പാര്‍ട്ടിക്ക് കീഴടങ്ങണമെന്ന് ഓര്‍ക്കേണ്ടവര്‍ ഓര്‍ത്താല്‍ നന്ന് -പിണറായി

Posted on: 24 Feb 2015

ആലപ്പുഴ: വി.എസ്. അച്യുതാനന്ദനെ പേരെടുത്ത് പറയാതെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍. വിരട്ടലും വിലപേശലും ഈ പാര്‍ട്ടിയില്‍ വേണ്ട. അതിന് വഴങ്ങിക്കൊടുക്കാന്‍ പാര്‍ട്ടിയില്ല. എത്രയോ അനുഭവങ്ങള്‍ നമ്മള്‍ ഓര്‍ക്കേണ്ടതാണ്. അല്ലെങ്കില്‍ ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കണം. ഓര്‍ത്താല്‍ നല്ലത്- പിണറായി പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സമ്മേളന സമയത്ത് വി.എസ്. ഉണ്ടാക്കിയ വെല്ലുവിളികളും വിലപേശലും പ്രതിഷേധവും എല്ലാം പ്രതിനിധികള്‍ കൂട്ടായി തള്ളിയെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു പിണറായി സംസാരിച്ചത്. പാര്‍ട്ടിയില്‍ നിലനിന്നിരുന്ന അനാരോഗ്യപ്രവണതകള്‍ ആലപ്പുഴയില്‍ തുടച്ചുനീക്കാനായി എന്ന അവകാശപ്പെടലോടെയാണ് പിണറായി തുടങ്ങിയത്.

രക്തസാക്ഷികളേക്കാളും വലുതായി ആരും ഒന്നും ചെയ്തിട്ടില്ല. ലോക്കപ്പ് മര്‍ദ്ദനത്തിനിടെ മരണം മുമ്പില്‍ കണ്ടപ്പോള്‍ കൈവെള്ളയില്‍ രക്തംപുരട്ടി ചുമരില്‍ പതിപ്പിച്ച മണ്ടോടി കണ്ണനെപ്പോലുള്ളവരായിരുന്നു ഈ പാര്‍ട്ടിയുടെ കരുത്ത്. തല്ലുകൊണ്ടതും കുത്തുകൊണ്ടതും ജീവന്‍ ത്യജിച്ചവര്‍ക്ക് മുമ്പില്‍ എത്രയോ ചെറുതാണ്. അത് മനസ്സിലാക്കണം. ആരെയും പേടിയില്ലെങ്കില്‍ പുരയിലെ തൂണിനെയെങ്കിലും പേടിക്കണമെന്ന് നാട്ടില്‍ ഒരു ചൊല്ലുണ്ട്. പാര്‍ട്ടിക്ക് കീഴടങ്ങണം. അതില്‍ ദുരഭിമാനം വേണ്ട. ഭയക്കേണ്ടത് പാര്‍ട്ടി ശത്രുക്കള്‍ക്ക് കീഴടങ്ങുമ്പോഴാണെന്നും പിണറായി പറഞ്ഞു.

ഒട്ടേറെ എതിര്‍പ്പുകള്‍ പാര്‍ട്ടിക്ക് നേരിടേണ്ടിവന്നു. നേതാക്കള്‍ക്കു നേരെ ഹീനമായ ആരോപണങ്ങളുണ്ടായി. ജനറല്‍ സെക്രട്ടറിയുടെ കോലം കത്തിക്കുന്ന സ്ഥിതിയുണ്ടായി. ജനറല്‍ സെക്രട്ടറിയുടെ കോലം കത്തിച്ചവര്‍ നമ്മുടെ കോലം കത്തിച്ചത് പറയാനില്ലല്ലോ. ഇതിനെയൊക്കെ പാര്‍ട്ടി മാനദണ്ഡങ്ങള്‍വെച്ച് തിരുത്തുകയാണ് കേരളനേതൃത്വം ചെയ്തത്. ഇതിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയും സഹായവും ലഭിച്ചു. -പിണറായി പറഞ്ഞു.
ഒരു ഘട്ടത്തില്‍ പാര്‍ട്ടിയുടെ അടിസ്ഥാന നിലപാടുകള്‍ ചോദ്യംചെയ്യുന്ന സ്ഥിതിയുണ്ടായി. ആശയഭിന്നതയോ പ്രത്യയശാസ്ത്ര തര്‍ക്കമോ അല്ല സി.പി.എമ്മിലുണ്ടായിരുന്നത്. വലതുപക്ഷ വ്യതിയാനം, നാലാം ലോകം, പരിഷ്‌കരണവാദം എന്നിങ്ങനെ പലതരം ആരോപണങ്ങളുണ്ടായി. കിളിരൂര്‍, കവിയൂര്‍ കേസിലുണ്ടായ വി.ഐ.പി. വിവാദം ഓര്‍മ്മയില്ലേ. നിര്‍ഭാഗ്യകരമായ ആരോപണങ്ങളാണ് ഉണ്ടായത്- അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിനെതിരെ എന്തെങ്കിലും കിട്ടിയാല്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് നല്ല സന്തോഷമാണ്. പാര്‍ട്ടിക്ക് അകത്തുള്ള ആരെയെങ്കിലും അതിന് കിട്ടിയാല്‍ ബഹുസന്തോഷം. അത്യന്തം ഹീനമായ ആക്രമണമാണ് പാര്‍ട്ടിക്ക് നേരിടേണ്ടിവന്നത്. സഖാക്കള്‍ക്കും ബഹുജനങ്ങള്‍ക്കും കാര്യങ്ങള്‍ മനസ്സിലായി. എന്നാലും ചില ക്രിമിനലുകളുണ്ട്. നേതാക്കളുടെ കോലം കത്തിക്കാന്‍ ഇറങ്ങിയത് ഇവരാണ്. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതിയായത് കോലം കത്തിച്ച ക്രിമിനലാണ്. സ്മാരകം തകര്‍ത്തതോടെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായി. അവര്‍ ഏകശിലപോലെ പാര്‍ട്ടി ഐക്യത്തിനുവേണ്ടി ഒന്നിച്ചു. അതുകൊണ്ടാണ് ഈ സമ്മേളനത്തോടെ അനാരോഗ്യപ്രവണതകളില്‍നിന്ന് മുക്തി നേടാനായതെന്നും പിണറായി പറഞ്ഞു.

ആരും ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. താനും ഒന്നും പറഞ്ഞിട്ടില്ലെന്ന് ചിരിച്ചുകൊണ്ടു പറഞ്ഞാണ് വി.എസ്സിനെതിരെ േപരെടുത്തുപറയാതെയുള്ള പ്രസംഗം പിണറായി അവസാനിപ്പിച്ചത്.



Photogallery

 

ga