ചെന്നൈ: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിനനുകൂലമായുള്ള സുപ്രീംകോടതി വിധി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വന്‍നേട്ടമായി. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ മുന്‍ ഡി.എം. കെ. സര്‍ക്കാര്‍ ബലി കഴിച്ചെന്നും ഈ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ജയലളിത നിരന്തരം വ്യക്തമാക്കിയിരുന്നു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മധുരൈയിലും തേനിയിലും രാമനാഥപുരത്തുമൊക്കെ പ്രസംഗിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം മുഖ്യ അജന്‍ഡയാക്കി ഉയര്‍ത്തിക്കാട്ടുന്നതിനും ജയലളിത മടിച്ചിരുന്നില്ല.
മുല്ലപ്പെരിയാര്‍ അണയിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്താമെന്നും പിന്നീട് ഘട്ടം ഘട്ടമായി 152 അടിയിലേക്ക് കൊണ്ടുവരാമെന്നും സുപ്രീംകോടതി 2006 ല്‍ വിധി പുറപ്പെടുവിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ ജയലളിതയുടെ സര്‍ക്കാറാണ് അധികാരത്തിലുണ്ടായിരുന്നത്. ഏതാനും മാസങ്ങള്‍ക്കുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 2006 മുതല്‍ 2011 വരെ അധികാരത്തിലിരുന്ന കരുണാനിധി സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ അലംഭാവം കാട്ടിയെന്ന ആരോപണം ജയലളിത നിരന്തരം ഉന്നയിച്ചിരുന്നു.
2006 ല്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് കേരളം അണക്കെട്ടുകളുടെ സുരക്ഷ സംബന്ധിച്ച പുതിയ നിയമം കൊണ്ടുവന്നത്. ഇതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ത്താനാവില്ലെന്ന അവസ്ഥ നിലവില്‍വന്നു. കേരളത്തിന്റെ ഈ നടപടി ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഈ പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാര്‍ അണയുടെ സുരക്ഷ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ജസ്റ്റിസ് എ.എസ് . ആനന്ദ് അധ്യക്ഷനായി കമ്മിറ്റിയെ നിയമിച്ചത്. കേരളത്തിനെ പ്രതിനിധാനംചെയ്ത് ജസ്റ്റിസ് കെ.ടി. തോമസും തമിഴ്‌നാടിന്റെ പ്രതിനിധിയായി ജസ്റ്റിസ് എ.ആര്‍. ലക്ഷമണനുമാണ് സമിതിയിലുണ്ടായിരുന്നത്.
2012 ഏപ്രിലിലാണ് സമിതി സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുല്ലപ്പെരിയാര്‍ അണ ഘടനാപരമായി സുരക്ഷിതമാണെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. കേന്ദ്ര ജലവിഭവ ശേഷി മുന്‍ സെക്രട്ടറി സി.ഡി. തട്ടേ, മുന്‍ ചീഫ് എന്‍ജിനീയര്‍ ഡി.കെ. മേത്ത എന്നിവരാണ് അണയുടെ സുരക്ഷ സംബന്ധിച്ച സാങ്കേതിക പഠനം സമിതിക്കായി നിര്‍വഹിച്ചത്. അണയ്ക്ക് ബലക്ഷയമില്ലെന്നായിരുന്നു ഇവരും ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവന്നപ്പോള്‍തന്നെ സുപ്രീംകോടതി വിധി തങ്ങള്‍ക്കനുകൂലമായിരിക്കുമെന്ന് തമിഴ്‌നാട് ഉറപ്പിച്ചിരുന്നു.
ഒരര്‍ഥത്തില്‍ 2006-ലെ വിധിയുടെ ആവര്‍ത്തനമാണ് ബുധനാഴ്ചയിലെ വിധിയെന്നു കാണാം. 2006-ലെ വിധി എല്ലാ അര്‍ഥത്തിലും ഊട്ടിയുറപ്പിക്കുന്ന ഉത്തരവാണ് ബുധനാഴ്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തമായ പഠനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും പിന്‍ബലത്തോടെയായിരുന്നു തമിഴ്‌നാടിന്റെ വാദം. അണ സുരക്ഷാ നിയമത്തിലൂടെ ജുഡീഷ്യറിയുടെ അധികാരത്തില്‍ കേരളം കൈകടത്തിയിരിക്കുകയാണെന്നും തമിഴ്‌നാട് വാദിച്ചു.
ഇനി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കുന്നതിന് തമിഴ്‌നാടിന് മുന്നില്‍ തടസ്സങ്ങളൊന്നുമില്ല. 2006 ല്‍ ഇതേ വിധി ഉടനടി നടപ്പാക്കിയില്ലെന്ന ആരോപണം ജയലളിത മുന്‍ ഡി.എം.കെ. സര്‍ക്കാറിനെതിരെ ഉന്നയിക്കുന്ന പശ്ചാത്തലത്തില്‍ ഈ നടപടി സ്വീകരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അമാന്തിച്ചേക്കില്ല. പക്ഷേ, ഇതിന് പ്രഥമവും പ്രധാനമായും വേണ്ടത് മുല്ലപ്പെരിയാറില്‍ ആവശ്യത്തിനു വെള്ളം വേണമെന്നുള്ളതാണ്. 2006 ല്‍ സുപ്രീംകോടതി വിധിയുണ്ടായിരുന്നെങ്കിലും 136 അടിയും കവിഞ്ഞ് വെള്ളമെത്തുന്ന അവസ്ഥ മുല്ലപ്പെരിയാറിലുണ്ടായിരുന്നില്ല. കാലവര്‍ഷം ശരിക്കും കനത്താല്‍ മാത്രമേ, മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ത്തുന്നതിനെക്കുറിച്ച് തമിഴ്‌നാടിന് ആലോചിക്കേണ്ടി വരൂ. അതായത് സുപ്രീംകോടതിയുടെ വിധി കൈയില്‍ കിട്ടിയാലും സംഗതി യാഥാര്‍ഥ്യമാവണമെങ്കില്‍ പ്രകൃതിതന്നെ വിചാരിക്കണം.
ജലനിരപ്പ് 136 അടിയില്‍നിന്ന് ഉയര്‍ത്തേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ അതിനു മുതിരുംമുമ്പ് കേരളവുമായി തമിഴ്‌നാട് ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. പൊതുവേ ജലവിഭവ അനുബന്ധ പ്രശ്‌നങ്ങളില്‍ ജയലളിത സര്‍ക്കാര്‍ അയല്‍ സംസ്ഥാനങ്ങളുമായി നല്ല ബന്ധത്തിലല്ല എന്ന ആരോപണം നേരത്തെയുണ്ട്. അതുകൊണ്ടുതന്നെ സുപ്രീംകോടതി വിധി അനുകൂലമായിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളവുമായി സൗഹാര്‍ദപരമായ ബന്ധം നിലനിര്‍ത്തുകയായിരിക്കും തമിഴ്‌നാടിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.