ബഹുജനപിന്തുണ ഉറപ്പാക്കി ഇടതുമുന്നണി വിപുലീകരിക്കും-കോടിയേരി

Posted on: 24 Feb 2015


ആലപ്പുഴ:
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള സമരം ശക്തമാക്കുമെന്ന് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബഹുജനപിന്തുണ ഉറപ്പാക്കി ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുക്കും. ഇതിലൂടെ യു.ഡി.എഫ്. ശിഥിലീകരിക്കുകയും ഇടതുമുന്നണിയുടെ അടിത്തറ വിപുലീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ബാര്‍കോഴ വിഷയത്തില്‍ സമരം ശക്തമാക്കും. ഇതില്‍ ആരോപണവിധേയനായ മന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കരുത്. അത് ജനങ്ങളോട് വെല്ലുവിളിയാകും. ഇതിന് തയ്യാറായാല്‍ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തമാക്കും. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനുള്ള വേദിയായി നിയമസഭാസമ്മേളനം മാറ്റും. സമരങ്ങള്‍ക്കുള്ള പ്രവര്‍ത്തനപരിപാടികള്‍ക്ക് സംസ്ഥാന കമ്മിറ്റി രൂപം നല്‍കുമെന്നും കോടിയേരി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാകുമ്പോള്‍ കേരളത്തില്‍ രാഷ്ട്രീയധ്രുവീകരണമുണ്ടാകും. യു.ഡി.എഫിന് അധികാരത്തില്‍ തുടരാനാകാത്ത സ്ഥിതിയുണ്ടാകും. ഒപ്പം, എതിര്‍ചേരിയിലുള്ളവരെ ഇടതുമുന്നണിയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനവും നടത്തും. എല്‍.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കാനുള്ള നടപടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി, വര്‍ഗീയത, പരമ്പരാഗത വ്യവസായങ്ങളുടെയും കാര്‍ഷികമേഖലയുടെയും തകര്‍ച്ച എന്നിവയില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. പട്ടികവിഭാഗക്കാരുടെയും ഭൂരഹിതരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുക്കും. പാര്‍ട്ടിയുടെ അടിസ്ഥാനഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളാക്കുമെന്നും അംഗങ്ങളെയെല്ലാം ജനകീയ ഇടപെടലുകള്‍ നടത്തുന്നവരാക്കുമെന്നും കീഴ്ഘടകങ്ങള്‍ പ്രാദേശികപ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന വിധം പാര്‍ട്ടി പരിപാടിക്ക് രൂപം നല്‍കുമെന്നും കോടിയേരി പറഞ്ഞു.
കൃഷ്ണപിള്ള നേതൃത്വം നല്‍കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സി.എച്ച്. കണാരന്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള നേതാക്കള്‍ നയിച്ച സി.പി.എമ്മിന്റെയും സെക്രട്ടറിയായി തിരഞ്ഞെടുത്തപ്പോള്‍ പാര്‍ട്ടി ഏല്പിച്ചത് വലിയ ഉത്തരവാദിത്വമാണ്. പാര്‍ട്ടിയുടെയും ജനങ്ങളുടെയും വിശ്വാസം കാത്തുസൂക്ഷിക്കും. ഇതിനായി പ്രവര്‍ത്തിക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് മുന്‍ഗണനയെന്നും കോടിയേരി പറഞ്ഞു.



Photogallery

 

ga