ഒബാമയ്ക്ക് സഞ്ചരിക്കാന്‍ 'ബീസ്റ്റ്' എത്തി

Posted on: 24 Jan 2015


ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ ഞായറാഴ്ച ഡല്‍ഹിയിലെത്താനിരിക്കെ, അദ്ദേഹത്തിന് സഞ്ചരിക്കാനായി അമേരിക്കയില്‍ നിന്നുള്ള പ്രത്യേക കാര്‍ 'ബീസ്റ്റ്' ഡല്‍ഹിയിലെത്തി. യു.എസ്. പ്രസിഡന്റിന് സഞ്ചരിക്കാന്‍ മാത്രമായി രൂപകല്‍പ്പന ചെയ്തതാണ് ഈ വാഹനം.

'കാഡില്ലാക് ഡി.ടി.എസ്.എ.' കാറിന്റെ ഷാസി കൊണ്ട് നിര്‍മ്മിച്ചതാണ് ബീസ്റ്റ്. ലിറ്ററിന് 3.4 കിലോമീറ്ററാണ് ഇന്ധനക്ഷമത. പ്രത്യേക പരിശീലനം ലഭിച്ചയാളേ ഈ വാഹനം ഓടിക്കൂ. 180 ഡിഗ്രിയില്‍ കാര്‍ തിരിക്കാന്‍ വൈദഗ്ധ്യം ലഭിച്ചയാളാവും ഡ്രൈവര്‍. വൈസ് പ്രസിഡന്റിനെയും പെന്റഗണിലേക്കും ഏത് നേരവും പ്രസിഡന്റിന് ബന്ധപ്പെടാന്‍ പാകത്തിലുള്ള സാറ്റ്‌ലൈറ്റ് ഫോണുകള്‍, ഓക്‌സിജന്‍ ടാങ്കുകള്‍, രക്തബാങ്ക്, ഡോക്ടര്‍ എന്നിവയൊക്കെയാണ് കാറിലെ സൗകര്യങ്ങള്‍.

2012-ല്‍ ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം സഞ്ചരിച്ചത് കറുത്ത 'മെഴ്‌സിഡസ് ബെന്‍സ് എസ് 600' കാറിലായിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിനെത്തുന്ന മുഖ്യാതിഥി രാഷ്ട്രപതിയുടെ കാറില്‍ വന്നിറങ്ങണമെന്നാണ് ഔദ്യോഗികചട്ടം. പ്രസിഡന്റ് പ്രത്യേക വാഹനത്തിലേ സഞ്ചരിക്കാവൂവെന്നാണ് അമേരിക്കയുടെ ചട്ടം. എന്നാല്‍, റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ഒബാമ ഏത് കാറില്‍ വന്നിറങ്ങുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

വെടിയുണ്ടയേല്‍ക്കില്ല, പഞ്ചറാവില്ല


* മണിക്കൂറില്‍ 96.5 കിലോമീറ്ററാണ് ബീസ്റ്റിന്റെ പരമാവധി വേഗം
* പതിനെട്ടടി നീളം. എട്ടു ടണ്‍ ഭാരം.
* വെടിയുണ്ടകള്‍ ഏല്‍ക്കില്ല. വെടിയുണ്ട ചെറുക്കാനുള്ള പ്രതലത്തിന് എട്ടിഞ്ച് കനമുണ്ട്.
* രാസായുധത്തെയും ചെറുക്കാന്‍ കെല്‍പ്പുള്ള അഞ്ചിഞ്ചു കനത്തിലുള്ളതാണ് കാറിന്റെ ചില്ലുകള്‍
* ടയറുകള്‍ പഞ്ചറാവില്ല, ആക്രമണത്തില്‍ ചില്ലുകള്‍ ഉടയില്ല.
* രാത്രിയിലും കാഴ്ചശേഷിയുള്ള ക്യാമറകള്‍
* ഇന്ധനടാങ്ക് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിക്കില്ല
* തോക്കുകളും കണ്ണീര്‍വാതകവും ഘടിപ്പിച്ചതാണ് കാര്‍



 

ga