ജനവരി 25ന് ഇന്ത്യയിലെത്തുന്ന യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രധാന ദൗത്യം എന്തായിരിക്കും?
അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ അവസാനവട്ട ഒരുക്കങ്ങളിലാണ് സര്‍ക്കാര്‍. പിഴവില്ലാത്ത സുരക്ഷയാണ് സര്‍ക്കാരിന്റെ ആദ്യ അജണ്ട. അമേരിക്കന്‍ രാഷ്ട്രത്തലവന്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തിന് അതിഥിയായി എത്തുന്നത് ആദ്യമായാണ്. തീവ്രവാദ ഭീഷണി ഉപഭൂഖണ്ഡത്തെ ഗ്രസിച്ചു നില്‍ക്കുന്ന വേളയില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് സുരക്ഷാ ഏജന്‍സികള്‍. ഒന്നുറപ്പ്, ഒബാമ വന്നു മടങ്ങുന്നതു വരെ ശ്വാസമടക്കിപ്പിടിച്ചാവും ഇന്ത്യയുടെ ജീവിതം.
ഒബാമ -മോദി ചര്‍ച്ചകളേയും ശ്വാസമടക്കിപ്പിടിച്ചു തന്നെയാണ് ലോകം വീക്ഷിക്കുന്നത്. അതിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. റഷ്യയും ചൈനയും യൂറോപ്യന്‍ യൂണിയനും വലിയ താല്‍പ്പര്യം ഈ സന്ദര്‍ശനത്തിനു നല്‍കുന്നുണ്ട്. അതൊരു വെറും സന്ദര്‍ശനമല്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാം.
മോദിയും ഒബാമയും ഇതാദ്യമായല്ല ചര്‍ച്ച നടത്തുന്നത്. മൂന്നു വട്ടം ഇതിനകം അവര്‍ കണ്ടുമുട്ടിക്കഴിഞ്ഞു. സെപ്തംബറില്‍ വാഷിങ്ടണില്‍ ഉഭയകക്ഷി ചര്‍ച്ചക്കിടെയായിരുന്നു ശ്രദ്ധേയമായ മുഖാമുഖം. മിയാന്‍മറില്‍ ഈസ്റ്റ് ഏഷ്യാ ഉച്ചകോടിക്കിടെയും ബ്രിസ്‌ബെയ്‌നില്‍ ജി-20 ഉച്ചകോടിക്കിടെയും ഇവര്‍ കണ്ടിരുന്നു. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയാണ് ഇവിടെയും പ്രതീക്ഷിക്കപ്പെടുന്നത്. അതിലപ്പുറം പ്രാധാന്യം ഇതിനില്ലെന്നു സര്‍ക്കാര്‍ പറയുന്നു.
'അതീവ പ്രാധാന്യമുള്ള മുഖാമുഖം'
എന്നാല്‍ വാസ്തവം അതല്ല. 'അതീവ പ്രാധാന്യമുള്ള മുഖാമുഖ'മായാണ് ഇതിനെ നയതന്ത്ര വൃത്തങ്ങളും നിരീക്ഷകരും കാണുന്നത്. തീവ്രവാദ വിരുദ്ധ നിലപാടുകളില്‍ സമാന മനസ്‌കരായതിനാല്‍ കടുത്ത ചില സംയുക്തനീക്കങ്ങള്‍ ഉണ്ടായേക്കാം എന്നു പ്രതീക്ഷിക്കുന്നവരുണ്ട്. അതില്‍ പുതുതായൊന്നും സംഭവിക്കില്ല എന്നു കരുതുന്നവരും ഉണ്ട്. അവരുടെ നിരീക്ഷണത്തില്‍ അതിനേക്കാള്‍ ഇന്ത്യ ഉറ്റുനോക്കുന്ന മേഖലകള്‍ മറ്റു ചിലതാണ്. പ്രതിരോധം, ഊര്‍ജം, വിദ്യാഭ്യാസം, സാമ്പത്തിക സഹകരണം തുടങ്ങിയ ചില മേഖലകളില്‍ ദൂരവ്യാപകമായ ചലനങ്ങളുണ്ടാക്കാന്‍ പോന്ന ചര്‍ച്ചകള്‍ ഇത്തവണ നടക്കും എന്നാണ് അവര്‍ കരുതുന്നത്. വാഷിങ്ടണില്‍ കഴിഞ്ഞ സെപ്തംബറില്‍ സംയുക്ത പ്രഖ്യാപനത്തിനിടെ മുന്നോട്ടു വെച്ച പല നിര്‍ദേശങ്ങളിലുമുള്ള തുടര്‍ കര്‍മപരിപാടി ഈ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിക്കപ്പെട്ടേക്കുമെന്നും അതാണ് പരമപ്രധാനമെന്നും അവര്‍ പറയുന്നു.
രണ്ടു സര്‍ക്കാരുകളും ഔദ്യാഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞയാഴ്ച ഗാന്ധിനഗറില്‍ വൈബ്രന്റ് ഗുജറാത്ത് മേള സന്ദര്‍ശിച്ച അവസരത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി നടത്തിയ പ്രസംഗം ഈ നിരീക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ഒബാമ -മോദി കൂടിക്കാഴ്ചയെക്കുറിച്ച് അതില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. പ്രാധാന്യമേറിയ വേറെയും ചില കാര്യങ്ങളില്‍ ഊന്നലുണ്ടാവും എന്നാണ് കെറി അവിടെ പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനം, പ്രതിരോധം, ആണവ സഹകരണം, സാമ്പത്തിക പങ്കാളിത്തം എന്നീ വിഷയങ്ങള്‍ കെറി സൂചിപ്പിക്കുകയും ചെയ്തു.
റഷ്യക്കൊപ്പം ഞങ്ങളും
ഒബാമ സന്ദര്‍ശനത്തില്‍ പ്രധാന അജണ്ട പ്രതിരോധം തന്നെ ആയേക്കും. പ്രതിരോധസഹകരണത്തില്‍ ഒരു ദശവത്സര കരാര്‍ ഉണ്ടായേക്കും എന്നാണ് സൂചന. ഈ മേഖലയിലെ യോജിച്ചുള്ള പ്രയാണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉതകുന്നതാകും കരാര്‍. ആളില്ലാ യുദ്ധവിമാനങ്ങളുടെയും യാത്രാവിമാനസാമഗ്രികളുടെയും സംയുക്തനിര്‍മാണപ്രൊജക്റ്റുകള്‍ ആരംഭിക്കാനുള്ള തീരുമാനമാവും ഇതില്‍ പരമപ്രധാനം. പുതിയ എയര്‍ക്രാഫ്റ്റ് കാരിയര്‍ നിര്‍മിക്കാനും പ്രതിരോധ സാമഗ്രികളുടെ സംയുക്ത നിര്‍മാണത്തിനുമുള്ള കരാറുകളും ഉണ്ടാവും.
ഇന്ത്യയും റഷ്യയും കൈമാറുന്ന പ്രതിരോധ സഹകരണത്തെ എതിര്‍ക്കാനല്ല, ചില മേഖലകളിലെങ്കിലും അതേ നാണയത്തില്‍ അനുവര്‍ത്തിക്കാനാണ് അമേരിക്കയുടെ ശ്രമം. രണ്ടു രാജ്യങ്ങളും ചേര്‍ന്നു നേരത്തെ ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത് അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ആ മാതൃകയില്‍ സംയുക്ത സംരംഭങ്ങള്‍ തുടങ്ങാനാണ് അമേരിക്കയും ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ആസൂത്രിതമായ ഒരു ദേശിയ പ്രതിരോധ സര്‍വകലാശാല തുടങ്ങാനുള്ള പദ്ധതിക്കും അമേരിക്ക തുടക്കം കുറിച്ചേക്കും.
'സ്മാര്‍ട്ട്' ആയേക്കാം ചര്‍ച്ചകള്‍
അജ്മീര്‍, അലഹാബാദ്, വിശാഖപട്ടണം സ്മാര്‍ട്ട് സിറ്റി പദ്ധതികളിലെ അമേരിക്കന്‍ പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചകള്‍ ഈ സന്ദര്‍ശനവേളയില്‍ ഉണ്ടായേക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതു സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്്. ഇപ്പോഴത്തെ ധാരണ അനുസരിച്ച് വിജ്ഞാന പങ്കാളി എന്ന നിലയിലാണ് ഈ മൂന്നു പദ്ധതികളിലും അമേരിക്ക സഹകരിക്കുന്നത്.
ഖരമാലിന്യ സംസ്‌കരണം, മാലിന്യ സംസ്‌കരണം, മലിനജലസംസ്‌കരണം, ജലസംഭരണം, ട്രാഫിക് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ അമേരിക്കന്‍ ബൗദ്ധികസഹകരണം ഉറപ്പു വരുത്തുക എന്നതാവും ചര്‍ച്ചയുടെ ലക്ഷ്യം. ഏതാനും അമേരിക്കന്‍ വ്യവസായ ഭീമന്മാരുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സിസ്‌കോ, ത്രീഎം, ഇഎംസി, ജിഇ, ഹണിവെല്‍, കെപിഎംജി, ഓട്ടിസ്, ടിംകെന്‍, ലൂയി ബര്‍ഗര്‍ തുടങ്ങിയ വന്‍കമ്പനികള്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു കണ്‍സോര്‍ഷ്യം ഇതിനകം ഇന്ത്യയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതികളുമായി സഹകരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കെറി പാക്കേജ്
മോദി സര്‍ക്കാരിനെ വ്യവസായ സൗഹൃദ സര്‍ക്കാരായാണ് അമേരിക്ക വിലയിരുത്തുന്നത്. ഇതിന്റെ തെളിവാണ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ നേതൃത്വത്തില്‍ 12 സിഇഒമാരുള്‍പ്പെടെ 80-അംഗ സംഘം വൈബ്രന്റ് ഗുജറാത്ത് മീറ്റിങ്ങില്‍ പങ്കെടുത്തത്. മേക്ക് ഇന്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റി, സ്‌കില്ലിങ് ഇന്ത്യ, ഊര്‍ജസംരക്ഷണം എന്നീ മേഖലകളിലെ ധീരമായ പുതുനീക്കങ്ങളെയും നയങ്ങളെയും അഭിനന്ദനപൂര്‍വമാണ് അമേരിക്കന്‍ വ്യവസായ ലോകവും സര്‍ക്കാരും കാണുന്നത്.
ചുവപ്പു നാട ഇല്ലാതാക്കുമെന്ന മോദിയുടെ വാഗ്ദാനത്തെയും അമേരിക്കന്‍ നിക്ഷേപകര്‍ വലിയ മാറ്റമായി വിലയിരുത്തുന്നുണ്ട്. കൂടുതല്‍ നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്കൊഴുകാന്‍ ഇത് ഇടയാക്കിയേക്കും. മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ സംരംഭവും ഗ്യാന്‍ പദ്ധതിയും (ഗ്ലോബല്‍ ഇനീഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ് വര്‍ക്ക്) ഈ ഉച്ചകോടിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറന്നേക്കും.
സംയുക്ത പ്രഖ്യാപനത്തില്‍ ഗ്യാന്‍ പദ്ധതി ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്. ആയിരം അമേരിക്കന്‍ വിദ്യാര്‍ഥികളെ പ്രതിവര്‍ഷം ഇന്ത്യ അംഗീകൃത സര്‍വകലാശാലകളിലൂടെ പഠിപ്പിക്കുമെന്നാണ് ഉറപ്പു നല്‍കിയിട്ടുള്ളത്. അധ്യാപകരെ അമേരിക്ക ലഭ്യമാക്കും. അവരുടെ താമസച്ചിലവും പ്രതിഫലവും ഇന്ത്യ വഹിക്കും. സര്‍വകലാശാലകള്‍ ഏതൊക്കെയെന്നു നിശ്ചയിക്കുന്ന പ്രക്രിയ ഇരുഭാഗത്തും നടന്നു വരികയാണ്.
ആണവബാധ്യത പറ്റില്ല!
ഈ ഉച്ചകോടിയോടെ കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ പോകുന്ന ഒരു മേഖല ആണവ കരാറായിരിക്കും. ഇരു വിഭാഗവും ഇതു സംബന്ധിച്ച് രണ്ടു വട്ടം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
ഇന്ത്യയില്‍ നിലവിലുള്ള ആണവ ബാധ്യതാ നിയമങ്ങള്‍ വളരെ കര്‍ശനമാണ്. ഈ ചട്ടങ്ങളില്‍ ഇളവുകള്‍ വേണം എന്നതാണ് അമേരിക്കന്‍ ആവശ്യം. അതാണ് പ്രധാന കടമ്പ. ഇന്ത്യയില്‍ നിലവിലെ സാഹചര്യത്തില്‍ ഇത് എളുപ്പമല്ല. പാര്‍ലമെന്റിന്റെ അനുമതി വേണം. അതിന് സര്‍ക്കാരിന് കഴിയില്ല. പകരം ഒരു ആണവ ഇന്‍ഷുറന്‍സ് നിധി രൂപീകരിക്കാം എന്നാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ള വാഗ്ദാനം. ഒരു ആണവദുരന്തമുണ്ടായാല്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥ ഇതില്‍ ഉണ്ടാവും. അമേരിക്ക ഇതുകൊണ്ട് തൃപ്തിപ്പെടുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
അമേരിക്കന്‍ ബുദ്ധി!
അമേരിക്കന്‍ വ്യവസായങ്ങളുടെ ബൗദ്ധികസ്വത്തു സംരക്ഷിക്കപ്പെടണം. അതാണ് അമേരിക്കയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ കൂടി ഉള്‍ക്കൊള്ളുന്ന ഒരു നിക്ഷേപക്കരാര്‍ ചര്‍ച്ചയിലുണ്ട്. അതില്‍ ഈ ഉച്ചകോടിയോടെ പുരോഗതി ഉണ്ടായേക്കാം. 2010 മുതല്‍ അമേരിക്കന്‍ വ്യവസായ സമൂഹം ആവശ്യപ്പെടുന്നതാണ് ഇത്. ഇന്ത്യയില്‍ പണം മുടക്കുന്നതിന് അവര്‍ വെക്കുന്ന നിബന്ധനകളില്‍ ഒന്ന് ഈ കരാര്‍ ഉടനെ നടപ്പാക്കണം എന്നതാണ്. ഉഭയകക്ഷി നിക്ഷേപസംരക്ഷണകരാര്‍ (ബിഐടി) എന്നാണ് ഇത് അറിയപ്പെടുന്നത്.
ഈ വിഷയത്തില്‍ ഉണ്ടാവുന്ന പുരോഗതി ഇന്ത്യക്ക് നിര്‍ണായകമാണ്. നിക്ഷേപസൗഹൃദരാജ്യമെന്ന പ്രതിഛായ അത് ഇന്ത്യക്ക് നല്‍കും. സമീപകാലത്ത് ഏതാനും അമേരിക്കന്‍ കമ്പനികളുടെ അന്താരാഷ്ട്ര ടെലികോം ലൈസന്‍സുകള്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ കാര്‍ക്കശ്യം സൂചിപ്പിക്കുന്ന നടപടിയായിരുന്നു അത്. ഈ കാര്‍ക്കശ്യം പരമാവധി കുറക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.
ബിഐടിയിലെ പുരോഗതിയെ അമേരിക്കന്‍ വ്യവസായലോകം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഇത് അനന്തമായി നീണ്ടു പോകുന്നതില്‍ അമേരിക്കക്ക് അതൃപ്തിയുണ്ട്. മോദി സര്‍ക്കാരിനു മേല്‍ ഇക്കാര്യത്തില്‍ കടുത്ത സമ്മര്‍ദ്ദമാണ് അവര്‍ ചെലുത്തുന്നത്. ഇത് ഒപ്പുവെച്ചാല്‍ ആണവചര്‍ച്ചകള്‍ ഉള്‍പ്പെടെ എല്ലാ നിക്ഷേപ ഇടപാടുകളും പുനരാരംഭിക്കാന്‍ കഴിയും.
വില കുറഞ്ഞ വാക്‌സിന്‍
ആരോഗ്യരംഗത്തെ സഹകരണം സംബന്ധിച്ച ഏതാനും ചര്‍ച്ചകളും ഉച്ചകോടിയില്‍ ഉയര്‍ന്നു വന്നേക്കാം. പ്രത്യേകിച്ചും ഡെങ്കിപ്പനി, മലേറിയ, ക്ഷയം, എന്നീ രോഗങ്ങള്‍ക്ക് വില കുറഞ്ഞ വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ സംബന്ധിച്ചുള്ള ചര്‍ച്ച. ക്യാന്‍സര്‍ ഗവേഷണ രംഗത്തും സഹകരണത്തിനുള്ള ഒരു പദ്ധതി ഉണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകളുടെ പുരോഗതി അറിയില്ലെങ്കിലും ഒരു പ്രഖ്യാപനം ഈ ഉച്ചകോടിയില്‍ത്തന്നെ ഉണ്ടാവും എന്നാണ് പ്രതീക്ഷ.
കരിമ്പട്ടിക പറ്റില്ല
ഈ ഉച്ചകോടിയില്‍ ഇന്ത്യ അമേരിക്കയോട് ഉന്നയിക്കുന്ന പ്രധാന ആവശ്യം ഊര്‍ജമേഖലയുമായി ബന്ധപ്പെട്ടതായിരിക്കും. മൂന്ന് ഇന്ത്യന്‍ കമ്പനികളെ അമേരിക്ക നേരത്തെ ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിരുന്നു. ഇറാനിലെ പെട്രോളിയം മേഖലയുമായി നിക്ഷേപ സൗഹൃദങ്ങളുണ്ട് എന്ന കാരണം പറഞ്ഞാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് നീക്കിക്കിട്ടണം എന്നതാവും ഇന്ത്യ ഉന്നയിക്കുന്ന പ്രധാന ആവശ്യം. നിരോധനം മൂലം മറ്റു രാജ്യങ്ങളുമായി ബിസിനസ് പങ്കാളിത്തം ഉണ്ടാക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ഈ കമ്പനികള്‍.
അമേരിക്കയുടെ എല്‍എന്‍ജി കയറ്റുമതി ലിസ്റ്റില്‍ മുന്‍ഗണന ലഭിക്കണം എന്ന ഒരാവശ്യവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്. അമേരിക്കയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഉള്ള രാജ്യമല്ല ഇന്ത്യ എങ്കിലും ഇക്കാര്യത്തില്‍ ആശാവഹമായ ഒരു നീക്കം ഈ ഉച്ചകോടിയില്‍ ഉണ്ടായേക്കും എന്ന പ്രതീക്ഷ വാണിജ്യ നയതന്ത്ര വൃത്തങ്ങളില്‍ ഉണ്ട്.
ഇന്ത്യ തിളങ്ങുമോ?
ഉച്ചകോടിയുടെ ഗുണഭോക്താവ് ഇന്ത്യയോ അമേരിക്കയോ എന്ന ചര്‍ച്ച പതിവു പോലെ ഇക്കുറിയും വ്യാപകമാണ്. അത് ചര്‍ച്ചകള്‍ ഉരുത്തിരിയുന്നതിനനുസരിച്ചു മാത്രമേ പറയാന്‍ സാധിക്കൂ. എങ്കിലും മോദി ഗവണ്മെന്റുമായി സൗഹൃദം സ്ഥാപിക്കാനുള്ള ഒരാഗ്രഹം അമേരിക്കന്‍ നീക്കങ്ങളില്‍ പ്രകടമാണ്. അതു കൊണ്ട് ചര്‍ച്ചകള്‍ ഏകപക്ഷീയമാവില്ല എന്ന പ്രതീക്ഷ ചില നിരീക്ഷകരെങ്കിലും പങ്കുവെക്കുന്നുണ്ട്.
അമേരിക്കയാവട്ടെ, മുന്‍കാലത്തൊന്നുമില്ലാത്ത വിധം വ്യവസായത്തിനു മുന്‍തൂക്കം നല്‍കുന്ന ഒരു സമീപനം ഇന്ത്യ ഇപ്പോള്‍ സ്വീകരിക്കുന്നു എന്ന വിലയിരുത്തലിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അതാണ് ഒബാമ വലിയ ആലോചനയൊന്നും കൂടാതെ തന്നെ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചത്. വൈറ്റ്ഹൗസിന്റെ ഈ നിലപാട് അമേരിക്കന്‍ ഉദ്യോഗസ്ഥതലത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. പൊതുവെ അവര്‍ സ്വീകരിക്കാറുള്ള കര്‍ശന സമീപനങ്ങളില്‍ നിന്നു ഗുണപരമായ മാറ്റം ഇക്കുറി കാണുന്നുണ്ട്. അതാണ് ഇത്തവണത്തെ ഒബാമ സന്ദര്‍ശനത്തെ വ്യത്യസ്തവും പ്രതീക്ഷാ നിര്‍ഭരവുമാക്കുന്നത്.