ഡാം സുരക്ഷാനിയമം സുപ്രീം കോടതി റദ്ദാക്കി

Posted on: 07 May 2014

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍ കേരളത്തിന് തിരിച്ചടിയേകി ഡാം സുരക്ഷാ നിയമം സുപ്രീം കോടതി അസാധുവാക്കി. ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ഡാമിലെ ജലനിരപ്പ്, സുരക്ഷ, അറ്റകുറ്റപ്പണി എന്നിവയില്‍ തീരുമാനമെടുക്കാന്‍ മൂന്നംഗ സമിതിയെയും സുപ്രീം കോടതി നിയോഗിച്ചു. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാനായിരിക്കും സമിതിയുടെ അധ്യക്ഷന്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഓരോ അംഗങ്ങളും സമിതിയിലുണ്ടായിരിക്കും. വര്‍ഷത്തില്‍ രണ്ട് തവണ സമിതി പരിശോധന നടത്തും. സമിതിയുടെ ചെലവ് തമിഴ് നാട് വഹിക്കണം. ഡാമില്‍ നിറയുന്ന വെള്ളത്തിന്റെ അളവ് , അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം. മഴക്കാലത്തും വേനല്‍ക്കാലത്തുമായിരിക്കും പരിശോധന നടത്തേണ്ടതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഡാമിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിട്ടുണ്ട്. ഡാമിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും കോടതി പറഞ്ഞു.

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളെ മറികടക്കാനാണ് ഡാം സുരക്ഷാ നിയമം കൊണ്ടുവന്നതെന്ന് തമിഴ്‌നാട് വാദിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്നും പറഞ്ഞു. ചീഫ് ജസ്റ്റീര്‍ ആര്‍.എം ലോധ്യ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടില്‍ ഭരണഘടനാ ബെഞ്ച് തീരുമാനമെടുത്തിട്ടില്ല എന്നതാണ് കേരളത്തിന് ആശ്വാസമേകുന്നത്. ഡാമുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ കാര്യങ്ങളും കോടതി പരിശോധിച്ചിട്ടില്ല.

മുല്ലപ്പെരിയാര്‍ കരാര്‍ ബ്രിട്ടീഷ് സര്‍ക്കാറും തിരുവിതാംകൂര്‍ മഹാരാജാവും തമ്മില്‍ 1886ല്‍ ഒപ്പിട്ടതാണ്. എന്നാല്‍, സ്വാതന്ത്ര്യത്തിനുശേഷം തിരുവിതാംകൂറും കൊച്ചി സംസ്ഥാനവും ലയിച്ച് തിരുകൊച്ചി വന്നു. ഇതോടെ, കരാറിന്റെ സാധുതയില്ലാതായെന്നും കേരളം കോടതിയില്‍ വാദിച്ചിരുന്നു.






.



Mullaperiyar Banner

 

ga