ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളം വീണ്ടും തോറ്റു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന വിധി മറികടക്കുന്നതിന് 2006-ല്‍ കേരള നിയമസഭ പാസാക്കിയ ജലസേചന-ജലസംരക്ഷണ ഭേദഗതി നിയമം സുപ്രീം കോടതി ബുധനാഴ്ച റദ്ദാക്കി. കേരളം പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ആര്‍. എം. ലോധ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. 2006-ലെ സുപ്രീം കോടതി വിധി പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതിനും സുരക്ഷയ്ക്കും മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ സമിതിയെ കോടതി ചുമതലപ്പെടുത്തി.
പെരിയാര്‍ അന്തഃസംസ്ഥാന നദിയല്ലെന്ന കേരളത്തിന്റെ വാദവും കോടതി അംഗീകരിച്ചില്ല. പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി തള്ളി.
ഭേദഗതി നിയമത്തിലൂടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തുന്നത് തങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കൈകടത്തലാണെന്നവാദം അംഗീകരിച്ച് കേരളത്തിന്റെനിയമം ചോദ്യം ചെയ്തുള്ള തമിഴ്‌നാടിന്റെ അന്യായം സുപ്രീം കോടതി അനുവദിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും തടയുന്നതില്‍ നിന്ന് കേരളത്തെ സ്ഥിരമായി വിലക്കി.
കേരളമുയര്‍ത്തിയ ആശങ്ക നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി മൂന്നംഗ സമിതി രൂപവത്കരിച്ചത്. കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാനാണ് സമിതിയുടെ അധ്യക്ഷന്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളും ഇതിലുള്‍പ്പെടും. മഴക്കാലത്തും അതിന് മുമ്പും അണക്കെട്ടിന്റെ സുരക്ഷ സമിതി പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സമിതി നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇരുസംസ്ഥാനങ്ങളും പാലിക്കണം. കേരളത്തിലായിരിക്കും സമിതിയുടെ ഓഫീസ്. ചെലവ് തമിഴ്‌നാട് വഹിക്കണം.
മുല്ലപ്പെരിയാര്‍ പരിസ്ഥിതി സംരക്ഷണ ഫോറം നല്‍കിയ കേസില്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ 2006 ഫിബ്രവരി 27-ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിയമം മറികടക്കുന്നതിന് ലക്ഷ്യമിട്ട് 15 ദിവസത്തിനുള്ളില്‍, മാര്‍ച്ച് 18-ന് കേരള നിയമസഭ 2003-ലെ ജലസേചന-ജലസംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി. ഡാം സുരക്ഷാനിയമമെന്നാണ് ഇതറിയപ്പെടുന്നത്. ഈ ഭേദഗതിയിലൂടെ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി.
ഇതിന് പുറമെ, മുല്ലപ്പെരിയാര്‍ അടക്കം കേരളത്തിലെ 22 അണക്കെട്ടുകളുടെ സുരക്ഷ ഡാം സുരക്ഷാ അതോറിറ്റിക്ക് നല്‍കി. നിയമഭേദഗതിയിലൂടെ കേരളത്തിലെ എല്ലാ ജലസ്രോതസ്സുകളും സര്‍ക്കാറിന് കീഴിലാക്കുകയും ചെയ്തു. ബലക്ഷയമുണ്ടെന്ന് കണ്ടെത്തുന്ന അണക്കെട്ടിന്റെ പ്രവര്‍ത്തനം നിര്‍ത്താനും അതോറിറ്റിയെ അധികാരപ്പെടുത്തി.
ഈ നിയമ ഭേദഗതി കോടതി വിധി ഇല്ലാതാക്കുന്നതിന് വേണ്ടിയാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള തമിഴ്‌നാടിന്റെ വാദം കോടതി അംഗീകരിച്ചു. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നും കൂടുതല്‍ ശക്തിപ്പെടുത്തിയ ശേഷം 152 അടിയായി ഉയര്‍ത്താമെന്നുമുള്ള 2006-ലെ വിധി ഈ തര്‍ക്കത്തിലെ അന്തിമ തീര്‍പ്പാണെന്ന് ഭരണഘടനാ ബെഞ്ച് ബുധനാഴ്ച വിധിച്ചു. തമിഴ്‌നാടിന് ലഭിച്ച ഈ അവകാശത്തെ നിയമനിര്‍മാണത്തിലൂടെ ഇല്ലാതാക്കാന്‍ പറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 1886-ലെ മുല്ലപ്പെരിയാര്‍ പാട്ടക്കരാറിനെയും അണക്കെട്ടിന്റെ സുരക്ഷിതത്വത്തെയും സംബന്ധിച്ച കേരളത്തിന്റെ തര്‍ക്കം 2006-ലെ വിധിയില്‍ തീര്‍പ്പാക്കിയതാണെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ എച്ച്. എല്‍. ദത്തു, സി.കെ. പ്രസാദ്, മദന്‍ ബി. ലോക്കൂര്‍, എം.വൈ. ഇഖ്ബാല്‍ എന്നിവരുമടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ കൊല്ലം ജൂലായ് 23 മുതല്‍ ആഗസ്ത് 21 വരെയാണ് അന്തിമ വാദം നടന്നത്.