ഇരുവശങ്ങളിലുമുള്ള വെളുത്ത വരകള്‍ കഴുകി വൃത്തിയാക്കുന്നതിനൊപ്പം അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളേയും പട്ടികളേയും പിടിച്ച് കെട്ടിയിടാനും അധികൃതര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മുറുക്കിത്തുപ്പിയ ഒരു അടയാളം പോലുമില്ലാതെ താജ്മഹലിന്റെ പരിസരം വൃത്തിയാക്കേണ്ടതുണ്ട്. തെരുവുകളെല്ലാം വെടിപ്പുള്ളതാവണം- അന്താരാഷ്ട്ര നേതാക്കള്‍ക്ക് താജ്മഹല്‍ പരിചയപ്പെടുത്തിക്കൊടുക്കുന്ന മുന്‍ ചീഫ് ആര്‍ക്കിയോളജിസ്റ്റ് കെ.കെ മുഹമ്മദ് വ്യക്തമാക്കി.
താജ്മഹലിന്റെ മോടിപിടിക്കലിന് പത്തുദിവസത്തെ ഇടവേള നല്‍കിയിരുന്നു. റോഡും പരിസരവും വൃത്തിയാക്കിയിട്ട് വേണം താജ്മഹലിലെ പൊടിവിമുക്തമാക്കാന്‍.
യമുനാദനിക്കരയില്‍ നിന്നുമാത്രം രണ്ടു ടണ്‍ ചപ്പുചവറുകളാണ് നീക്കിയത്. 3000 പോലീസുകാരെ ആഗ്രയില്‍ മാത്രം പ്രത്യേക ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. നദിയില്‍ ബോട്ട് പെട്രോളുമുണ്ട്.
ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് കുറച്ചുദിവസത്തേക്ക് താജിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഇതില്‍ മുറുമുറുപ്പുമുണ്ടായിട്ടുണ്ട്.
തിങ്കളാഴ്ച റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ഡല്‍ഹിയിലെ തെരുവോരത്തുള്ള കെട്ടിടങ്ങള്‍ക്കെല്ലാം പുതിയ ചായമടിക്കുന്ന തിരക്കാണ്. എന്നിരുന്നാലും ആഗ്രയുടെ അത്ര ശുഷ്‌കാന്തിയൊന്നും ഡല്‍ഹിയില്‍ കാണാനില്ല.