മുല്ലപ്പെരിയാറും തമിഴ്‌നാടും

Posted on: 08 May 2014

ചെന്നൈ: മുല്ലപ്പെരിയാര്‍ അണയുടെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയോടെ തമിഴ്‌നാടിന്റെ എട്ട് വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്. 2006-ലാണ് ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന ആദ്യ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇതു വന്ന് 15 ദിവസത്തിനുള്ളില്‍ കേരളം പുതിയ നിയമ നിര്‍മാണത്തിലൂടെ ഈ വിധി മറികടന്നു. ഇതിനെതിരെ തമിഴ്‌നാട് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഇപ്പോള്‍ തീര്‍പ്പുണ്ടായിരിക്കുന്നത്.

തമിഴകത്തിന്റെ തെക്കന്‍ ജില്ലകളായ തേനി, മധുരൈ, രാമനാഥപുരം, ശിവഗംഗ എന്നീ ജില്ലകളില്‍ കുടിവെള്ളത്തിനും ജലസേചനത്തിനുമായി ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന മേജര്‍ ജോണ്‍ പെന്നിക്വിക്കിന്റെ നേതൃത്വത്തിലുള്ള എന്‍ജിനീയറിങ് സംഘമാണ് മുല്ലപ്പെരിയാര്‍ അണ നിര്‍മിക്കുന്നതിന് മേല്‍നോട്ടം വഹിച്ചത്. 1887 ല്‍ തുടങ്ങിയ നിര്‍മാണം 1895-ഓടെ പൂര്‍ത്തിയായി. നിര്‍മാണ പ്രവര്‍ത്തനത്തിന് പണം തികയാതെ വന്നപ്പോള്‍ പെന്നിക്വിക്ക് ഭാര്യയുടെ ആഭരണങ്ങളും തറവാട്ടു വക സ്വത്തുക്കളും വിറ്റാണ് ഇതിനുള്ള വക കണ്ടെത്തിയത്. തേനിയിലും മധുരൈയിലുമൊക്കെയുള്ള ജനങ്ങള്‍ക്ക് പെന്നിക്വിക്ക് വീരനായകനാണ്. പെന്നിക്വിക്കിനോടുള്ള ആദരസൂചകമായി കഴിഞ്ഞവര്‍ഷം ജയലളിത സര്‍ക്കാര്‍ തേനിയില്‍ സ്മാരകം നിര്‍മിക്കുകയും ചെയ്തു.

മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ആദ്യമെത്തുന്നത് തമിഴ്‌നാട്ടിലെ എറച്ചിപ്പാലത്തുള്ള ഫോര്‍ബെ അണയിലാണ്. ഇവിടെനിന്ന് വെള്ളം പൈപ്പ് ലൈന്‍ വഴി പെരിയാര്‍ പവര്‍ഹൗസിലെത്തിക്കുന്നു. 175 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നിലയമാണിത്. ഇവിടെനിന്ന് വൈരവനാര്‍ നദിയിലെത്തുന്ന വെള്ളം സുരുളിയാറിലൂടെ വൈഗൈ അണയിലേക്കും അവിടെനിന്ന് തേനി, ശിവഗംഗ, മധുരൈ, രാമനാഥപുരം എന്നിവിടങ്ങളിലേക്കുമെത്തുന്നു.

1886-ലാണ് തിരുവിതാംകൂര്‍ ദിവാനും മദ്രാസ് സംസ്ഥാന സെക്രട്ടറിയും മുല്ലപ്പെരിയാര്‍ കരാറില്‍ ഒപ്പുവെച്ചത്. 999 കൊല്ലത്തേക്കുള്ളതായിരുന്നു പാട്ടക്കരാര്‍. പിന്നീട് 1970 ല്‍ സി. അച്യുതമേനോന്‍ കേരള മുഖ്യമന്ത്രിയും എം. കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്നപ്പോഴാണ് കരാര്‍ പുതുക്കിയത്.

രാഷ്ട്രീയ മുതലെടുപ്പ്

മുല്ലപ്പെരിയാര്‍ വൈകാരിക വിഷയമായതോടെ ഈ വെള്ളത്തില്‍ നിന്ന് മുതലെടുക്കാന്‍ ജയലളിതയും കരുണാനിധിയും വൈകോയുമൊക്കെ മാറിമാറി ശ്രമിച്ചുകൊണ്ടിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള ചരക്കുഗതാഗതം തടയുന്നതിന് വൈകോയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധമുണ്ടായി.

മുല്ലപ്പെരിയാര്‍ അണ സുരക്ഷിതമല്ലെന്ന വാദം കേരളം ശക്തമാക്കിയപ്പോള്‍ ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന അണ എന്ന ബഹുമതി മുല്ലപ്പെരിയാറിന് നല്‍കിക്കൊണ്ടാണ് ജയലളിത സര്‍ക്കാര്‍ തിരിച്ചടിച്ചത്. 2012 - 13 ലുള്ള പുരസ്‌കാരമാണ് മുല്ലപ്പെരിയാറിനു നല്‍കിയത്. ഇതിനുമുമ്പ് ഇത്തരമൊരു പുരസ്‌കാരത്തെക്കുറിച്ച് തമിഴകം കേട്ടിരുന്നില്ല.

അണയുടെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ , അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരടക്കം മൂന്നു പേര്‍ക്ക് പതിനായിരം രൂപ കാഷ് അവാര്‍ഡായി നല്‍കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഈ പുരസ്‌കാരം വിതരണം ചെയ്തതിനെക്കുറിച്ചുള്ള അറിയിപ്പുകള്‍ പിന്നീടുണ്ടായില്ല.

തമിഴ്‌നാട് ഉയര്‍ത്തിയത് സുരക്ഷിത അണയെന്ന വാദം

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ശക്തമായ പ്രചാരണമാണ് തമിഴ്‌നാട് നടത്തിയത്. പുതിയ അണക്കെട്ട് എന്ന നിലപാടുമായി കേരളം കേന്ദ്രസര്‍ക്കാറിനുമേല്‍ കനത്ത സമ്മര്‍ദം ചെലുത്തിക്കൊണ്ടിരിക്കെയാണ് അണ സുരക്ഷിതമാണെന്ന വാദം തമിഴ്‌നാട് ശക്തമാക്കിയത്.
കാലപ്പഴക്കം കൊണ്ട് അണക്കെട്ടുകള്‍ തകരില്ല എന്ന വാദമാണ് തമിഴ്‌നാട് മുഖ്യമായും മുന്നോട്ടുവെച്ചത്. തമിഴ്‌നാട്ടില്‍ കാവേരിക്കു കുറുകെ എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ കരികാല ചോളന്‍ കെട്ടിയ കല്ലണ ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആന്ധ്രയിലെ ഗോദാവരി തടത്തില്‍ 1845 ല്‍ സര്‍ ആര്‍തര്‍ കോട്ടണ്‍ നിര്‍മിച്ച അണയും തീര്‍ത്തും സുരക്ഷിതമായി നിലകൊള്ളുന്നുണ്ടെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുക തമിഴ് ജനതയായിരിക്കുമെന്ന വാദവും തമിഴ്‌നാട് മുന്നോട്ടുവെച്ചു. മുല്ലപ്പെരിയാറിനും ഇടുക്കിക്കുമിടയിലുള്ള ജനങ്ങളില്‍ 80 ശതമാനവും തമിഴരാണെന്ന വാദമാണ് തമിഴ്‌നാട് ഉയര്‍ത്തിയത്. അതുകൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ തകരുന്നതില്‍ തമിഴ്‌നാടിന് ആശങ്കയില്ലെന്ന വാദം നിരര്‍ഥകമാണെന്നും തമിഴ്‌നാട് വ്യക്തമാക്കി.

1930, 33, 60, 78 കൊല്ലങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ബലപ്പെടുത്താന്‍ തമിഴ്‌നാട് നടത്തിയ ശ്രമങ്ങളെത്തുടര്‍ന്ന് അണക്കെട്ട്് ശരിക്കും സുരക്ഷിതമായിട്ടുണ്ടെന്നും 2006ല്‍ ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടാന്‍ ഉത്തരവിട്ടതെന്നും തമിഴ്‌നാട് വാദിച്ചു. ഇടുക്കി അണക്കെട്ടില്‍ ആവശ്യത്തിന് വെള്ളമില്ലാതെ വന്നപ്പോഴാണ് കേരളം മുല്ലപ്പെരിയാറിന്റെ സംഭരണശേഷി കുറയ്ക്കുന്നതിനുവേണ്ടി ലോബീയിങ് തുടങ്ങിയതെന്നും ഈ ലക്ഷ്യത്തിനായി അനാവശ്യ ഭീതി പടര്‍ത്തുകയാണ് കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ചെയ്യുന്നതെന്നും തമിഴ്‌നാട് നിലപാടെടുത്തു.

രാഷ്ട്രീയ എതിരാളികളായ ഡി.എം.കെ.യ്ക്ക് മുല്ലപ്പെരിയാര്‍ ആയുധമാവരുതെന്ന ലക്ഷ്യത്തോടെയാണ് ജയലളിത കരുക്കള്‍ നീക്കിയത്. ഈ നീക്കത്തില്‍ അന്തിമവിജയം ജയലളിതയെ തേടിയെത്തുകയും ചെയ്തു.



Mullaperiyar Banner

 

ga