
ആലപ്പുഴ: പി.ബി. അന്ത്യശാസനം നല്‍കിയിട്ടും വി.എസ്.അച്യുതാനന്ദന്‍ സി.പി.എം. സംസ്ഥാന സമ്മേളനവേദിയിലേക്ക് മടങ്ങിവന്നില്ല.
തിങ്കളാഴ്ച വി.എസ്സിനെ ഉള്‍പ്പെടുത്താതെ പുതിയ സംസ്ഥാനസമിതിയെ തിരഞ്ഞെടുത്തു. പി.ബി.അംഗം കോടിയേരി ബാലകൃഷ്ണനാണ് പുതിയ സെക്രട്ടറി. സ്ഥിതിഗതികള്‍ ശാന്തമാകുമെന്ന പ്രതീക്ഷയില്‍ വി.എസ്സിനെ ലക്ഷ്യമിട്ട് സംസ്ഥാനസമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്.
നാലുദിവസം നീണ്ട സമ്മേളനത്തിന് സമാപനംകുറിച്ച് തിങ്കളാഴ്ച വൈകിട്ട് പാര്‍ട്ടിയുടെ കരുത്തുകാട്ടുന്ന വന്‍പ്രകടനവും ചുവപ്പുസേനാമാര്‍ച്ചും ആലപ്പുഴയില്‍ നടന്നു. ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നടന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ പ്രസംഗിച്ച നേതാക്കളില്‍ ചിലര്‍ പേരെടുത്തു പറയാതെ വി.എസ്സിന്റെ നിലപാടിനെ മൃദുവായും ശക്തമായും വിമര്‍ശിച്ചു. പിണറായിയുടെ പ്രസംഗമാകട്ടെ എണ്ണിപ്പറയുന്ന മറുപടി കണക്കെയായി.
വി.എസ്. എന്തു നിലപാട് സ്വീകരിക്കുമെന്നായിരുന്നു തിങ്കളാഴ്ച എല്ലാവരും ഉറ്റുനോക്കിയിരുന്നത്. സമ്മേളനഹാളിലും പ്രതിനിധികള്‍ തിരക്കിക്കൊണ്ടിരുന്നത് അതുതന്നെയായിരുന്നു. വി.എസ്. പത്രസമ്മേളനം നടത്തിയില്ലെന്ന വാര്‍ത്ത ആശ്വാസത്തോടെയാണ് അവര്‍ കേട്ടത്. കടുത്ത നിലപാടുകള്‍ സ്വീകരിക്കരുതെന്ന് പി.ബി. അംഗം സീതാറാം യെച്ചൂരി വി.എസ്സിനോട് ഫോണിലൂടെ അഭ്യര്‍ഥിച്ചിരുന്നു. വി.എസ്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ മാര്‍ച്ച് പത്തിന് ചേരുന്ന പി.ബി.യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്നും യെച്ചൂരി ഉറപ്പുനല്‍കിയിട്ടുണ്ട്
സംസ്ഥാനസമിതി എണ്‍പത്തിനാലില്‍നിന്ന് എണ്‍പത്തിയെട്ടിലേക്ക് ഉയര്‍ത്തിയപ്പോള്‍, എണ്‍പത് കഴിഞ്ഞ നേതാക്കളെ ഒഴിവാക്കി. എന്നാല്‍, ഔദ്യോഗികപക്ഷത്തെ പ്രമുഖനേതാവായിരുന്ന എം.എം.ലോറന്‍സ്, മുന്‍മന്ത്രി പാലോളി മുഹമ്മദുകുട്ടി, സി.ഐ.ടി.യു. നേതാവ് കെ.എന്‍. രവീന്ദ്രനാഥ് എന്നിവരെ പ്രായം പരിഗണിക്കാതെ പ്രത്യേക ക്ഷണിതാക്കളായി സമിതിയില്‍ ഉള്‍പ്പെടുത്തി. ആദ്യമായാണ് സി.പി.എം. സംസ്ഥാനസമിതിയില്‍ പ്രത്യേക ക്ഷണിതാക്കളെ ഉള്‍പ്പെടുത്തുന്നത്.
പഴയ സമിതിയില്‍നിന്ന് ഒമ്പതുപേരെ ഒഴിവാക്കി. പി.ബി.അംഗമായ എം.എ. ബേബിയെ, ഡല്‍ഹിയില്‍ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടതിനാല്‍ സമിതിയില്‍നിന്ന് മാറ്റി. ആദ്യമായി ജില്ലാ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരടക്കം പതിനഞ്ചുപേരെ പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പതിനൊന്നു വനിതകള്‍ക്ക് സമിതിയില്‍ പ്രാതിനിധ്യം നല്‍കി. നടപടിക്ക് വിധേയമായി സംസ്ഥാനസമിതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന വി.എസ്സിന്റെ വിശ്വസ്തനായിരുന്ന എന്‍.എന്‍.കൃഷ്ണദാസിനെ സമിതിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. കൃഷ്ണദാസിനെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ്. കത്തിലൂടെ പി.ബി.യോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, വി.എസ്. പറയുന്ന നേതാക്കളൊന്നും അദ്ദേഹത്തിന്റെ കക്ഷത്തിലിരിക്കുന്നവരല്ലെന്ന് പിണറായി വിജയന്‍ ഇതിന് മറുപടിനല്‍കുകയും ചെയ്തിരുന്നു. സമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കൃഷ്ണദാസ് വി.എസ്സിന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളെ നിശിതമായി തള്ളിപ്പറയുകയുമുണ്ടായി
കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സി.ടി.കൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തെങ്കിലും സംസ്ഥാനസമിതിയില്‍നിന്ന് ഒഴിവാക്കി. വി.എസ്. പക്ഷക്കാരായി അറിയപ്പെട്ടിരുന്ന ആരെയും സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. വിശാഖപട്ടണത്ത് ഏപ്രിലില്‍ നടക്കുന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിനായി 175 പ്രതിനിധികളെ സമ്മേളനം തിരഞ്ഞെടുത്തു.
സമ്മേളനത്തില്‍ എം. വിജയകുമാര്‍ ക്രഡന്‍ഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാന സമിതി അംഗങ്ങളുടെ പാനല്‍ അവതരിപ്പിച്ചു. സമ്മേളനം ഏകകണ്ഠമായി അത് അംഗീകരിച്ചു. പുതിയ സംസ്ഥാന സമിതിയോഗം ചേര്‍ന്ന് രണ്ടുമിനിറ്റിനുള്ളില്‍ കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന കോടിയേരി ബാലകൃഷ്ണന്‍ പ്രക്ഷോഭസമരങ്ങളിലൂടെ കണ്ണൂരില്‍നിന്നാണ് പടിപടിയായി പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നത്. പി.ബി.അംഗമായ അദ്ദേഹം പാര്‍ട്ടിയുടെ കരുത്തിന്റേയും സൗമ്യതയുടേയും മുഖമാണ്.