ഒബാമ ഇന്ന് ഇന്ത്യയിലേക്ക്

Posted on: 24 Jan 2015


വാഷിങ്ടണ്‍: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് വൈകിട്ട് ഇന്ത്യയിലേക്ക് യാത്രതിരിക്കും. ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നത്.

വാഷിങ്ടണിലെ ആന്‍ഡ്ര്യൂസ് എയര്‍ഫോഴ്‌സ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഞായറാഴ്ച രാവിലെ പത്തുമണിക്ക് ന്യൂഡല്‍ഹിയിലെത്തും.

ഭാര്യ മിഷേലിനു പുറമേ, യു.എസ്. പ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് കക്ഷി നേതാവ് നാന്‍സി പെലോസി ഉള്‍പ്പടെയുള്ള സാമാജികരും, മന്ത്രിസഭാംഗങ്ങളും, ബിസിനസ് രംഗത്തുനിന്നുള്ള പ്രമുഖരുമടക്കം വന്‍ സംഘവുമായാണ് ഒബാമയുടെ വരവ്.

ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രേമോദിയും രാഷ്ട്രപതി ഭവനില്‍ ഒബാമയെ ഔപചാരികമായി സ്വീകരിക്കും.

12.40 ന് രാജ്ഘട്ടില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തിലെത്തുന്ന ഒബാമ അവിടെ വൃക്ഷത്തൈ നടും. ഹൈദരാബാദ് ഹൗസില്‍ ഉച്ചഭക്ഷണത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ലഘുസംഭാഷണം. 4.10 ന് സംയുക്തപ്രസ്താവന. രാത്രി 7.50 ന് ഒബാമ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച റിപ്പബ്ലിക് ദിന പരേഡിനു ശേഷം രാഷ്ട്രപതിഭവനില്‍ സ്വീകരണം. ഉച്ചക്കു ശേഷം യു.എസ്-ഇന്ത്യ ബിസിനസ് രംഗത്തെ പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കും.

ജനുവരി 27 ന് സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ രാവിലെ നടത്തുന്ന പ്രസംഗത്തിനു ശേഷം താജ്മഹല്‍ സന്ദര്‍ശിക്കും.



 

ga