ന്യൂഡല്‍ഹി: പെരിയാറില്‍ പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ വാഗ്ദാനം തമിഴ്‌നാടിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.ഇക്കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളും യോജിക്കണം. തമിഴ്‌നാട് അംഗീകരിക്കാത്ത സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യം തള്ളുകയാണെന്നും കോടതി വ്യക്തമാക്കി.
മുന്‍ ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദ് അധ്യക്ഷനായ വിദഗ്ധസമിതിയാണ് പുതിയ അണക്കെട്ട് എന്ന ആശയം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. 'പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗം' എന്ന റിപ്പോര്‍ട്ടിലെ ഭാഗത്താണ് ഈ നിര്‍ദേശമുള്ളത്. സമിതി മുന്നോട്ടുവെച്ച പുതിയ അണക്കെട്ട് അല്ലെങ്കില്‍ പുതിയ ടണല്‍ എന്ന നിര്‍ദേശങ്ങളിന്മേല്‍ യോജിപ്പിലെത്തിയാല്‍ ഇരുസംസ്ഥാനങ്ങള്‍ക്കും കോടതിയില്‍ അപേക്ഷ നല്‍കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആയിരം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അണക്കെട്ട് നിര്‍മിക്കാന്‍ എട്ടു മുതല്‍ പത്തു കൊല്ലം വരെയെടുക്കുമെന്നും സമിതി ചൂണ്ടിക്കാട്ടിയിരുന്നു. അധിക വെള്ളം കൊണ്ടുപോകുന്നതിന് പുതിയ ടണല്‍ അടക്കമുള്ള വിദഗ്ധസമിതിയുടെ ബദല്‍ നിര്‍ദേശവും വിധിയില്‍ ഉദ്ധരിക്കുന്നുണ്ട്.
പുതിയ അണക്കെട്ട് എന്ന ആശയം തമിഴ്‌നാട് തള്ളിക്കളഞ്ഞതാണ്. ആദ്യം വിദഗ്ധസമിതിയും പിന്നീട് 2006-ല്‍ സുപ്രീംകോടതിയും മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുരക്ഷിതമാണെന്നും കണ്ടെത്തിയിരുന്നു. ഘടനാപരമായും മറ്റും അണക്കെട്ട് സുരക്ഷിതമാണെന്ന് വിദഗ്ധസമിതി കണ്ടെത്തിയിട്ടുണ്ട്. പുതിയ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ പഴയത് പൊളിക്കുകയോ പ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്യരുതെന്നും വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. പുതിയ ധാരണാപത്രം കേരളവും തമിഴ്‌നാടും ഒപ്പിട്ട ശേഷം മാത്രമേ നടപടികള്‍ തുടങ്ങാവൂവെന്നും വ്യക്തമാക്കിയിരുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിനുള്ള പരിഹാരമുണ്ടാകുന്നത് ഇരുസംസ്ഥാനത്തെയും ജനങ്ങള്‍ക്ക് നല്ലതാണ്. എന്നാല്‍, രണ്ട് സംസ്ഥാനങ്ങളും കടുത്ത നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തില്‍ അതിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുസംസ്ഥാനങ്ങളും തമ്മില്‍ യോജിപ്പിലെത്തിയാല്‍ മാത്രമേ ബദല്‍ നിര്‍ദേശവും നടപ്പാക്കാന്‍ കഴിയൂവെന്ന് കോടതി പറഞ്ഞു. എന്നാല്‍, അതിനുള്ള സാഹചര്യമില്ല. ബദല്‍ മാര്‍ഗം ഇരുസംസ്ഥാനങ്ങള്‍ക്കും പരിഗണിക്കാവുന്നതായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ഇരുവരുടെയും നിലപാട് അതും നടപ്പില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.