ഒബാമയ്‌ക്കൊപ്പം പറക്കുന്നു; വൈറ്റ് ഹൗസും

പി.കെ. മണികണ്ഠന്‍ Posted on: 25 Jan 2015


റിപ്പബ്ലിക് ദിനത്തിന് ആദ്യമായി മുഖ്യാതിഥിയാവുന്ന അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ. അദ്ദേഹം ഇന്ത്യയിലാവുമ്പോള്‍ അമേരിക്കയില്‍ ഭരണകാര്യങ്ങള്‍ നോക്കാന്‍ പ്രസിഡന്റില്ലെന്നു കരുതരുത്. ലോകത്തിന്റെ ഏതു കോണിലായാലും ഏതു നേരവും വൈറ്റ് ഹൗസിലിരുന്നു ഭരണം നിയന്ത്രിക്കുന്നതു പോലെ സൗകര്യങ്ങളുള്ള വിമാനത്തിലാണ് ഒബാമയുടെ യാത്ര. ഇങ്ങനെ, 'പറക്കുന്ന വൈറ്റ് ഹൗസി'ല്‍ ബരാക് ഒബാമ ഇന്ത്യയില്‍ വീണ്ടും വന്നിറങ്ങി.

വി.വി.ഐ.പി യാത്രയ്ക്കു മാത്രം തയ്യാറാക്കിയ എയര്‍ ഫോഴ്‌സ് - വണ്‍ എന്ന ബോയിങ് 747-200 അഥവാ ജംബോ ജെറ്റ് വിമാനത്തിലാണ് ഒബാമയുടെ യാത്ര. പേരില്‍ സൂചിപ്പിച്ച പോലെ ഒന്നാമനായ ഈ വിമാനത്തിന് നാലായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണവും 70.4 മീറ്റര്‍ നീളവും 59.6 മീറ്റര്‍ വീതിയുമുണ്ട്. മൂന്നു നിലകളുമുള്ള ജംബോ ജെറ്റില്‍ അത്യാഢംബര സൗകര്യങ്ങളുമായി പ്രസിഡന്റിനു പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുണ്ട്. കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പ്രസിഡന്റിന്റെ ഈ സ്വകാര്യമുറി. വിമാനത്തില്‍ 102 പേര്‍ക്ക് ഇരിക്കാം. വൈദ്യചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കല്‍ സ്യൂട്ട്, പ്രസിഡന്റിന്റെ സഹായികളായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക കാബിനുകള്‍, സമ്മേളനഹാള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള താമസസൗകര്യം, മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടം, ജീവനക്കാര്‍ക്കുള്ള മുറികള്‍ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങള്‍. ഒരേ സമയം നൂറു പേര്‍ക്ക് ഭക്ഷണം വിളമ്പാന്‍ പാകത്തിലുള്ളതാണ് വിമാനത്തിലെ ഭക്ഷണശാല. അത്യാധുനിക ആശയവിനിമയശൃംഖലക്കു പുറമെ 85 ടെലിഫോണ്‍, 19 എല്‍.സി.ഡി സ്‌ക്രീനുകള്‍ എന്നിവയും വിമാനത്തിന്റെ ഭാഗമായിട്ടുണ്ട്. ഏറ്റവും നൂതനമായ സാറ്റലൈറ്റ് സംവിധാനത്തിലൂടെ വിമാനയാത്രയില്‍ തന്നെ പ്രസിഡന്റിന് ഏതൊരു ലോകനേതാവിനെയും ഏതു നേരത്തു വേണമെങ്കിലും ബന്ധപ്പെടാനാവും.

ഒരു ഭീകരാക്രമണത്തിനും, എന്തിനേറെ ആണവായുധത്തിനു പോലും തകര്‍ക്കാന്‍ കഴിയാത്തതാണത്രേ എയര്‍ഫോഴ്‌സ് വണ്‍. ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകര്‍ക്കാനും കഴിയുന്ന ഇലക്ട്രിക് ഡിഫന്‍സ് സിസ്റ്റം പോലുള്ള ഏറ്റവും മുന്തിയ പ്രതിരോധ സംവിധാനങ്ങളാണ് വിമാനത്തില്‍. ഇന്‍ഫ്രാ റെഡ് മിസൈല്‍ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി അക്രമണം തടയാന്‍ വിമാനത്തിലെ മിറര്‍ ബാള്‍ ഡിഫന്‍സിലൂടെ സാധിക്കും. ഭൂമിയും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഘടിപ്പിച്ചിട്ടുള്ളതാണ് എയര്‍ ഫോഴ്‌സ് വണ്‍. ആണവായുധം കൊണ്ടുള്ള അക്രമണം ചെറുക്കുക മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റിന് ആവശ്യമെങ്കില്‍ വിമാനത്തില്‍ ഇരുന്നു കൊണ്ട് ആണവ പ്രത്യാക്രമണം നടത്താം. ഇതിനായി ന്യൂക്ലിയര്‍ ബട്ടണ്‍ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസും വിമാനത്തിലുണ്ട്. മെഡിക്കല്‍ സൗകര്യവും രക്തബാങ്കുമൊക്കെ ഉള്ളതിനാല്‍ യാത്രക്കിടയില്‍ അക്രമണം നടന്നാല്‍ പോലും പ്രസിഡന്റിനോ ഒപ്പമുള്ളവര്‍ക്കോ ഭയക്കേണ്ടതില്ല. യാത്രക്കിടയില്‍ തന്നെ ആവശ്യമെങ്കില്‍ ഇന്ധനം നിറയ്ക്കുകയുമാവാം. അമേരിക്കന്‍ പട്ടാളത്തിന്റെ പക്കല്‍ ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങളുണ്ട്. ഓരോന്നിനും 25 കോടി ഡോളറാണ് വില. ഇത് മണിക്കൂറില്‍ 1014 കിലോമീറ്റര്‍ സഞ്ചരിക്കും. അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കാത്ത വിമാനം ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കുമെന്നതാണ് പ്രത്യേകത. മണിക്കൂറില്‍ ഒരു ലക്ഷം ഡോളറാണ് ഈ വിമാനത്തിനുള്ള ചെലവ്. ലോകരാജ്യങ്ങള്‍ ചുറ്റിക്കറങ്ങുന്ന അമേരിക്കന്‍ പ്രസിഡന്റേതു തന്നെയാണ് അക്ഷരാര്‍ഥത്തില്‍ ഏറ്റവും വലിയ ആഢംബരയാത്ര!



 

ga