കൃഷ്ണദാസ് ഏഴുവര്‍ഷത്തിനുശേഷം വീണ്ടും മുഖ്യധാരയിലേക്ക്; ജില്ലയുടെ പ്രതീക്ഷ സഫലമായില്ല
വി. ഹരിഗോവിന്ദന്‍
Posted on: 24 Feb 2015
പാലക്കാട്: പാര്‍ട്ടിവിഭാഗീയതയുടെ ബലിയാടായി തരംതാഴ്ത്തപ്പെട്ട മുന്‍ എം.പി. എന്‍.എന്‍. കൃഷ്ണദാസ് ഏഴുവര്‍ഷത്തിനുശേഷം വീണ്ടും പാര്‍ട്ടിയുടെ മുഖ്യധാരയിലേക്ക്. ആലപ്പുഴയില്‍ നടന്ന സംസ്ഥാനസമ്മേളനത്തില്‍ കൃഷ്ണദാസ് വീണ്ടും സംസ്ഥാനകമ്മിറ്റി അംഗമായതും സംസ്ഥാനകമ്മിറ്റിയില്‍ ക്ഷണിതാവായിരുന്ന എം.ബി. രാജേഷ് എം.പി. അംഗമായതും ഒഴിവാക്കിയാല്‍ പാര്‍ട്ടിയുടെ ശേഷിക്കുന്ന തുരുത്തുകളിലൊന്നായ പാലക്കാടിന് സംസ്ഥാനനേതൃത്വത്തില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലാത്ത സ്ഥിതി തുടരുന്നു.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ ടി. ശിവദാസമേനോനും സി.ടി. കൃഷ്ണനും പ്രായാധിക്യം കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഇത്തവണ ഒഴിവാക്കപ്പെടുകയായിരുന്നു. പാര്‍ലമെന്ററി രംഗത്തും പ്രാഗല്ഭ്യം തെളിയിച്ചവരായിരുന്നു ഇരുവരും.
നിലവിലുള്ള സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം എ.കെ. ബാലന്‍ എം.എല്‍.എ., ജില്ലാസെക്രട്ടറി സി.കെ. രാജേന്ദ്രന്‍, മുന്‍ ജില്ലാസെക്രട്ടറി പി. ഉണ്ണി, ടി. ശിവദാസമേനോന്‍, എം. ചന്ദ്രന്‍ എം.എല്‍.എ., സി.ടി. കൃഷ്ണന്‍ എന്നിവരായിരുന്നു കഴിഞ്ഞ സംസ്ഥാനകമ്മിറ്റിയില്‍ പാലക്കാടിനെ പ്രതിനിധാനംചെയ്തത്. ഇവരില്‍ സീനിയറായ രണ്ടുപേര്‍ ഒഴിവായി. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന എം. ചന്ദ്രന്‍ പിന്നീട് വിഭാഗീയതയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെടുകയായിരുന്നു. ഇത്തവണ, കൃഷ്ണദാസും രാജേഷും വന്നെങ്കിലും ആത്യന്തികമായി ജില്ലയ്ക്ക് നേട്ടമൊന്നുമില്ല.
15 ഏരിയാകമ്മിറ്റികള്‍ക്ക് കീഴിലായി 2,559 ബ്രാഞ്ച് കമ്മിറ്റികളും 32,153 അംഗങ്ങളുമാണ് ജില്ലയില്‍ സി.പി.എമ്മിനുള്ളത്. 2012ലെ സമ്മേളനത്തെ അപേക്ഷിച്ച് ഇത്തവണ രണ്ടായിരത്തോളം അംഗങ്ങള്‍ വര്‍ധിച്ചു. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മറ്റിടങ്ങള്‍ കൈവിട്ടപ്പോഴും ജില്ലയിലെ രണ്ട് സീറ്റും സി.പി.എമ്മിനായിരുന്നു. ജില്ലയിലെ 12 നിയമസഭാമണ്ഡലങ്ങളില്‍ പ്രതിപക്ഷനേതാവ് പ്രതിനിധാനം ചെയ്യുന്ന മലമ്പുഴയുള്‍പ്പെടെ ഏഴിടത്തും സി.പി.എം. സ്ഥാനാര്‍ഥികളാണ് വിജയിച്ചത്.
സംഘടനാശേഷിയില്‍ കുറവില്ലെങ്കിലും സംസ്ഥാനനേതൃത്വത്തില്‍ രണ്ടോ മൂന്നോ പേരുടെയെങ്കിലും പ്രാതിനിധ്യംകൂടി ജില്ലയിലെ പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നു.
കൃഷ്ണദാസിന്റെ തിരിച്ചുവരവാകട്ടെ ഏറെക്കുറെ പ്രതീക്ഷിതമായിരുന്നു. വി.എസ്സിന്റെ വിശ്വസ്തനെന്ന നിലയില്‍നിന്ന് സംസ്ഥാനനേതൃത്വത്തിന് താത്പര്യമുള്ള നേതാക്കളിലൊരാളായി കൃഷ്ണദാസ് പരിണമിച്ചിട്ട് വര്‍ഷങ്ങളായി. കൃഷ്ണദാസിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് ഏരിയാകമ്മിറ്റിയെ കാര്യമായ അപസ്വരങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോവാനായതും നേട്ടമായി.
സംസ്ഥാനകമ്മിറ്റി അംഗമായിരിക്കെ, 2008 നവംബറിലാണ് കൃഷ്ണദാസിനെ പാലക്കാട് ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുന്നത്. മലപ്പുറം സമ്മേളനശേഷം നടന്ന വിഭാഗീയനടപടികളുടെയും ഫോണ്‍ചോര്‍ത്തല്‍ വിവാദങ്ങളുടെയും തുടര്‍ച്ചയായി അദ്ദേഹം ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെടുകയായിരുന്നു. പിന്നീട് വിവാദങ്ങള്‍ക്കിട നല്‍കാതെ പ്രവര്‍ത്തനം തുടര്‍ന്നെങ്കിലും കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിനിടയിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ജില്ലയിലെ ഒരുവിഭാഗം കൃഷ്ണദാസിനെതിരെ തിരിഞ്ഞു. എന്നാല്‍, സംസ്ഥാനനേതൃത്വം അതത്ര കാര്യമായെടുത്തില്ലെന്നുവേണം അനുമാനിക്കാന്‍.
1994ലെ കൊല്ലം സമ്മേളനത്തിലാണ് കൃഷ്ണദാസ് ആദ്യമായി സംസ്ഥാനകമ്മിറ്റിയിലെത്തുന്നത്. നിലവില്‍, സംസ്ഥാനസെക്രട്ടേറിയറ്റ് അംഗമായിരുന്ന എ.കെ. ബാലന്‍ ഇതിനുശേഷമാണ് സംസ്ഥാനകമ്മിറ്റിയിലെത്തുന്നത്. ഏരിയാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടതിനുശേഷം 2011ലെ സംസ്ഥാനകമ്മിറ്റി തീരുമാനപ്രകാരമാണ് കൃഷ്ണദാസ് വീണ്ടും ജില്ലാകമ്മിറ്റിയിലെത്തിയത്. സംസ്ഥാന, ദേശീയ തലങ്ങളില്‍ തിളങ്ങിനിന്ന സമയത്താണ് പൊടുന്നനെ ഏരിയാകമ്മിറ്റിയിലെത്തുന്നത്. പാലക്കാട് നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൃഷ്ണദാസിന്റെ മുഖ്യധാരയിലേക്കുള്ള മടങ്ങിവരവ് പാര്‍ട്ടിക്ക് മൊത്തത്തില്‍ ഗുണകരമാവുമെങ്കിലും ജില്ലയിലെ സംഘടനാസമവാക്യങ്ങളില്‍ ദീര്‍ഘകാലയളവില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.