കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കരാറില്‍ നിന്ന് ഒഴിവാകാന്‍ കേരളം നേരത്തെ നടപടിയെടുക്കേണ്ടതായിരുന്നെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന രൂപവത്കരണ ഘട്ടത്തില്‍ത്തന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം ശ്രദ്ധിക്കേണ്ടതായിരുന്നു എന്നാണ് കേരള ഡാം സേഫ്റ്റി അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ വിലയിരുത്തല്‍.
അണക്കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നത് ശരിയാണ്. അക്കാര്യം സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയെ ഇനിയുണ്ടാവുന്ന സംഭവവികാസങ്ങളുടെയും പുതിയ വസ്തുതകളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറിന് ബോധ്യപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാന്‍ സുപ്രീം കോടതി സമിതിയെ നിയോഗിച്ചിരിക്കയാണ്.
1886ല്‍ ബ്രിട്ടീഷ് സര്‍ക്കാറും തിരുവിതാംകൂര്‍ രാജവംശവും തമ്മിലുണ്ടാക്കിയതാണ് ആദ്യ കരാര്‍. ബ്രിട്ടീഷ് ഭരണം അവസാനിക്കുകയും നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപവത്കരിക്കുകയും ചെയ്തപ്പോഴെല്ലാം ആ കരാറില്‍ നിന്ന് പുറത്തുവരാന്‍ സംസ്ഥാനത്തിന് സാധിക്കുമായിരുന്നു. അല്ലെങ്കില്‍ കരാറില്‍ ഭേദഗതി വരുത്താമായിരുന്നു. എന്നാല്‍, ജലക്ഷാമം ഇല്ലാത്തതിനാലും മറ്റുമാവാം സംസ്ഥാന സര്‍ക്കാറുകള്‍ അതില്‍ ശ്രദ്ധിച്ചില്ല.
2006 ഫിബ്രവരിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി വന്ന ശേഷം മാത്രമാണ് സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ ഡാം സുരക്ഷ പരിശോധിക്കാനും പരമാവധി ജലനിരപ്പ് നിശ്ചയിക്കാനും തീരുമാനിച്ചത്. ഡാം സേഫ്റ്റി അതോറിട്ടിക്കും രൂപം നല്‍കി. അതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ജലനിരപ്പ് 136 അടിയായി നിശ്ചയിച്ചു. പ്രസ്തുത നിയമനിര്‍മാണത്തെ ചോദ്യം ചെയ്ത് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അന്നത്തെ നിയമനിര്‍മാണം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ വിലയിരുത്തല്‍.
എന്നാല്‍, അണക്കെട്ടിന്മേല്‍ തമിഴ്‌നാടിനാണ് അധികാരമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് തമിഴ്‌നാടാണെങ്കിലും അത് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേല്‍നോട്ടത്തിലാവും. അതിനാല്‍ കോടതി ഉത്തരവ് പൂര്‍ണമായി തമിഴ്‌നാടിന് അനുകൂലമാണെന്ന് കരുതാനാവില്ല. മുന്‍കാല ഭരണാധികാരികളുടെ വീഴ്ച ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവുവരെ കാരണമായിട്ടുണ്ടെന്ന് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ വിലയിരുത്തി.